പെൻഷൻ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി കേന്ദ്രം

Oct 14, 2026 - 19:28
Oct 14, 2026 - 19:37
 0  3
പെൻഷൻ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി കേന്ദ്രം

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളിൽ പേരുമാറ്റത്തിനൊപ്പം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ പദ്ധതികൾക്ക് ഇനി ‘പി.എം’ എന്ന പേര് ചേർത്തായിരിക്കും തിരിച്ചറിയുക.

വയോജന പെൻഷൻ, വിധവാ പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ എന്നിവയുൾപ്പെടെയുള്ള പദ്ധതികളിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. പദ്ധതികളുടെ പേരുമാറ്റത്തിനൊപ്പം കൂടുതൽ അർഹരിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഭിന്നശേഷി പെൻഷന്റെ കാര്യത്തിലാണ് പ്രധാന മാറ്റം. നിലവിൽ 80 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്ക് മാത്രമാണ് പെൻഷൻ ലഭിച്ചിരുന്നതെങ്കിൽ, ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ആനുകൂല്യത്തിന് അർഹതയുണ്ടാകും. ഇതോടെ കൂടുതൽ ഭിന്നശേഷിക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരമൊരുങ്ങും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനനം മുതൽ തന്നെ ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കാനും വ്യവസ്ഥയുണ്ടാകും.

പെൻഷൻ പദ്ധതികൾ തുടർന്നും നടപ്പാക്കുന്നതിനായി 53,000 കോടി രൂപയുടെ ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതികളുടെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികൾ തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകുന്നതിനും അർഹരായവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തൽ.