മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളുരു പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രമ്യയ്ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിലാണ് രണ്ട് പേർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തനിക്കെതിരായ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്തതെന്നും താരം പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ജൂലൈ 24 ന് സുപ്രീം കോടതിയിൽ രേണുകസ്വാമി കൊലപാതക കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഒരു വാർത്താ പോസ്റ്റ് ചെയ്തതിനു ശേഷമാണ് രമ്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ, വധഭീഷണികൾ വന്നു തുടങ്ങിയത്