അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ബാധിച്ചേക്കും
പ്രസാദ് തീയാടിക്കൽ
വാഷിങ്ടൺ: അമേരിക്കയിൽ അഭയം തേടിയതോ നിലവിൽ അഭയാർഥി പദവിക്കായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നതോ ആയ വിദേശികളുടെ B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നടപടി നടപ്പായാൽ ഏകദേശം രണ്ട് ലക്ഷം വിദേശികളെ വരെ ബാധിച്ചേക്കാമെന്നും, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണത്തെ കൂട്ട വിസ റദ്ദാക്കലായി ഇത് മാറിയേക്കാമെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ രേഖകളും രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. 2016 മുതൽ 2026 വരെ അനുവദിച്ച B1, B2 വിസകളിൽ, പിന്നീട് അമേരിക്കയിൽ അഭയത്തിനായി അപേക്ഷിച്ചവരുടെയോ ഇപ്പോൾ അപേക്ഷിച്ചുകൊണ്ടിരിക്കുന്നവരു ഹ്രസ്വകാല സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ശേഷം സ്ഥിരമായി രാജ്യത്ത് തുടരുന്നതിനായി അഭയാർഥി അപേക്ഷ സമർപ്പിച്ചവരുടെ നോൺ-ഇമിഗ്രന്റ് വിസകൾ കണ്ടെത്തി റദ്ദാക്കുന്നതിനായി ഹോംലാൻഡ് സെക്യൂരിറ്റിയുമായി ഏകോപനം നടത്തുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
എന്നാൽ കൃത്യമായി എത്ര വിസകൾ റദ്ദാക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയും വിസ റദ്ദാക്കലും തുടർച്ചയായ പ്രക്രിയയായതിനാൽ എണ്ണം മാറിക്കൊണ്ടിരിക്കാമെന്നാണ് വിശദീകരണം.
B1/B2 വിസ റദ്ദാക്കുന്നത് ഉടൻ നാടുകടത്തലിന് തുല്യമല്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അഭയാർഥി അപേക്ഷകൾ പരിഗണനയിലുള്ള പലർക്കും അവരുടെ കേസുകൾ തുടരാനാകുമെങ്കിലും, ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് യാത്രക്കാരെന്ന നിലയിലുള്ള വിസ പദവി നഷ്ടപ്പെടാം.
B1 വിസ സാധാരണയായി ബിസിനസ് ആവശ്യങ്ങൾക്കായും B2 വിസ വിനോദസഞ്ചാരം, കുടുംബസന്ദർശനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായുമാണ് അനുവദിക്കുന്നത്.
നിലവിൽ B1/B2 വിസയ്ക്ക് അപേക്ഷിക്കുന്നവർ അമേരിക്കയിൽ അഭയം തേടാൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദർശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും തെളിയിക്കേണ്ടതുണ്ട്. ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസ ഉപയോഗിച്ച് അമേരിക്കയിലെത്തി പിന്നീട് അഭയാർഥി അപേക്ഷ നൽകുന്നത് കുടിയേറ്റ നിയമങ്ങൾ മറികടക്കാനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
കഴിഞ്ഞ 18 മാസത്തിനിടെ വിവിധ കാരണങ്ങളാൽ ഏകദേശം 1.75 ലക്ഷം വിസകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രണ്ട് ലക്ഷം വരെ വിസകൾ റദ്ദാക്കാനുള്ള പുതിയ നീക്കം അന്തിമ തീരുമാനമായിട്ടില്ല. നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്താൽ നിയമപരമായ വെല്ലുവിളികൾ കോടതികളിൽ ഉയരാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനാൽ നിലവിൽ ഇത് നടപ്പിലായ തീരുമാനം എന്നതിലുപരി, ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്ന നടപടിയായാണ് കാണേണ്ടത്.