ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ഗൗരി സ്പ്രാറ്റിനൊപ്പം പുതിയ ജീവിതത്തിലേക്ക്
ബോളിവുഡ് താരം ആമിർ ഖാനും പ്രണയിനിയായ ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുവരും ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പുറത്തുവന്ന ചിത്രത്തിൽ ആമിർ ഖാൻ പുഞ്ചിരിയോടെ വിവാഹ പേപ്പറുകളിൽ ഒപ്പുവെക്കുന്നത് കാണാം. പരമ്പരാഗത ശൈലിയിലുള്ള ബീജ് നിറത്തിലെ വസ്ത്രവും വലിയ നെക്ലേസും മാച്ചിങ് കമ്മലുകളുമണിഞ്ഞ് അതീവ സുന്ദരിയായാണ് ഗൗരി സ്പ്രാറ്റ് ചിത്രത്തിലുള്ളത്.
ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കൾ ഈ ചടങ്ങിൽ പങ്കാളികളായെന്നത് ഇതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു. ദമ്പതികൾക്ക് നടുവിലായി മോതിരമടങ്ങിയ ബോക്സ് കൈയിൽപിടിച്ചുകൊണ്ട് ഗൗരിയുടെ മകൻ നിൽക്കുന്നത് കാണാം. മറുവശത്ത്, ആമിറിന് മുൻഭാര്യ കിരൺ റാവുവിലുള്ള മകൻ ആസാദ് റാവു ഖാനും മറ്റൊരു മോതിര ബോക്സുമായി നിൽപ്പുണ്ട്. ഇരു കുടുംബങ്ങളുടെയും ഒത്തുചേരലിന്റെ പ്രതീകമായി ഈ നിമിഷം മാറി.
ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ, സഹോദരിമാർ എന്നിവരും ചിത്രത്തിലുണ്ട്. പ്രമുഖ താരങ്ങളുടെ ആഡംബര വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും ലളിതവും അർത്ഥവത്തുമായ ചടങ്ങുകളാണ് ഇരുവരും തിരഞ്ഞെടുത്തത്. ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ്.
ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് ആമിറിന്റെ മകൾ ഇറ ഖാനും മകൻ ജുനൈദ് ഖാനും വസതിയിൽ എത്തിയിരുന്നു. 'ലഗാൻ' സിനിമയുടെ സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആമിർ ഖാനും ഗൗരി സ്പ്രാറ്റും ആദ്യമായി കണ്ടുമുട്ടുന്നത് ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ 2024ൽ ആമിറിന്റെ കസിൻ നുസ്രത് ഖാൻ വഴി ബെംഗളൂരുവിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയ ശേഷമാണ് ഇവർ പ്രണയത്തിലാകുന്നത്. ഏകദേശം ഒരു വർഷത്തോളം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്ന ഇരുവരും, 2025 മാർച്ചിൽ ആമിറിന്റെ 60-ാം ജന്മദിനാഘോഷ വേളയിലാണ് ഗൗരിയെ തന്റെ പങ്കാളിയായി മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.
പിന്നീട് ഗൗരി മകനൊപ്പം ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് താമസം മാറി. ഒരു ഹെയർകെയർ കമ്പനിയിലെ ജോലി രാജിവെച്ച അവർ, അടുത്തിടെ 25 വർഷം പൂർത്തിയാക്കിയ 'ആമിർ ഖാൻ പ്രൊഡക്ഷൻസിൽ' ചേരുകയും ഒപ്പം പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. വിവാഹിതരാകാൻ തീരുമാനിക്കുന്നതിന് മുൻപ് ഒരു വർഷത്തിലേറെയായി ഇവർ മുംബൈയിലെ ആമിറിന്റെ വസതിയിൽ ഒരുമിച്ചായിരുന്നു താമസം. തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം കഴിഞ്ഞ മാസമാണ് ആമിർ സ്ഥിരീകരിച്ചത്.
ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ആമിർ ഖാൻ രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. റീന ദത്തയായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളുണ്ട്. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002-ലാണ് ഇവർ വിവാഹമോചിതരായത്.
പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2011-ൽ ഇവർക്ക് ആസാദ് റാവു ഖാൻ എന്ന മകൻ ജനിച്ചു. 2021-ൽ വേർപിരിയൽ പ്രഖ്യാപിച്ചെങ്കിലും മകന്റെ കാര്യങ്ങളിൽ ഇരുവരും ഒന്നിച്ച് ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴും സൗഹൃദപരമായ ബന്ധമാണ് ഇവർക്കിടയിലുള്ളത്.