സണ്ണി വെയ്ൽ നഗരഭരണം മലയാളി കൈകളിൽ ഭദ്രം
അമേരിക്കയിലെ ഡാലസിന് സമീപമുള്ള സണ്ണി വെയ്ൽ (Sunnyvale) നഗരഭരണത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് മലയാളി സാന്നിധ്യം. സണ്ണി വെയ്ൽ മേയർ സജി ജോർജ്ജ്, കൗൺസിൽ വുമൺ മന്നു ഡാനി എന്നിവരാണ് അമേരിക്കൻ ലോക്കൽ ഭരണകൂടത്തിൽ ഭരണ സാരഥികളായി മലയാളികളുടെ അഭിമാനമായി മാറിയത്. ഡാലസിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ (WMC) 15-ാമത് ഗ്ലോബൽ കോൺഫറൻസിൽ ഇരുവരെയും പ്രത്യേകമായി ആദരിച്ചു.
ഐ.എസ്.ആർ.ഒ (ISRO) തിരുവനന്തപുരം മുൻ ജീവനക്കാരനായ മേയർ സജി ജോർജ്ജ് അമേരിക്കയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. സണ്ണി വെയ്ൽ നിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, അമേരിക്കയിലെ പൊതുപ്രവർത്തന രംഗത്തും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും മലയാളികൾ കൂടുതൽ സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു. ആഗോള മലയാളികളെ ഏകോപിപ്പിക്കുന്നതിലും കേരളത്തിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലും വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന മികച്ച സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വേൾഡ് മലയാളി കൗൺസിൽ പ്രാദേശിക പ്രൊവിൻസ് പ്രസിഡന്റ് കൂടിയാണ് കൗൺസിൽ വുമൺ മന്നു ഡാനി. കൗൺസിലിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ മലയാളി സമൂഹത്തിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത പിന്തുണയെക്കുറിച്ച് അവർ വൈകാരികമായി സംസാരിച്ചു. ഡബ്ല്യു.എം.സിയുടെ ആഗോള പ്രവർത്തനങ്ങളിൽ പ്രവാസി മലയാളി ചെറുപ്പക്കാരും പുതിയ തലമുറയും സജീവമായി പങ്കാളികളാകണമെന്ന് അവർ അഭ്യർത്ഥിച്ചു.
മേയർ സജി ജോർജ്ജിലൂടെയും കൗൺസിൽ വുമൺ മന്നു ഡാനിയിലൂടെയും സണ്ണി വെയ്ൽ നഗരത്തിൽ മലയാളി സമൂഹം കൈവരിച്ച ഈ ചരിത്ര നേട്ടത്തിൽ ടെക്സസിലെ പ്രവാസി മലയാളികൾ വലിയ അഭിമാനത്തിലാണ്.