സിജെപി സമരം: 'ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കരുത്'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Oct 9, 2026 - 19:56
 0  16
സിജെപി സമരം: 'ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കരുത്';  കേന്ദ്രത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : നാളെ കോക്ക്റോച്ച് ജനതാ പാർട്ടി  (CJP)) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ഗതാഗതം പൂർണ്ണമായി തടയുവാനും ട്രെയിൻ സേവനങ്ങൾ നിർത്തിവെക്കുവാനും ഡൽഹി മെട്രോ  സ്റ്റേഷനുകൾ അടച്ചിടുവാനും നടപടികൾ സ്വീകരിച്ച കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും സുപ്രീം കോടതിയുടെ വിമർശനം. ‘ഒരു ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കുക’ എന്ന തത്വം പിന്തുടരരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയോ ട്രെയിൻ ഗതാഗതം തടയുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബർ 10 ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മൂന്ന് നിരോധന ഉത്തരവുകൾക്കെതിരെ മുതിർന്ന അഭിഭാഷകർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടൽ, ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ സസ്പെൻഡ് ചെയ്യൽ, ജന്തർ മന്തർ പ്രദേശത്ത് ആളുകൾ തടിച്ചുകൂടുന്നത് വിലക്കൽ എന്നിവയായിരുന്നു മൂന്ന് ഉത്തരവുകൾ.