'വീണു കിട്ടിയ ഒരു വിനോദയാത്ര'; ആറാം ഭാഗം, Mary Alex (മണിയ)

പിൻവാതിലിൽ കൂടി ഒന്നും രണ്ടും പേരായി മിണ്ടിപ്പറഞ്ഞ് അകത്തേക്കു കടന്നപ്പോൾ സാറിനും ഒപ്പം വന്ന മോനും ഞങ്ങൾക്കുമായി ഒഴിച്ചിട്ട വലിയ മുറിയിൽ ആകെ ബഹളം. യാത്ര പറയുന്നതിൻ്റെ ബഹളമായിരുന്നു അത്. മോളായിരുന്നു ഞങ്ങളുടെ മുൻപിൽ അകത്തേക്കു കടന്നത്.
ഞങ്ങൾ അങ്ങോട്ടു കടന്നു ചെല്ലുമ്പോൾ കാണുന്ന കാഴ്ച !
പപ്പായെ ആശ്ലേഷിച്ചു കരയുന്ന മകൾ, മകളെ ഉറുപ്പടക്കം കെട്ടിപ്പിടിച്ച് വിതുമ്പുന്ന അപ്പൻ
'ഇനി നീ വരുമ്പോൾ എന്നെ ജീവനോടെ കാണുമൊ 'എന്നപ്പൻ
'അങ്ങനെയൊന്നും പറയരുതേ അച്ചാച്ചാ 'എന്നു മോൾ .
അടുത്തായി സഹോദരങ്ങൾ. ഇരുവരും മൂകസാക്ഷികളായി. തമ്മിൽ തല്ലിയും ശുണ്ഠി പിടിപ്പിച്ചും കളിയും ചിരിയുമായി ഒത്തു വളർന്ന ഏക സഹോദരി.
പുറത്ത് വണ്ടിയുടെ ഹോൺ കേട്ടപ്പോൾ മകൾ അപ്പന് പെട്ടെന്നൊരുമ്മ കൊടുത്ത് വിതുമ്പലോടെ സഹോദരങ്ങളുടെ കയ്യിൽ പിടിച്ച് കണ്ണുകൊണ്ടുഴി ഞ്ഞ് തലയാട്ടി യാത്ര ചൊല്ലി ബാഗും കയ്യിലെടുത്ത് ഓടി വെളി യിലേക്കിറങ്ങി. ഓട്ടത്തിൽ ഇടക്ക് മൂക്കു തുടയ്ക്കുന്നതും കരച്ചിലടക്കാൻ പാടു പെടുന്നതും ഞങ്ങൾക്കു കാണാമായിരുന്നു. ആരുടെയായാലും യാത്ര പറച്ചിൽ ദുസ്സഹമായ ഒരു സംഗതിയാണ്.
ഞങ്ങളോടൊപ്പം ചിലവഴിച്ച നിമിഷങ്ങളോർത്ത് കണ്ടു നിന്ന ഞങ്ങളുടേയും മിഴികൾ ഈറനായി.
യാത്രയയക്കാൻ ഞങ്ങളും സാറുമൊഴിച്ച് ബാക്കിയുള്ളവരും പിന്നാലെ ചെന്നു. മുൻവശത്തേക്കുള്ള കതകു തുറന്ന് പാളി നോക്കിയപ്പോൾ വണ്ടി മുന്നോട്ടെടുക്കുന്നതും കൈ വീശിക്കാണിച്ച് വണ്ടിയിലിരുന്നു പോകുന്ന മോളെയും കണ്ടു.വഴിയരികിലായി കൈ വീശിയ പടി നിൽക്കുന്ന കുട്ടികളും സഹോദരന്മാരും. പൂമുഖത്ത് പെയിൻ്റിംഗ് തകൃതിയായി നടത്തിക്കൊണ്ടിരുന്നവരും അല്പ സമയത്തേക്ക് അവരുടെ ജോലി മറന്ന് ആ കാഴ്ച കണ്ടു നിൽക്കുന്നതു കണ്ടു.കതകു പാതി തുറന്ന എന്നോടവർ പറഞ്ഞു ' ആൻ്റി അടച്ചേക്ക് പെയിൻ്റിൻ്റെ സ്മെൽ ചിലപ്പോൾ പിടിക്കാതെ വരും.' ചായയും പലഹാരവും കൊണ്ടു വന്ന പാത്രമെടുക്കാൻ വന്ന രാമചന്ദ്രൻ പുറകിൽ നിന്നു പറഞ്ഞു. അതാണെൻ്റെ മൂത്ത മകൻ രഞ്ജിത് .ഒരാൾ കൂടിയുണ്ട് രാഹുൽ എൻജിനീയറിങ്ങിന് പഠിക്കുന്നു. മൂത്തമകൻ പെയിൻ്റിംഗ് തൊഴിലാളി ഇളയവൻ എൻജിനീയർ എൻ്റെ ജിജ്ഞാസ പൂണ്ട മുഖഭാവം കണ്ട് ആൾ കൂട്ടി ചേർത്തു. ഇവനും പഠിപ്പൊക്കെയുണ്ട്. പക്ഷെ ആൾ ഇവിടൊക്കെ നോക്കി നടത്തുന്നു.
കെറ്റിലും പാത്രവുമെടുത്തു പോകാൻ തിരിഞ്ഞ രാമചന്ദ്രൻ ചോദിച്ചു ' രാത്രിയിലേക്കെന്താ വേണ്ടെ? 'ഞാനെന്തു പറയണം എന്നറിയാതെ കുഴങ്ങി. നെന്മാറക്കാരനും ഭാര്യയും വണ്ടിക്കരികിലേക്കു പോയിരുന്നു. വണ്ടി പോയിട്ടും അവരോടൊപ്പം സംസാരിച്ച് അവിടത്തെ വിശേഷങ്ങൾ പറഞ്ഞു ചുറ്റിക്കറങ്ങുന്നു. അവസാനം ഞാൻ ചോദിച്ചു എന്താ ഉള്ളത്?
ചോറും കറികളും ഉണ്ട് അല്ലെങ്കിൽ ചപ്പാത്തിയും ചിക്കനും. ഞങ്ങളുടെ പതിവ് ചപ്പാത്തിയാണ് .എങ്കിലും സാറിന് എന്തു വേണമെന്നറിയണ്ടെ?ഞാൻ അഭിപ്രായം ചോദിച്ചു വന്ന് രാമചന്ദ്രനോടു പറഞ്ഞു 'ഏതെങ്കിലും ഒന്നു മതി ചപ്പാത്തി ചിക്കനായിക്കോട്ടെ.'
എല്ലാവരും മടങ്ങി വന്ന് യാത്രാ ക്ഷീണം മാറ്റാൻ അല്പനേരം അവരവർക്കായി തിരിച്ച മുറികളിൽ കയറി. മക്കൾ രണ്ടു പേരും സാറിൻ്റെ ഇരുവശവും ഇരുന്ന് പല വിഷയങ്ങളും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളവർ കുളിക്കേണ്ടവർ കുളിക്കാനും കിടക്കേണ്ടവർ കിടക്കാനും. ഞങ്ങളോടൊപ്പം വന്ന രമ്യയെ ഒറ്റക്ക് ഡോർമെട്രിയിൽ കിടത്തുന്നതു ശരിയല്ലല്ലൊ എങ്കിൽ കുട്ടികളോടൊപ്പമായിക്കൊള്ളട്ടെ എന്ന തീരുമാനവുമായി.
എല്ലാവരും പഴയ മൂഡിലേക്കു വന്നു തുടങ്ങിയതു കണ്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഒരു പ്രാർത്ഥന ചൊല്ലി. ഭക്ഷണം കൊണ്ടു വരുന്നതു വരെ സമയം കളയണമല്ലൊ. എൻ്റെ ഭർത്താവ് ഒന്നു രണ്ടു തമാശകൾ പൊട്ടിച്ചു
ചിരിപ്പിച്ചു തുടങ്ങി. തമാശകൾ അതിരുകടക്കാൻ സാദ്ധ്യത കണ്ടു തുടങ്ങിയപ്പോൾ ഞാൻ ചില പസിൽസ് ചോദിച്ചു തുടങ്ങി കുട്ടികളും ഒപ്പം കൂടി. അവരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞും പറയാതെയും കുട്ടികളോടൊപ്പമിരുന്നു.പിന്നെ എല്ലാവരും അതിലേക്കായി. എൻ്റെ ഭർത്താവിന് രണ്ടു കംപ്യൂട്ടറുകളെ സംബന്ധിച്ച ഒരു ട്രിക്കി ചോദ്യമുണ്ടായിരുന്നു കയ്യിൽ. ആവേശം മൂത്ത് ആൾ ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് ആയിരം രൂപ വാഗ്ദാനവും ചെയ്തു. ഇന്നും എനിക്കാ ചോദ്യമെന്താണെന്നൊ അതിൻ്റെ ഉത്തരം എങ്ങനെ ആയിരിക്കണമെന്നോ അറിയില്ല. അറിഞ്ഞാൽ തന്നെ പറഞ്ഞു ഫലിപ്പിക്കാനും വശമില്ല. കുട്ടികൾ ചിന്തിച്ചു വശം കെട്ടപ്പോഴേക്കും താഴെ നിന്ന് ഭക്ഷണവുമായി ആളെത്തി. പിന്നെ എല്ലാവരും അതിലായി ശ്രദ്ധ.
എല്ലാവരും സംതൃപ്തമായി അത്താഴം കഴിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും കഴിച്ചു കൊണ്ടിരുന്നപ്പോഴും കുട്ടികൾ ആലോചനയിലായിരുന്നു, എന്തായിരിക്കാം ആ ചോദ്യത്തിന്
ഉത്തരം! അവർ പരസ്പരം പല രീതിയിൽ അതിൻ്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ചിന്തിച്ചും പറഞ്ഞും ഓരോ നിഗമനങ്ങളിൽ എത്തി.പക്ഷെ ആ പറഞ്ഞ ഉത്തരമൊന്നും ശരിയായിരുന്നില്ല. നല്ല പഠിപ്പുള്ള കുട്ടികൾ അവരിൽ വാശി ഉണ്ടാവാതിരിക്കുമൊ? അത്താഴം കഴിഞ്ഞ് കുറെ സമയത്തേക്ക് അവരെ ആ ഭാഗത്തെങ്ങും കണ്ടില്ല. എല്ലാവരും ഉറങ്ങാൻ കിടക്കുന്ന കാര്യത്തിലേക്കു കടന്നു.
കപ്പിൾസിന് ഓരോ റൂം. ഞങ്ങളേയും കപ്പിൾസിൻ്റെ കൂടെ ഉൾപ്പെടുത്തി ഒരു റൂം ചൂണ്ടിക്കാട്ടി ഞങ്ങൾ അതു നിരാകരിച്ചു. അങ്ങനെ ഞങ്ങളും സാറും സാറിനു കൂട്ടായി ഇളയ മകനും ആ വലിയ ഹാളിൽ.നാലു കട്ടിലുകൾ അറ്റത്ത് മകൻ ഇപ്പറത്തായി സാർ അടുത്തത് സാറിൻ്റെ കൂട്ടുകാരനായ എൻ്റെ ഭർത്താവ് ഇങ്ങേ അറ്റത്തുള്ളത് എനിക്കും.കുട്ടികൾക്ക് ഒരു റൂം . പിന്നെയുള്ളത് ഞങ്ങളുടെ കൂടെ വന്ന രമ്യ എന്ന സാറിൻ്റെ മെയ്ഡ് ആണ്.ഡോർമെട്രിയിൽ കിടത്താമെങ്കിലും ഒറ്റയ്ക്കവിടെ.അതു ശരിയല്ലല്ലൊ എന്ന ചിന്തയിൽ
ഒരു ബഡ് കുട്ടികളുടെ മുറിയിൽ തന്നെ അഡ്ജസ്റ്റ് ചെയ്തു. ഡോർമെട്രി കം ഡൈനിംഗ് എൽ ഷെയ്പ്പിലുള്ള ഒരു ഏരിയ ആണ്. പുറത്തേക്ക് വാതിലും. അതു വഴിയാണ് ഞങ്ങൾ അകത്തേക്കു കയറി വന്നത്. എല്ലാം സെറ്റിലാക്കി നെന്മാറ ക്കാർ ആതിഥ്യ മര്യാദ പാലിച്ച് ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.
എല്ലാവരും അവരവർക്കു തിരിച്ച ഭാഗങ്ങളിലേക്ക് ഉറക്കത്തിനായി കയറി. അപ്പോഴതാ കൊച്ചുമകൾ ഓടി വരുന്നു യുറേക്കാ യുറേക്കാ എന്ന് അട്ടഹസിച്ചു കൊണ്ട്. അങ്കിൾ ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിൻ്റെ ആഹ്ലാദപ്രകടനമായിരുന്നു അത്.
മോൾ അങ്കിളിനോട് കുറേ നേരം അതെക്കുറിച്ച് സംസാരിച്ച് കൺവിൻസു ചെയ്തു. അങ്കിളോ
മോളെ കുഴപ്പിക്കാൻ പല ചോദ്യം ചോദിച്ചു കൊണ്ടിരുന്നു. ആയിരം രൂപ വാഗ്ദാനം ചെയ്തതല്ലെ? കൊടുക്കാതിരിക്കാൻ പല അടവുകളും കുഴപ്പിക്കുന്ന മറു ചോദ്യങ്ങളും. സഹികെട്ടിട്ടാവണം സാർ കുട്ടിയെ സ്നേഹപൂർവം ശാസിച്ചു. 'ഇനി ബാക്കി നാളെ മതി മോൾ പോയി കിടന്നുറങ്ങ് രാവിലെ എഴുന്നേറ്റിട്ടാവാം. '
അവസാനം മനസ്സില്ലാമനസ്സോടെ കൊച്ചുമകൾ അവരുടെ മുറിയിലേക്കു നടന്നു. ഞങ്ങൾ ഞങ്ങളുടെ കട്ടിലുകളിലേക്കും തിരിഞ്ഞു. യാത്രയുടെ ക്ഷീണം കൊണ്ടൊ സ്ഥലത്തെ തണുത്ത ക്ലൈമറ്റു കൊണ്ടൊ നാലു പേരും സുഖമായി ഉറങ്ങി .രാവിലെ ബഡ് കോഫിയുമായി രാമചന്ദ്രൻ എത്തിയപ്പോഴാണ് എല്ലാവരും മുറിക്കു പുറത്തേക്കുള്ള വാതിൽ തുറന്നത്.സോഫിയും രമ്യയും അക്സീനയും ചേർന്ന് ഉണർന്നിരുന്ന എല്ലാവർക്കും കാപ്പി വിതരണം ചെയ്തു. ഞാനും അവരോടൊപ്പം കൂടി. മക്കൾ രണ്ടു പേരും അപ്പോഴും ഉറക്കത്തിലായിരുന്നു.
റിസോർട്ടിൻ്റെ ഫ്രണ്ട് ഡോർ തുറന്നിരുന്നു.തലേന്നു കാണാത്ത ഭാഗമല്ലേ കാണാമല്ലൊ വെറുതെ പൂമുഖത്തേക്കിറങ്ങി. അതൊരു ഹാളായിരുന്നു.. ചെറിയ തോതിൽ ഒരു മീറ്റിംഗ് കൂടാൻ തക്കവണ്ണവും താമസത്തിനും ഭക്ഷണത്തിനും എത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കാനുമുളള ഒരു ഏരിയ. ഭിത്തിയിലെ പെയിൻ്റൊക്കെ ഉണങ്ങി കാണാനും നല്ല ഭംഗിയുള്ള ഡിസൈൻ. എന്തൊ പുതിയ പെയിൻറിംഗ് രീതി എന്നാണു ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ചാക്കോച്ചൻ പറഞ്ഞത്. വാൾ പേപ്പർ സ്റ്റിക്കർ എന്നാണെന്നു തോന്നുന്നു ! എന്തായാലും സൂപ്പർ. കാലിയായ
പെയിൻറു ടിന്നുകളും ഉപയോഗിച്ച ബ്രഷുമൊക്കെ മാറ്റി തറയും നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. ഉറങ്ങുന്നതു വരെ പൂമുഖത്ത് കലപില സംസാരവും ചിരിയും ജനലരികിൽ കിടന്നിരുന്ന എനിക്കു കേൾക്കാമായിരുന്നു. പാവങ്ങൾ! എപ്പോഴാണൊ ഉറങ്ങാൻ പോയത്. ഒരു വിധം പഠിപ്പുള്ളവരാണെങ്കിലും ജോലി
ഏറ്റെടുത്തവനെ സഹായിക്കാൻ എല്ലാവരും ഒത്തു ചേരുന്നു. 'ഐക്യമത്യം മഹാബലം' എന്ന തിരിച്ചറിവുള്ള ആൺകുട്ടികൾ.
പുറത്ത് നല്ല വെളിച്ചവും കാലാവസ്ഥയും. ഒരു വശത്ത് റിസോർട്ടിൻ്റെ പേരുള്ള ബോർഡ്.
റിസോർട്ടിനു പുറത്ത് വഴിയിൽ പോത്തുപാറ, സീതാർഗുണ്ട് നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളുടെ പേരും ദിശയും കാണിക്കുന്ന സൈൻ ബോർഡും. വഴിക്കു മുകളിലിരിക്കുന്ന റിസോർട്ടിലേക്കു കയറാൻ പാതി വരെ ചരിച്ചു വെട്ടി കെട്ടിയ സ്റ്റെപ്പുകളാണ് . അതിരു തിരിച്ചിരിക്കുന്ന വേലിക്കു പുറത്ത് പല കളറിലുള്ള സീനിയയും മറ്റു പൂച്ചെടികളും പൂത്തു നിൽക്കുന്നു.
വഴിക്കു താഴെ നല്ല ഒരു അരുവി ഒഴുകുന്നുണ്ടെന്നറിഞ്ഞു പലരും അതു കാണാൻ അങ്ങോട്ടു പോയി. ഞാൻ മാത്രം നൈറ്റിയിൽ നിന്നിരുന്നതു കൊണ്ടും പ്രായത്തെ മാനിച്ചും റിസോർട്ടിൻ്റെ മുറ്റത്തു നിന്ന് ചീവിടിൻ്റെ ചിലപ്പും പക്ഷികളുടെ കളകൂജനങ്ങളും കേട്ടു നിന്നു. ഒപ്പം ഒരു വേഴാമ്പലിനേയും
കാണാൻ സാധിച്ചു.വേഴാമ്പലിൻ്റെ ജീവിതം പരിശോധിച്ചാൽ ഒരേ ഒരു ഇണ മാത്രമേ ജീവിതാന്ത്യം വരെ ഉണ്ടാവു എന്ന കേട്ടറിവ് എനിക്കൽഭുതമായിരുന്നു. പെൺ വേഴാമ്പൽ കൂട്ടിൽ മുട്ടയ്ക്കു മേൽ അടയിരിക്കുമ്പോഴും മുട്ട വിരിഞ്ഞു കുഞ്ഞായാലും ആൺ വേഴാമ്പൽ തീറ്റയുമായെത്തും. ആണിന് എന്തെങ്കിലും സംഭവിച്ചു പോയാൽ പെൺ വേഴാമ്പലും കുഞ്ഞുങ്ങളും ചാവുകയേ ഉള്ളു വത്രെ.
താഴേക്ക് പോയവർ തിരികെ വന്നു ,തണുത്ത ഒഴുക്കു വെള്ളത്തിലിറങ്ങി കാൽ നനച്ചതിൻ്റെ രസം ഒരാൾ പറഞ്ഞപ്പോൾ കയ്യും മുഖവും കഴുകിയതിൻ്റെ സുഖം മറ്റൊരാൾ.തോർത്തും സോപ്പും ഡ്രസ്സുമെടുത്തിരുന്നെങ്കിൽ കുളിച്ചു കയറി പോരാമായിരുന്നു എന്നടുത്തയാൾ.സ്ത്രീകൾക്കു കുളിക്കാനും നനയ്ക്കാനുമായി ഒരു ഭാഗം മറച്ചു കെട്ടിയിട്ടുണ്ടത്രെ
നീരൊഴുക്കു കണ്ടു തിരിച്ചു വന്നവർ പറഞ്ഞതു കേട്ട് എനിക്കും ആ അരുവിയൊന്നു കാണാൻ മോഹമുണ്ടായി. തലേന്ന് പറഞ്ഞുറപ്പിച്ച ഇഡ്ഡലി സാമ്പാർ ചട്ട്ണി .ഏത്തപ്പഴം പുഴുങ്ങിയത് കൊണ്ടു വന്നു വച്ചിരിക്കുന്നതു കഴിക്കണം.
വണ്ടി വരുന്നതിനുസരിച്ച് എല്ലാവരും പുറപ്പെടാൻ തയാറാകണം.അതിനാൽ ആഗ്രഹം ഉള്ളിലൊതുക്കി അകത്തു കയറി.മാത്രമല്ല താഴേക്കു പോകുമ്പോൾ മാറി മാറി എന്നെ വിളിച്ചതുമാണ്. നൈറ്റിയുടെ കാര്യംപറഞ്ഞപ്പോൾ അതിനെന്താ ഇതൊരോണം കേറാ മൂലയല്ലേ ഇവിടെ ആരാണതൊക്കെ നോക്കാൻ എന്ന മറുപടിയും കിട്ടിയതാണ്. പിന്നെ ഒറ്റക്കൊരു പോക്ക് ഒഴിവാക്കുന്നതല്ലേ നല്ലത്. വല്ലിടത്തും കല്ലിൽ തട്ടി വീണു പോയാലൊ! വേണ്ട.
വീഡിയോയുമെടുത്തൊരാൾ ഒപ്പമുണ്ടായിരുന്നതുകൊണ്ട് അതു കണ്ട് സായൂജ്യമടഞ്ഞു.
തുടരും