പുളിവിത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് ഫിൽട്ടർ; ലോകത്തെ ഞെട്ടിച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ‘എർത്ത് പ്രൈസ് 2026’
പ്രസാദ് തീയാടിക്കൽ
ന്യൂഡൽഹി: ഉപേക്ഷിക്കപ്പെടുന്ന പുളിവിത്തുകൾ ഉപയോഗിച്ച് വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ നീക്കം ചെയ്യാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള ജൈവവിഘടന ശേഷിയുള്ള (Biodegradable) ഫിൽട്ടർ വികസിപ്പിച്ച മൂന്ന് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ ‘ഗ്ലോബൽ എർത്ത് പ്രൈസ് 2026’ സ്വന്തമാക്കി.
വിവാൻ ചാവ്ചാരിയ, അരിയാന അഗർവാൾ, അവ്യാന മേത്ത എന്നിവരാണ് ഈ ശ്രദ്ധേയമായ കണ്ടുപിടിത്തത്തിന് പിന്നിൽ. ഇവരുടെ ശാസ്ത്രാധ്യാപിക മിനൽ ജെയിന്റെ മാർഗനിർദേശത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. “Plas-Stick” എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ പുളിവിത്തിൽ നിന്നുള്ള പ്രത്യേക പൊടിയും കാന്തിക സാങ്കേതികവിദ്യയും ഉപയോഗിച്ച് വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങളെ ആകർഷിച്ച് വേർതിരിച്ചെടുക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
വലിയതും ചെലവേറിയതുമായ ജലശുദ്ധീകരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ കഴിയാത്ത പ്രദേശങ്ങൾക്കും ഗ്രാമീണ സമൂഹങ്ങൾക്കും ഈ കണ്ടുപിടിത്തം ഏറെ പ്രയോജനകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കാനാകുന്നതും ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകതയാണ്.
പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധജല ലഭ്യതയ്ക്കും യുവതലമുറയുടെ ശാസ്ത്രീയ ചിന്തയും നവീന ആശയങ്ങളും എത്രത്തോളം മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഈ നേട്ടം ലോകത്തിന് മുന്നിൽ വീണ്ടും തെളിയിച്ചിരിക്കുകയാണ്