ലോകശ്രദ്ധ നേടി ഇന്ത്യൻ ശാസ്ത്രജ്ഞൻ; 2026 ഡിറാക് മെഡൽ ദീപക് ധാർ
പ്രസാദ് തീയാടിക്കൽ
ന്യൂഡൽഹി: ലോക ഭൗതികശാസ്ത്ര രംഗത്തെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരങ്ങളിലൊന്നായ 2026-ലെ ഡിറാക് മെഡൽ (Dirac Medal) ഇന്ത്യൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ദീപക് ധറിന് ലഭിച്ചു. ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സ് (ICTP) ആണ് ഈ ബഹുമതി പ്രഖ്യാപിച്ചത്.
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്, സങ്കീർണ്ണ വ്യവസ്ഥകൾ (Complex Systems) എന്നിവയിലെ അടിസ്ഥാനപരവും ലോകശ്രദ്ധ നേടിയതുമായ ഗവേഷണ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ഈ വർഷത്തെ ഡിറാക് മെഡൽ ബെർണാർഡ് ഡെറിഡ, മാർക് മെസാർഡ്, ഹൈം സോംപോളിൻസ്കി എന്നിവർക്കൊപ്പമാണ് ദീപക് ധർ പങ്കിടുന്നത്.
നിലവിൽ ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ (ICTS–TIFR) INSA Distinguished Professor ആയി സേവനമനുഷ്ഠിക്കുന്ന ദീപക് ധർ, സ്വയംസംഘടിത നിർണായകത (Self-Organized Criticality) വിശദീകരിക്കുന്ന അബേലിയൻ സാൻഡ്‌പൈൽ മോഡൽ രൂപകൽപ്പന ചെയ്തതിലൂടെ ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞനാണ്. ഭൂകമ്പങ്ങൾ, ഗതാഗതക്കുരുക്ക്, സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങിയ സങ്കീർണ്ണ പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ നിർണായക സംഭാവനകളാണ് നൽകിയിരിക്കുന്നത്.
2022-ൽ ബോൾട്സ്മാൻ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനെന്ന നേട്ടവും ദീപക് ധറിനുണ്ട്. ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകൾക്ക് 2023-ൽ ഇന്ത്യ സർക്കാർ അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാനമേകുന്ന ഈ നേട്ടം, അന്താരാഷ്ട്ര ഗവേഷണരംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണെന്ന് ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു.