മലയാളിയ്ക്ക് അബുദാബി ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹം സമ്മാനം

Aug 16, 2026 - 19:11
 0  3
മലയാളിയ്ക്ക് അബുദാബി ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹം സമ്മാനം

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളിക്ക്  സമ്മാനം. സുഹൃത്ത് യാദൃച്ഛികമായി തിരഞ്ഞെടുത്ത നമ്പറിലൂടെയാണ് യു.എ.ഇയിലെ പ്രവാസി മലയാളിയായ സൈദലവി കരിയോടന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനമടിച്ചത്.

കഴിഞ്ഞ 17 വർഷമായി യു.എ.ഇയിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് 44 കാരനായ സൈദലവി. ബിഗ് ടിക്കറ്റിന്റെ സീരീസ് 289ലാണ് സമ്മാനമടിച്ചത്. കഴിഞ്ഞ നാലു വർഷമായി സുഹൃത്തുക്കൾ ചേർന്നാണ് ഇദ്ദേഹം സ്ഥിരമായി ടിക്കറ്റുകൾ എടുത്തിരുന്നത്. കൂട്ടുകാരനായ അനൂപാണ് ഇത്തവണത്തെ ഭാഗ്യ ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. 

സമ്മാനത്തുകയുടെ ഒരു പങ്ക് നാട്ടിലുള്ള കുടുംബത്തിന് അയക്കാനാണ് തീരുമാനമെന്നും, പ്രതീക്ഷ കൈവിടാതെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റും ഇതിനകം എടുത്തുകഴിഞ്ഞതായും സൈദലവി പറഞ്ഞു. സൈദലവിക്ക് പുറമെ മലയാളികളായ അഖിൽ ചന്ദ്രൻ ആർ.പി, ശരത് ശശിധരൻ എന്നിവരും ബംഗ്ലാദേശ് സ്വദേശികളായ ആരിഫുസ്സമാൻ ഷുവോ, സബുജ് മുഹമ്മദ് ദേലോവർ മുൻഷി എന്നിവരും ഇതേ നറുക്കെടുപ്പിൽ ഓരോ ലക്ഷം ദിർഹം വീതം സ്വന്തമാക്കിയിട്ടുണ്ട്.