അഞ്ചാം ഭാഗം
മുന്നിലും പുറകിലുമായി വണ്ടികൾ രണ്ടും യാത്ര തുടർന്നു.
ഇനി ഒരു ഇരുപത്തഞ്ചു കിലോമീറ്ററോളം കുന്നു കയറണം പാഡിഗിരിയിലെ അവരുടെ റിസോർട്ടിലെത്താൻ .വളഞ്ഞു പുളഞ്ഞുള്ള വഴികൾ. വഴിക്കിരുപുറവും ഇടതൂർന്ന വൃക്ഷങ്ങൾ അവയിൽ പഴയപടി കുരങ്ങന്മാരും മലയണ്ണാന്മാരും കിളികളും ചാഞ്ചാടി പറന്നു ചിലച്ചു നടക്കുന്നു .ഇടയ്ക്കൊന്നും ഒരു വീടുപോലും കാണാനായില്ല. കുറെ അകലെയെത്തിയപ്പോൾ ഒരു വ്യൂ പോയിൻ്റ് കണ്ടു. ഇറങ്ങി നിന്ന് ഫോട്ടോ എടുക്കാനും ബൈനോക്കുലറിലൊ അല്ലാതെയൊ ദൂരക്കാഴ്ചക്കുമായി വൃത്തിയുള്ള ഒരു മുനമ്പു പോലെ വഴിയിൽ നിന്നുള്ളിലേക്കു സജ്ജമാക്കിയ അല്പം സ്ഥലവും വിശ്രമിക്കാൻ ചാരുബഞ്ചിട്ട ഒരു ഷെഡ്ഡും. അവിടെ ഇറങ്ങി കാലൊക്കെ ഒന്നു നിവർത്തി . ചിലരൊക്കെ കാഴ്ചകൾ പിന്നിൽ വരത്തക്കവിധം പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ അടുത്ത വണ്ടിയിലെ കുട്ടികളും അതു ചെയ്തിരുന്നു.
'അയ്യപ്പൻ തിട്ട് ' എന്നായിരുന്നു ആ വ്യൂ പോയിൻ്റിൻ്റെ പേര്. അതിനടുത്ത് അയ്യപ്പൻ്റെ ഒരമ്പലം ഉണ്ടത്രെ. അതാണ് ആ പേരു വരാൻ കാരണം.സമയം അധികം കളയാനില്ലാത്തതിനാൽ ഞങ്ങൾ വേഗം വണ്ടിയിൽ കയറി വീണ്ടും യാത്ര തുടർന്നു.
ഇടയ്ക്ക് ഒരു റമ്പർ തോട്ടവും കുറെ ചെറു വീടുകളും ഒന്നുരണ്ടു കടകളും കാണാറായി. റമ്പർ തോട്ടത്തിൽ പണിയെടുക്കുന്ന ആൾക്കാരുടേതാവും വീടുകൾ, കടകൾ അവരെ ഉദ്ദേശിച്ചുള്ളതും. ചിലരൊക്കെ ചായക്കടയ്ക്കുള്ളി ലിരുന്നു ചായ കുടിക്കുന്നു ചിലർ പുറത്ത് ബഞ്ചിലിരുന്ന് സൊറ പറയുന്നു. എവിടെ ചായക്കട ഉണ്ടൊ അവിടൊക്കെ സംസാരിച്ചിരിക്കാൻ ആൾക്കാരുണ്ടാവുമല്ലൊ. വീണ്ടും വണ്ടികൾ മുന്നോട്ടു പോയി. വഴി രണ്ടായി തിരിഞ്ഞു ' കൈ കാട്ടി ' എന്നായിരുന്നു ആ ജംഗ്ഷൻ്റെ പേര്. വലതുവശത്തു കിടക്കുന്ന വഴിയിലൂടെയായിരുന്നു ഞങ്ങൾക്കു പോകേണ്ടിയിരുന്നത്
വണ്ടികൾ ആ വഴി മുന്നോട്ടു പോയി.
നാലു മണിയോടെ ഞങ്ങൾ പാഡിഗിരിയിലെ റിസോർട്ടിൽ എത്തി. റിസോർട്ട് പെയിൻ്റിംഗ് നടത്തുന്ന സമയമായിരുന്നു അത് ഞങ്ങളുടെ തീരുമാനം പെട്ടെന്നായിരുന്നല്ലൊ എങ്കിലും പെയിൻ്റിംഗിൻ്റെ അവസാനഘട്ടം എത്തിയിരുന്നു. അതാകട്ടെ റിസോർട്ടിൻ്റെ പൂമുഖഭാഗവും. അതിനാൽത്തന്നെ ഞങ്ങളുടെ വണ്ടി പുറകിലെ ചെറിയ ഒരു പുൽത്തകിടിയിലും തിരിച്ചു പോകേണ്ട വണ്ടി വഴിയരികിലും നിർത്തി ഞങ്ങളെ റിസോർട്ടിൻ്റെ പുറകിൽ വേലി കെട്ടിത്തിരിച്ച ഒരു മുറ്റത്തു കൂടി പുറകുവശത്തെ വാതിലിൽ കൂടിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ആ ഭാഗം ഒരു ഡോർമെറ്ററി സെറ്റപ്പായിരുന്നു. താഴെയും മുകളിലുമായി ഈ രണ്ടു തട്ടുകളിൽ ബെഡ്ഡുകളുള്ള നാലഞ്ചു സെറ്റുകൾ. ഒരു സൈഡിലായി അവിടെ തങ്ങുന്നവർക്കുപയോഗിക്കൻ ടോയ്ലറ്റ്സും സാധനങ്ങൾ സൂക്ഷിക്കാനുള്ള കമ്പേർഡ്സും. അതു കടന്നകത്തേക്കു ചെല്ലുമ്പോൾ രണ്ടു മൂന്നു സിംഗിൾ,കപ്പിൾസ്, ഫാമിലി റൂംസ്. അറ്റത്തായി നാലു ബെഡുകൾ നിരത്തിയിട്ടിരിക്കുന്ന ഒരു കോമൺ റൂം അല്ലെങ്കിൽ ഹാൾ. എല്ലാ റൂമിലും ബഡ്ഡുകൾ ഭംഗിയായ വിരികളും അതിനു ചേരുന്ന തലയിണക്കവറുകളും കൊണ്ട് വിരിച്ചൊരുക്കിയിട്ടിരുന്നു ഓരോ റൂമിനും അനുബന്ധമായി ടോയ്ലറ്റുകളും ഡ്രസ്സിംഗ് റൂംസും, കുളിക്കാൻ ചൂടുവെള്ളം കിട്ടുന്ന സംവിധാനങ്ങളും.എല്ലാം കൊണ്ടും നല്ല ഭംഗിയും വെടിപ്പും ഉള്ള മുറികൾ. മുറികളെല്ലാം കയറിയിറങ്ങി കണ്ട കൂടെ തന്നെ യാത്രയിൽ അത്യാവശ്യം നടത്തേണ്ട കാര്യങ്ങളും നടത്തി പുറത്തു വന്നപ്പോൾ കെറ്റിലിൽ ചായയും ഒഴിച്ചു കുടിക്കാൻ ഡിസ്പോസിബിൾ ഗ്ലാസ്സുകളും കഴിക്കാൻ ഏത്തക്കഅപ്പവുമായി വഴിക്കു തൊട്ടു താഴെയുള്ള ചായക്കടയിൽ നിന്ന് കടയുടമസ്ഥനും റിസോർട്ടു നോക്കാൻ നെന്മാറക്കാരൻ ചാക്കോ സാർ ഏൽപ്പിച്ചിരിക്കുന്ന രാമചന്ദ്രൻ എന്ന ചുമതലക്കാരൻ എത്തിയിരുന്നു.ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു കയറുന്നതു അവർ കണ്ടിരുന്നു .ചെറുകടിയെക്കാൾ ചൂടു ചായ അത്യാവശ്യം വേണ്ട സന്ദർഭമായിരുന്നു അത്. ഞങ്ങൾ അത് ഊതിയൂതിക്കുടിച്ച് അപ്പവും കഴിച്ച് വെറുതെ ഒന്നു ചുറ്റിക്കാണാൻ പുറത്തേക്കിറങ്ങി
കയറി വന്ന പിൻവാതിലിൽകൂടി തന്നെ.മുൻവശത്തു കൂടി ഇറക്കം പാടില്ലല്ലൊ .അവിടെ പെയിൻ്റിംഗ്
ഫിനിഷിംഗ് റൗണ്ടിലായിരുന്നു. അതുകൊണ്ടു തന്നെ അങ്ങോട്ടുള്ള വാതിൽ തഴുതിട്ടിരുന്നു അപ്പുറത്ത് പെയിൻ്റ് ചെയ്യുന്നവരുടെ സംസാരങ്ങളും ചിരിയും കേൾക്കാമായിരുന്നു.
റിസോർട്ടിൻ്റെ തൊട്ടടുത്ത് ആ സൈഡിൽ തന്നെ ഒരു കത്തോലിക്ക പള്ളി. എതിർ വശത്തായി ഒരു കോൺവെൻ്റും
നേരത്തെ അതിനടുത്തായി ഒരാശുപത്രി പ്രവർത്തിച്ചിരുന്നു ആയത് ഇപ്പോൾ ഒരു റിസോർട്ടിനായി തയ്യാറെടുക്കുന്നു അതിനിപ്പുറത്തായി രാമചന്ദ്രൻ്റെ ചായക്കടയും പുറകിൽ അവരുടെ താമസസ്ഥലവുമായുള്ള കെട്ടിടം. കുറച്ചു മുന്നോട്ടു കണ്ണുകൾ പാഞ്ഞപ്പോൾ തേയിലയുടെ പച്ചപ്പു കണ്ടു. തേയിലത്തോട്ടം എവിടെക്കണ്ടാലും ഉള്ളിൽ ഒരു പ്രത്യേക സവിശേഷത കടന്നു വരും.ഒരു തരം നൊസ്റ്റാൾജിയ.
ജനിച്ചത് മൂന്നാറിൽ. കണ്ണൻ ദേവൻ കമ്പനിയുടെ തേയില തോട്ടത്തിലായിരുന്നു പപ്പായ്ക്കു ജോലി. വർഷങ്ങളോളം പല തേയില തോട്ടങ്ങളിലായി ജോലിയും കുടുംബമായി അതാതിടങ്ങളിൽ താമസവും. അങ്ങോട്ടു പോകാൻ മനസ്സു വെമ്പി. പക്ഷെ അധിക നേരം അവിടെ നിൽക്കാനായില്ല. സാറിൻ്റെ മോൾക്ക് തിരികെ പോകണം..അപ്പോൾ പുറപ്പെട്ടാലെ ഫ്ലൈറ്റിന് മൂന്നു മണിക്കൂർ മുന്നെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തൂ. വീട്ടിൽ നിന്നെടുത്ത വണ്ടി അവിടെ കൊണ്ടിട്ടിട്ടു നാട്ടിൽ നിന്നു കൊണ്ടു വന്ന വണ്ടിയിൽ വേണം പോകാൻ. മോൾ പെട്ടെന്നു പള്ളിയിൽ കയറി പ്രാർത്ഥന നടത്തി കാഴ്ചയർപ്പിച്ചു പുറത്തു 'വന്നു . ഞങ്ങൾ അക്കാര്യം പിറ്റേന്നു രാവിലത്തേക്കു വച്ചു.
തുടരും