ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ വിരമിക്കുന്നു
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിൻ്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിൻ്റെ ചെയർമാൻ സ്ഥാനത്ത് തുടരില്ലെന്ന് എൻ ചന്ദ്രശേഖരൻ. 2027 ഫെബ്രുവരി 20-ന് തൻ്റെ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും അപേക്ഷ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ടാറ്റാ ഗ്രൂപ്പിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള മാസങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.
ടാറ്റാ സൺസിലെ ഭൂരിപക്ഷം ഓഹരി ഉടമകളായ സർ ദൊറാബ്‌ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും തൻ്റെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ ഏകകണ്ഠമായി ശിപാർശ ചെയ്‌തിരുന്നുവെന്നും പിന്നീട് ടാറ്റാ സൺസ് നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ഈ നിർദ്ദേശം രേഖപ്പെടുത്തി ശിപാർശ ചെയ്‌തിരുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഫെബ്രുവരി 24ന് നടന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ ഈ നിർദ്ദേശം അവതരിപ്പിച്ചെങ്കിലും ഒരു ബോർഡ് അംഗത്തിൻ്റെ പിന്തുണ ലഭിക്കാത്തതിനാൽ നിർദ്ദേശം നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഏകകണ്‌ഠമായ പിന്തുണ ലഭിക്കാത്തതിനാൽ, നിർദ്ദേശം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി" അദ്ദേഹം ഒരു പ്രസ്‌താവനയിൽ പറഞ്ഞു. ബോർഡ് യോഗം കഴിഞ്ഞ് ആറ് മാസമായിട്ടും ഒരു തീരുമാനത്തിലും എത്തിയിട്ടില്ലെന്നും നിർണായക ഘട്ടങ്ങളിൽ ടാറ്റാ സൺസ് നിരവധി തന്ത്രപരമായ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനാൽ നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത പ്രധാനമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. "ഈ സാഹചര്യത്തിൽ, 2027 ഫെബ്രുവരി 20ന് എൻ്റെ കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനത്തിന് എന്നെത്തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചതായി ഇന്ന് രാവിലെ ടാറ്റ സൺസ് ബോർഡിനെ അറിയിച്ചിരുന്നു" അദ്ദേഹം പറഞ്ഞു.
സുഗമമായ നേതൃമാറ്റം ഉറപ്പുവരുത്തുന്നതിനായി തൻ്റെ പിൻഗാമിയെ ഉടൻ തീരുമാനിക്കണമെന്ന് അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ ടിസിഎസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ടാറ്റ പവർ തുടങ്ങിയ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇടിവ് നേരിട്ടു.
2017 ജനുവരി മുതൽ ടാറ്റാ സൺസിൻ്റെയും ടാറ്റാ ഗ്രൂപ്പിൻ്റെയും തലപ്പത്ത് പ്രവർത്തിച്ചുവരികയാണ് എൻ. ചന്ദ്രശേഖരൻ. ചന്ദ്രശേഖരൻ്റെ പുനർനിയമനം സംബന്ധിച്ച് ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് അദ്ദേഹം ഈ തീരുമാനം എടുത്തത് എന്നതും ശ്രദ്ധേയമാണ്.