ഏഴാം ഭാഗം
തലേന്നു പോയ വണ്ടി നെന്മാറയിലെ വീട്ടിൽ ഇട്ടിട്ട് കോട്ടയത്തു നിന്നു മകൾ വിളിച്ചു കൊണ്ടു വന്ന വണ്ടിയുമായാണ് ഡ്രൈവർ മോളെയും കൊണ്ടു പോയിരിക്കുന്നത്. മോളെ എയർപോർട്ടിൽ വിട്ടിട്ട് തിരികെ വന്ന് ആ വണ്ടി നെന്മാറയിലെ വീട്ടിലിട്ടിട്ടു അവിടെക്കിടക്കുന്ന വലിയ വണ്ടിയുമായി വേണം എത്താൻ. ഒരാൾ കുറഞ്ഞപ്പോൾ രണ്ടു പേർ കൂടിയല്ലൊ. ഒരുങ്ങി പെട്ടിയും പ്രമാണവുമൊക്കെ പാക്കു ചെയ്ത് കാത്തിരിക്കാം.
ഞങ്ങളുടെ മുറിയിൽ ആൺ ഭൂരിപക്ഷമായതിനാൽ ഞാൻ എൻ്റെ ഒരുക്കത്തിനുള്ള സാമഗ്രി കളുമായി കുട്ടികളുടെ മുറിയിലേക്കു പോയി അവിടെ രമ്യയും ഉണ്ടല്ലൊ തലേന്നത്തെ യാത്രയിൽ ഒപ്പമുണ്ടായിരുന്നതു കൊണ്ട് ഒരു പ്രത്യേക മമത ആ കുട്ടിയോടും തോന്നിയിരുന്നു.
കുട്ടികൾ രണ്ടു പേരും കട്ടിലിലിരുന്ന് ഇയർ ഫോൺ ചെവിയിൽ വച്ച് മൊബൈലിൽ നോക്കിയിരിക്കുന്നു .രമ്യ കുളി കഴിഞ്ഞ് ഡ്രസ്സ് മാറി തലമുടി ചീകിക്കൊണ്ടു നിൽക്കുന്നു.എല്ലാ മുറികൾക്കും ടോയ്ലറ്റിനു പുറത്ത് വാഷ് ബേസിനും ഡ്രസ്സിംഗ് റൂമും ഉണ്ടായിരുന്നതു കൊണ്ട് ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾക്കായി അകത്തും പുറത്തുമായി ബുദ്ധിമുട്ടില്ലാതെ പ്രാഥമീകകാര്യങ്ങൾ നടത്താനും ഉടുത്തൊരുങ്ങാനുംസൗകര്യമായി
ഇടയ്ക്കു ഞാൻ കൊച്ചുമോളോട് ചോദിച്ചു 'അങ്കിൾ ബറ്റ് വച്ച രൂപ തന്നൊ? 'ഇല്ലെന്ന് പറഞ്ഞ് മോൾ ചിരിച്ചു.ഞാൻ ധൈര്യം കൊടുത്തു അങ്കിൾ ബറ്റ് വച്ചതല്ലേ അങ്ങനെ വിട്ടു കൊടുക്കരുത് .വന്നേ നമുക്കതു വാങ്ങിയിട്ട് അങ്കിളിനെ ഇവിടുന്നു വിട്ടാൽ മതി. ഞാൻ മോളെ എരു കേറ്റി. പിന്നെ മോൾ മടിച്ചില്ല. എൻ്റെ മനസ്സിൽ മറ്റൊന്നായിരുന്നു. വീട്ടിൽ വന്നു വണ്ടിയിൽ കൊണ്ടു പോന്നവർ വഴിയിൽ ഒരു ചിലവുപോലും നമ്മുടെ പോക്കറ്റിൽ നിന്നു പോയിട്ടില്ല. എന്തിന് വീട്ടിൽ കൊടുക്കാൻ ബേക്കറിയിൽ നിന്നു വാങ്ങിയ സാധനങ്ങളുടെ പോലും.ഇങ്ങനെയെങ്കിലും ഒരു തുക ആ കൈകളിൽ എത്തട്ടെ.
വണ്ടി വരുന്നതു വരെ സമയമുണ്ട് നമുക്കൊന്ന് പുറത്തു പോയാലൊ ഞാൻ രമ്യയോട് പറഞ്ഞു. തലേന്ന് പള്ളിയിൽ കയറിയില്ല അതിനപ്പുറവും കണ്ടില്ല. രമ്യയും ശരി എന്നു പറഞ്ഞു സാറിനോട് സമ്മതം വാങ്ങി പുറത്തേക്കിറങ്ങി. ഞാനും മാറിയ ഡ്രസ്സും കയ്യിലെടുത്തിരുന്ന ചീപ്പും മറ്റു കാര്യങ്ങളും തിരികെ റൂമിൽ കൊണ്ടു പോയി വച്ച് അവരോട് സൂചിപ്പിച്ച് പുറത്തു വന്നു. തലേന്നു കയറിയ പുറകിലത്തെ വാതിലിൽ കൂടി വേലി കെട്ടി തിരിച്ച ഭാഗവും കടന്ന് പുറത്തേ ക്കിറങ്ങി, ഇടത്തെ ഓരം ചേർന്ന് പള്ളിയിലേക്കു നടന്നു.
പള്ളി തുറന്നിരുന്നില്ല. തലേന്നു പള്ളി തുറന്നിരുന്നു. അപ്പോൾ മോൾ പോകുന്ന തിരക്കിൽ കയറാതെ പോന്നതബദ്ധമായി എന്നു തോന്നി.കുരിശടിയിൽ കണ്ട കാണിക്ക വഞ്ചിയിൽ നേർച്ച സമർപ്പിച്ച് അല്പനേരം മൗന പ്രാർത്ഥനയിൽ നിന്നു. പിന്നെ ആ വശത്തെ കാഴ്ചകൾ കണ്ട് മുന്നോട്ടു നീങ്ങി. പള്ളിക്കപ്പുറം ഒന്നു രണ്ടു വീടുകളും മറ്റു കെട്ടിടങ്ങളും ഉണ്ടായിരുന്നു. അങ്ങോട്ടൊരു ചെറിയ വഴിയും. ഞങ്ങൾ നടന്നു ചെന്ന വഴി നേരെ നെല്ലിയാമ്പതിക്കുള്ളതായിരുന്നു. വഴിക്കിരുപുറവും വിശാലമായ തേയിലത്തോട്ടത്തിൻ്റെ പച്ചപ്പു കണ്ടു. തേയിലത്തോട്ടം എവിടെ കണ്ടാലും ബാല്യകാലത്തിൻ്റെ സ്മരണകൾ എന്നിലുണർത്തും. ഒരു തരം നൊസ്റ്റാൾജിയ.
ജംഗ്ഷനിൽ പോത്തുപാറ എന്ന ബോർഡു കണ്ടു. എ വി റ്റി ടീ എസ്റ്റേറ്റ് ആയിരുന്നു അത്. രമ്യക്ക് തേയിലച്ചെടികളുടെ അടുത്തേക്ക് പോകണമെന്നായി. ഞങ്ങൾ പതിയെ അങ്ങോട്ടേക്കു നടന്നു.അവിടെ അക്സീനയും കുട്ടികളും നിൽക്കുന്നു.തേയില സീനറിയാക്കി ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നു. ഇതെപ്പോ എങ്ങനെ വന്നു എന്നു ചിന്തിച്ചു ഞങ്ങളും അക്കൂട്ടത്തിൽ കൂടി. പിന്നാലെ ബിജുവും എത്തി വണ്ടി വന്നു എന്നറിയിക്കാൻ.എല്ലാവരും ചേർന്നും അവർ കുടുംബമായും ഫോട്ടോകൾ എടുത്തു. പിന്നാലെ സോഫിയും എത്തി ഒപ്പം ചേർന്നു ഞങ്ങളുടെ ഊഴം കഴിഞ്ഞപ്പോൾ ഞങ്ങൾ പെട്ടെന്ന് തിരികെ നടന്നു. സോഫി ആ വശത്തുള്ള കോൺവെൻ്റും രാമചന്ദ്രൻ്റെ കടയും കാണിച്ചു തന്നു. അവരോട് നടന്നു കൊള്ളാൻ പറഞ്ഞ് ഞാൻ രാമചന്ദ്രൻ്റെ കടയിലേക്കു കയറി. രാമചന്ദ്രൻ്റെ ഭാര്യ ഒരു കാൻസർ രോഗിയാണെ ന്നറിഞ്ഞിരുന്നു. വെറുതെ ഒന്നു കാണാൻ. മാത്രമല്ല രാമചന്ദ്രൻ്റെ കയ്യിൽ എന്തെങ്കിലും കൊടുക്കുകയും ആവാമല്ലൊ. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നല്ലേ ? അതാണ് മറ്റുള്ളവരെ മുന്നോട്ടു വിട്ടത്.
തലേന്ന് കാറിൽ നിന്ന് ഇറ ങ്ങുമ്പോൾ രമ്യയോട് ഞാൻ പറഞ്ഞിരുന്നു 'നമുക്കു നാളെ ആ വണ്ടിയിൽ കയറാം ഇതിൽ കൂട്ടുകാർ മൂവരും സാറിൻ്റെ മകനും കയറട്ടെ 'അതുകേട്ടതു കൊണ്ടാവണം എൻ്റെ ഭർത്താവ് ആദ്യം തന്നെ ആ വണ്ടിയിൽ കയറിക്കൂടി. ഞങ്ങളാവട്ടെ ബാഗ് എടുക്കാനും യാത്രക്കു മുൻപ് ഒരിക്കൽ കൂടി ടോയ്‌ലറ്റിൽ കയറാനും അകത്തേക്കു
പോയിരുന്നു.
വീണ്ടും ഞങ്ങൾ വന്ന കാറിൽ തന്നെ കയറി മുൻസീറ്റിൽ സാറും മകനും. പിൻസീറ്റിൽ ഞങ്ങൾക്ക് സുഖമായി രണ്ടു സീറ്റിൽ ഇരുന്നു പോകാമല്ലൊ എന്നും കരുതി. ആ വ്യാമോഹം വൃഥാവിലായി. വലിയ വണ്ടിയിൽ മോനും കുടുംബവും അവരോടൊപ്പം സോഫിയും കൂടി. പിന്നെ അതിൽ സീറ്റില്ല. അങ്ങനെ ചാക്കോച്ചൻ ഞങ്ങളോടൊപ്പം ചേർന്നു. തേയിലക്കാടുകൾക്ക് ഇടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ് .ഇടക്ക് ഒന്നു രണ്ടു സ്ഥലങ്ങളിൽ ഇറങ്ങി ചാക്കോച്ചൻ പഠിപ്പിച്ച സ്കൂൾ കാണിച്ചും കാഴ്ചകൾ കണ്ട് വിവരണം തന്നും ഫോട്ടോകൾ എടുത്തും വണ്ടി മുന്നോട്ടു നീങ്ങി.
തേയിലക്കാടുകൾക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതകളിലൂടെ വീണ്ടും കുറേ ദൂരം വണ്ടികൾ ഓടിക്കാണണം. മുന്നിൽ ഇടത്തേക്കും വലത്തേക്കുമായി രണ്ടു വഴികൾ കണ്ടു .രണ്ടും കയറ്റത്തിലേക്കുള്ളവ. ഇടത്തേ വഴി ക്രോസ്സ് ബാറിട്ട് ബന്ധിച്ചിരിക്കുന്നു. വഴി നിറയെ കരിയിലയും.ടയർ ഉരുണ്ട പാടുകൾ കളകൾ വന്നു മൂടിയിരിക്കുന്നു.ചെടികൾ വളർന്നു നിൽക്കുന്നത് വർഷങ്ങളായി ആ വഴിയിലൂടെ വാഹനങ്ങൾ കടന്നു പോയിട്ട് എന്നു വിളിച്ചോതി. ഞങ്ങളോടൊപ്പം ഇരുന്ന ചാക്കോച്ചൻ പറഞ്ഞു അത് ഒരു ഫാക്ടറിയിലേക്കുള്ള വഴിയാണ് വർഷങ്ങളായി ആ ഫാക്ടറി ക്ലോസ് ചെയ്തിട്ടെന്ന്.
ഞങ്ങൾക്കു പോകേണ്ടതു വലത്തെ വഴിയിലൂടെയാണ്. കാണാൻ പോകുന്നത് ഭംഗിയുള്ള സീതാർകുണ്ട് വാലി വ്യൂ. റ്റീം ലീഡർ ഇപ്പോൾ ഞങ്ങളുടെ വണ്ടിയിലാണ് . അതുകൊണ്ടു തന്നെ ഞങ്ങളുടെ വണ്ടിയാണ് മുന്നിൽ ഓടിക്കൊണ്ടിരിക്കുന്നത്. വണ്ടികൾ രണ്ടും കയറ്റം കയറി കുറേ മുന്നോട്ടോടിയിരിക്കും അവിടെ രണ്ടു മൂന്നു വണ്ടികൾ പാർക്കു ചെയ്തിരിക്കുന്നതും ഒരു കോഫി ഷോപ്പുൾപ്പെടെ ഒന്നുരണ്ടൂ കടകളും കാണാനായി. വണ്ടി പാർക്കു ചെയ്തപ്പോൾ മുകളിലേക്ക് ആരോമാർക്കിട്ട സൈൻ ബോർഡും വഴിയും കണ്ടു.അത് വാഹനങ്ങൾ കയറാത്ത വിധം ചങ്ങലയാൽ ബന്ധിതമായിരുന്നു രണ്ടു സൈഡിലൂടെയും ഒരാൾ വീതം കടക്കത്തക്കവിധം വിടവും. ക്യൂ പാലിച്ചു വേണം കയറാൻ. കാഴ്ച കാണാൻ പോകുന്നവർക്കു കയറാൻ ഒന്നും കണ്ടു മടങ്ങുന്ന വർക്ക് ഇറങ്ങാൻ അടുത്തതും. ഞങ്ങളുടെ വണ്ടിയിലെ സാറിനു കുന്നു കയറാൻ പോയിട്ട് കാറിൽ നിന്നിറങ്ങാൻ പോലും താൽപര്യം ഇല്ല. കയറ്റം കണ്ടപ്പോൾ എൻ്റെ ഭർത്താവിനും അങ്ങനെ തന്നെ. രണ്ടു പേരും അവിടെത്തന്നെ കൂടി.കൂട്ടുകാരനായ നാട്ടുകാരൻ ആതിഥ്യമര്യാദ കണക്കിലെടുത്ത്
മുന്നോട്ടു നടന്നു.ഭാര്യ സോഫിയും മറ്റുള്ളവരോടൊപ്പം നടന്നു.രമ്യ എനിക്കു വേണ്ടി കാത്തു നിന്നു.
ഏതായാലും ഇറങ്ങി തിരിച്ചതല്ലെ എന്ന ചിന്തയിൽ ഞാനും കയറ്റം കയറിത്തുടങ്ങി. രമ്യ എന്നെ സഹായിച്ചു കൊണ്ട് ഒപ്പവും. ഞങ്ങൾ നടന്നു കയറുന്നതു കണ്ടിട്ടാവണം മുന്നോട്ടു നടന്ന വർ അല്പം ഒതുങ്ങി ഞങ്ങൾ ഒപ്പം ചെല്ലാൻ കാത്തു നിന്നു. അണച്ചും കിതച്ചും ഒരു വിധം മുകളിലെത്തി. സോഫിയും മറിച്ചായിരുന്നില്ല. വീറോടേ ഇറങ്ങിത്തിരിച്ചതാണ്. പാവം ! സ്വന്തം അരുതായ്കകൾ മറ്റുള്ളവർ അറിയാതിരിക്കാൻ. ഞങ്ങളും അതറിഞ്ഞ ഭാവം കാണിക്കാതെ താഴ്‌വാരത്തിലെ കാഴ്ച കാണാൻ സൗകര്യം നോക്കി പതുക്കെ മുന്നോട്ടുനടന്നു. പല തട്ടുകളായി പാറകൾ.
സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാൽ മടിയുകയൊ താഴെ വീഴുകയൊ ചെയ്യും. ഭാഗ്യത്തിന് ചുറ്റും വേലി കെട്ടി തിരിച്ചിരിക്കുന്നു. നേരത്തെ അങ്ങനെ ഒരു വേലി അവിടെ ഉണ്ടായിരുന്നില്ലത്രെ.ഒന്നുരണ്ടു പേരുടെ ആകസ്മിക മരണങ്ങൾ അങ്ങനെ ഒരു വേലി കെട്ടലിന് കാരണമായി.ഒന്നൊരു പെൺകുട്ടിയുടെ ആത്മഹത്യ. മറ്റൊന്ന് ഒരു ഫോട്ടോഗ്രാഫറുടെ മരണമായിരുന്നു. ഫോട്ടോ എടുക്കാൻ സൗകര്യം നോക്കി നടന്ന് നടന്ന് മുന്നോട്ടു വച്ച കാൽ പാറക്ക് പുറത്തേക്കായിരുന്നത്രെ.
താഴെ നിബിഢമായ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ വലിയ ഗർത്തവും മൃതശരീരം കണ്ടുപിടിക്കാൻ തന്നെ ദിവസങ്ങൾ എടുത്തത്രെ എല്ലാം പത്രത്തിൽ വന്നിരുന്നതും . അധികം ഇറങ്ങാൻ ശ്രമിക്കാതെ നിന്നിടത്തു നിന്നു തന്നെ ആ ഭംഗി കണ്ടു. നീണ്ടു പരന്നു കിടക്കുന്ന വയൽ.ഇടയിലൂടെ ശുദ്ധമായ തെളിനീരൊഴുക്കുകൾ.അതിൽ കൊച്ചു കൊച്ചു പാറക്കൂട്ടങ്ങൾ. ഒരു ഭാഗത്ത് കൊച്ചു കൊച്ചു കെട്ടിടങ്ങൾ. പള്ളികളുടെ മുഖവാരങ്ങൾ അമ്പലങ്ങളുടെ ചുറ്റുമതിലുകൾ .എല്ലാം ഒരു ദൂരദർശിനിയിലൂടെന്ന പോലെ. പൊട്ടു പൊട്ടു കാഴ്ചകൾ ആയിരുന്നെങ്കിലും അത് കണ്ണിനു കുളിരേകുന്നവ. കുറച്ചു സമയം കൂടി അവിടെ നിൽക്കാൻ താൽപര്യം തോന്നിയെങ്കിലും കൊണ്ടുപോയവർക്ക് തിരികെ എത്തി വേണം പിറ്റേന്നുള്ള യാത്രയ്ക്കു തയാറാകാൻ മാത്രമല്ല ആ കുടുംബത്തെ ഒരു ബന്ധുവിൻ്റെ വീട്ടിൽ അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടും ഉണ്ട്. അതു മാത്രമൊ താഴെ കാത്തിരിക്കുന്ന രണ്ടു പേരും പ്രായമായവർ അവരെ അക്ഷമരാക്കരുതല്ലൊ. തിരിച്ചിറക്കം ഒരുവിധം സ്പീഡിൽ തന്നെയായിരുന്നു.കല്ലിൽ തട്ടിയും തടഞ്ഞും വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടു ഞാനും എന്നെ പിടിച്ചു കൊണ്ടു രമ്യയും ശ്രദ്ധിച്ചു സോഫിയും ഒപ്പമൊപ്പം കാൽ വച്ചു.
താഴെയെത്തിക്കഴിഞ്ഞപ്പോൾ ഒരു ചുടു കാപ്പി കുടിക്കണമെന്ന തോന്നൽ ശതഗുണീഭവിച്ചു. ഒപ്പം ഉള്ളിലുള്ളതു പുറത്തു കളഞ്ഞിട്ടാവാമെന്നു മറ്റൊരു കൂട്ടർ. രണ്ടാമത്തേ കാര്യത്തിനു മുൻതൂക്കം കൊടുത്ത് അതിനുള്ള സ്ഥലം തേടി .വഴിക്കു താഴെ അങ്ങനെയൊരു രണ്ടുമുറി കെട്ടിടം കണ്ടിരുന്നു. പക്ഷെ ബോർഡ് ശ്രദ്ധയിൽ പെട്ടിരുന്നില്ല. എല്ലാവരും ഒരുമിച്ചുതന്നെ പോയി കാര്യനിവർത്തി വരുത്തി തിരിച്ചു കയറിയപ്പോൾ വഴിയിൽ നിന്നു കണ്ട പടിക്കെട്ടുകൾ നേരെ കോഫീ ഷോപ്പിരിക്കുന്ന കെട്ടിടത്തിൻ്റെ വശത്തേക്കുള്ളതാണെന്നു മനസ്സിലായി. നേരത്തെ ചെന്ന പുരുഷന്മാർ ഓർഡർ കൊടുത്തിരുന്നു. അങ്കിളും കടയിൽ എത്തിയിരുന്നു കാറിലിരുന്ന സാറിനും മക്കൾ എത്തിച്ചു കൊടുത്തു. ഞങ്ങളും
ചെന്നവർ ചെന്നവർ ചുടുചുടെ ഓരോ വടയും കഴിച്ച് കാപ്പിയും കുടിച്ച് വണ്ടിയിലേക്കു മടങ്ങി. കുട്ടികൾ രണ്ടു പേരും ഓരോ ജൂസ് ബോട്ടിൽ കയ്യിൽ കരുതിയി രുന്നു.അവരവർക്കിഷ്ടമുള്ളതാണല്ലൊ ഇപ്പോഴത്തെ കുട്ടികളുടെ ട്രെൻഡ് .
തുടരും