മുംബൈ എക്സ്പ്രസ്സ് : എപ്പിസോഡ് – 9 രചന : പ്രശാന്ത് പഴയിടം
രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴ നഗരം ആകെ വെള്ളക്കെട്ടിലാക്കി. റെയിൽവേ ട്രാക്കുകളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബസുകളെക്കാൾ കൂടുതൽ ആളുകൾ ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്നതിനാൽ തൊഴിൽ സംബന്ധമായ യാത്രകളും വലിയ ദുരിതത്തിലായി.
ഫ്ലാറ്റിലെ ലിഫ്റ്റ് തകരാറിലായതിനാൽ താഴെനിന്ന് റൂമിലേക്ക് കുടിവെള്ളവും ഭക്ഷണസാധനങ്ങളും ചുമന്ന് കയറ്റുകയാണ് അശ്വിനും സവാദും. ഒമ്പതാം നിലയിലേക്ക് സാധനങ്ങൾ എത്തിക്കുക എന്നത് കഠിനപ്രയത്നം തന്നെയായിരുന്നു.
അശ്വിൻ
സവാദേ… ലിഫ്റ്റ് ഉടനെ ശരിയാവുമോ? സാധനങ്ങൾ ഇങ്ങനെ മുകളിലേക്ക് ചുമന്ന് കയറ്റുന്നത് അത്ര എളുപ്പമല്ല.
സവാദ്
ആഹാ… രണ്ടുനിലയേ കയറിയുള്ളൂ. ഇനിയും ഏഴുനില ബാക്കിയുണ്ട്. നാട്ടിൽ അമ്മ വെള്ളം ചുമന്ന് വരുമ്പോൾ അതെടുത്ത് കുളിക്കുന്നത് മാത്രമല്ലേ ശീലമുള്ളൂ. ഇപ്പോൾ അനുഭവിക്ക്.
അശ്വിൻ
ഒന്ന് പോടോ… ഞാൻ അമ്മയെ സഹായിക്കാറുണ്ട്.
സവാദ്
അതെ… എനിക്കറിയാം. പാത്രം കാലിയാക്കി കൊടുക്കാൻ.
അശ്വിൻ
അത് ഞാനല്ല… നീയാ മോനേ!
സവാദ്
ലിഫ്റ്റ് ഇന്നൊന്നും ശരിയാവില്ല. ഈ മഴ ഇങ്ങനെ തുടർന്നാൽ ആകെ പ്രശ്നമാകും. ഡാ… നമ്മൾ സത്യത്തിൽ സ്വർഗ്ഗത്തിലാണ്.
അശ്വിൻ
അതെന്താ അങ്ങനെ പറഞ്ഞത്?
സവാദ്
നീ ഈ നഗരത്തിന്റെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളൂ. നീ കാണാത്ത നല്ലതും ചീത്തയുമായ ഒരുപാട് മുഖങ്ങൾ ഈ നഗരത്തിനുണ്ട്.
അശ്വിൻ
നീ എന്താണ് പറഞ്ഞുവരുന്നത്?
സവാദ്
നമ്മുടെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കാണാറില്ലേ… ആസ്‌ബെസ്റ്റോസ് മേഞ്ഞ് ഒന്നിന് മുകളിൽ ഒന്നായി കടലുപോലെ നിരന്നു കിടക്കുന്ന ചെറിയ വീടുകൾ?
അശ്വിൻ
അതെ… കാണാറുണ്ട്.
സവാദ്
നീ ഒരിക്കൽ അവിടെ പോകണം. ദൈനംദിന ജീവിതത്തിനായി എല്ലുമുറിയെ പണിയെടുക്കുന്ന ആളുകളെയാണ് അവിടെ കാണുക. അവരുടെ ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ കഷ്ടപ്പാടോടെയാണ്. ബക്കറ്റുകളുമായി പൊതുകക്കൂസിന്റെ മുന്നിൽ നീണ്ട നിരകൾ കാണാം. ഈ മഴ ഇങ്ങനെ തുടർന്നാൽ അവിടത്തെ വെള്ളക്കെട്ട് അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കും.
അവർ സാധനങ്ങൾ ചുമന്ന് ഏഴാം നിലവരെ എത്തി. ഇനിയും രണ്ടുനില ബാക്കിയുണ്ട്. അപ്പോഴാണ് താഴെനിന്ന് തുഷാർ കയ്യിൽ കുറച്ച് സാധനങ്ങളുമായി വേഗത്തിൽ കയറിവന്നത്.
തുഷാർ
നിങ്ങളുടെ രണ്ടുപേരുടെയും ഫോൺ എവിടെയാണ്?
സവാദ്
ഫോൺ ഫ്ലാറ്റിലുണ്ട്. ഞങ്ങൾ എടുത്തില്ല. ഈ വെള്ളം ചുമന്ന് കയറ്റണ്ടേ?
തുഷാർ
അശ്വിൻ, ഇത് ഞാൻ ചുമന്ന് കയറ്റാം. നീ റൂമിൽ ചെന്ന് ആനിയെ വിളിക്ക്.
അശ്വിൻ
എന്താണ് തുഷാറേട്ടാ? എന്ത് പറ്റി?
തുഷാർ
ടാ… അവൾ നാട്ടിലേക്കു പോകുകയാണ്. നീ പോയി അവളെ വിളിക്ക്.
അശ്വിൻ പെട്ടെന്ന് റൂമിലെത്തി ഫോണിൽ ആനിയെ വിളിച്ചു.
ആനി
അശ്വിനെ… എത്ര പ്രാവശ്യം വിളിച്ചു. നിന്റെ ഫോൺ എവിടെയായിരുന്നു?
അശ്വിൻ
ഇവിടെ ലിഫ്റ്റ് കംപ്ലയിന്റായി. ഞങ്ങൾ സാധനങ്ങൾ താഴെനിന്ന് ചുമന്ന് കയറ്റുകയായിരുന്നു.
ആനി
ടാ… ഞാൻ അത്യാവശ്യമായി നാട്ടിലേക്ക് പോകുകയാണ്. ഇപ്പോൾ ഇറങ്ങും.
അശ്വിൻ
പെട്ടെന്ന് എന്താണ് അത്യാവശ്യം?
ആനി
അമ്മ ഒന്ന് വീണു. കാലിന് പൊട്ടലുണ്ട്. എനിക്ക് ഉടനെ ചെല്ലണം.
അശ്വിൻ
അയ്യോ… കഷ്ടമായിപ്പോയി. ഇപ്പോൾ ആശുപത്രിയിലാണോ? നീ എങ്ങനെ പോകും? ട്രെയിൻ ഇല്ലല്ലോ?
ആനി
പനവേലിൽ കുഴപ്പമില്ല. നോർത്ത് സൈഡിൽ നിന്ന് വരുന്ന ട്രെയിനുകൾ ഓടുന്നുണ്ട്. ഇവിടെ നിന്ന് ഓട്ടോയിൽ പോകാം.
അശ്വിൻ
സീറ്റ് കിട്ടിയോ?
ആനി
ടിക്കറ്റ് തുഷാർ ചേട്ടൻ റെഡി ആക്കി തന്നു.
അശ്വിൻ
ഞാനും വരാം. നീ ഒറ്റയ്ക്ക് പോകരുത്.
ആനി
വേണ്ട… നീ വരണ്ട. ഞാൻ പോയിക്കൊള്ളാം. രണ്ട് ദിവസം കഴിഞ്ഞ് ഇന്റർവ്യൂ ഉള്ളതല്ലേ. അത് മിസ് ചെയ്യരുത്. ഇന്ത്യയിലെ തന്നെ മുൻനിര കൺസ്ട്രക്ഷൻ കമ്പനിയാണ്.
ആനി
ഞാൻ പാക്കിങ്ങിലാണ്. കുറച്ച് കഴിഞ്ഞ് നിന്നെ വിളിക്കാം.
ഒട്ടും പ്രതീക്ഷിക്കാതെ മനസ്സിലേറിയ പ്രണയിനിയുടെ നാട്ടിലേക്കുള്ള മടക്കം അശ്വിന്റെ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ നിറച്ചു.
റൂമിലെത്തിയ തുഷാർ അശ്വിന്റെ മുഖം കണ്ട് ചോദിച്ചു.
തുഷാർ
നിനക്കെന്ത് പറ്റി? അവൾ പോയി വന്നുകൊള്ളും.
അശ്വിൻ
ചേട്ടാ… ഈ മഴയൊക്കെയല്ലേ. അവൾ എങ്ങനെ പോയി വരും?
സവാദ്
അയ്യോ… അവൾ മഴയില്ലാത്ത നാട്ടിൽ നിന്ന് വന്നതല്ലല്ലോ. പഹയന് അവളെ കാണാതെ ഇരിക്കാൻ പറ്റില്ല. അതാണ് യഥാർത്ഥ പ്രശ്നം.
തുഷാർ ടിക്കറ്റ് നീട്ടി.
തുഷാർ
ടാ… ഇതാണ് അവളുടെ ടിക്കറ്റ്. ഇവിടെ വെള്ളക്കെട്ടാണ്. അന്ധേരി ബ്രിഡ്ജിന്റെ അടുത്ത് നിന്നാൽ ഓട്ടോ കിട്ടും.
സവാദ്
എന്നാൽ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം.
തുഷാർ
വേണ്ട… നീ പോകണ്ട. അശ്വിൻ പോയി വന്നാൽ മതി.
സവാദ്
ഇവനെ ഒറ്റയ്ക്ക് വിട്ടാൽ ചിലപ്പോൾ അവളുടെ കൂടെ നാട്ടിലേക്ക് കള്ളവണ്ടി കയറിപ്പോകും. രണ്ടിനെയും ഒരുമിച്ച് വിടാൻ പറ്റില്ല.
അശ്വിൻ പെട്ടെന്ന് ഒരുങ്ങി റൂമിൽ നിന്നിറങ്ങി.
അശ്വിൻ പോയതും തുഷാർ സവാദിനോട് ചോദിച്ചു.
തുഷാർ
എന്തുവാടോ… അവന്റെ പ്രണയിനിയെ കൊണ്ടുവിടാൻ പോകുമ്പോൾ നീ എന്തിനാണ് പോകുന്നത്?
സവാദ്
ഓ… നമ്മളില്ലേ!
അശ്വിൻ ഓട്ടോയിൽ പനവേൽ റെയിൽവേ സ്റ്റേഷനിലെത്തി. അശ്വിനെ കാത്ത് ആനി അവിടെ നിൽക്കുന്നുണ്ടായിരുന്നു.
മഴ കാരണം പല ട്രെയിനുകളും റദ്ദാക്കിയിരുന്നു. അതുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കായിരുന്നു. ഉച്ചഭാഷിണിയിലൂടെ ആനി പോകേണ്ട ട്രെയിൻ ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയാണ് എത്തുകയെന്ന് അറിയിച്ചു.
അശ്വിൻ
ആനി… നീ ഒറ്റയ്ക്ക് പോകരുത്. ഞാനും വരാം. ഇപ്പോൾ ടിക്കറ്റ് എടുത്താൽ വെയിറ്റിംഗ് ലിസ്റ്റിൽ കിട്ടും.
ആനി
വേണ്ട… നീ ടെൻഷൻ ആവണ്ട. ഞാൻ പോയിക്കൊള്ളാം.
അശ്വിൻ ആനിയെ ചേർത്തുപിടിച്ചു.
അശ്വിൻ
അമ്മയ്ക്ക് സുഖമായാൽ പെട്ടെന്ന് തിരിച്ചുവന്നേക്കണം.
ആനി
വന്നില്ലെങ്കിൽ?
അശ്വിൻ
വന്നില്ലെങ്കിൽ… ഞാൻ വല്ല മറാത്തി പെണ്ണിനെയും കെട്ടി ജീവിക്കും.
ആനി അശ്വിനെ തള്ളിമാറ്റി.
ആനി
എന്നാൽ നീ ഏതെങ്കിലും മറാത്തി പെണ്ണിന്റെ അടുത്ത് പോയി ഇരുന്നാൽ മതി.
ആനി മുഖം ചുളിച്ച് മാറിനിന്നു.
അശ്വിൻ
ഓ… പിണങ്ങല്ലേടോ, എഞ്ചിനീയറെ.
ആനി
ടാ… രണ്ട് ദിവസം കഴിഞ്ഞാൽ ഇന്റർവ്യൂ ആണ്. നീ നന്നായി പഠിച്ച് പോകണം. ആഹാനിയോ കൺസ്ട്രക്ഷൻസ് ഇന്ത്യയിലെ തന്നെ മുൻനിര കമ്പനിയാണ്. കിട്ടിയാൽ രക്ഷപ്പെട്ടു.
അശ്വിൻ
അതിന് കിട്ടിയാലല്ലേ?
ആനി
ഓഹോ… ഇപ്പോൾ അങ്ങനെയായോ? പോയി നന്നായി പഠിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്.
പെട്ടെന്ന് ഉച്ചഭാഷിണി മുഴങ്ങി. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിത്തുടങ്ങി.
അശ്വിൻ
ആനി… സൂക്ഷിക്കണം. മൊബൈൽ എപ്പോഴും സ്വിച്ച് ഓണായിരിക്കണം. പവർ ബാങ്ക് കയ്യിലുണ്ടല്ലോ?
ആനി
കുഴപ്പമില്ല. നീ ടെൻഷൻ ആവണ്ട.
ട്രെയിൻ നീണ്ട ഹോൺ മുഴക്കി പ്ലാറ്റ്ഫോമിലേക്ക് കയറി. ആളുകൾ തിരക്കിട്ട് ഓടിത്തുടങ്ങി.
അശ്വിൻ
എന്നാൽ… മോൾ ചേട്ടന് ഒരു സമ്മാനം തന്നിട്ടുപോകൂ.
ആനി
അയ്യടാ… അവന്റെ ഒരു ആഗ്രഹം! പോയി ജോലി കണ്ടുപിടിക്ക്. എന്നിട്ട് നമുക്ക് ആലോചിക്കാം.
ആനി പെട്ടിയുമായി ട്രെയിനിൽ കയറി. അശ്വിൻ അവളുടെ കയ്യിൽ നിന്നു പെട്ടി വാങ്ങി സീറ്റിനരികിൽ വച്ചു.
ട്രെയിൻ പുറപ്പെടാനുള്ള ഹോൺ മുഴങ്ങി.
അശ്വിൻ
എന്നാൽ ഞാൻ പോകട്ടെ? അല്ലെങ്കിൽ… ഞാനും വരാം?
ആനി
ടാ… മര്യാദയ്ക്ക് ഇറങ്ങാൻ നോക്ക്. ട്രെയിൻ ഇപ്പോൾ എടുക്കും.
അശ്വിൻ വാതിലിനരികിലേക്ക് നടന്നു. പുറത്തേക്ക് ഇറങ്ങാൻ നേരം ആനി അവന്റെ കൈയിൽ പിടിച്ചു.
ആനി
അപ്പോൾ… സമ്മാനം വാങ്ങാതെ പോകുകയാണോ?
ട്രെയിൻ പതിയെ മുന്നോട്ട് നീങ്ങി.
ആനി അശ്വിനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി.
ഒരു നിമിഷം എല്ലാം മറന്നുപോയ അശ്വിൻ ആനിയെ തന്നെ നോക്കി നിന്നു.
ആനി
ടാ… കണ്ണുമിഴിച്ച് നിൽക്കാതെ ട്രെയിനിൽ നിന്നിറങ്ങ്!
അശ്വിൻ പെട്ടെന്ന് ട്രെയിനിൽ നിന്നിറങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങി.
ആനി കൈവീശി ഉറക്കെ വിളിച്ചു.
ആനി
അശ്വിൻ… ഇന്റർവ്യൂവിന് നന്നായി പഠിച്ച് പോകണേ!
മനസ്സിൽ അതിരുകളില്ലാത്ത ആനിയോടുള്ള പ്രണയവും, ഏതാനും ദിവസത്തേക്കാണെങ്കിലും അവൾ പോയതിന്റെ ശൂന്യതയും നിറച്ച് അശ്വിൻ പതിയെ പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങി.