വൃദ്ധസദനത്തിൽ മരിച്ച പിതാവിൻ്റെ സംസ്‌കാരത്തില്‍ മക്കള്‍ പങ്കെടുത്തത് വീഡിയോ കോളിലൂടെ : ഡിജിറ്റൽ യുഗത്തിലെ അകലുന്ന കുടുംബ ബന്ധങ്ങൾ
ഹരിയാനയിലെ സോണിപേട്ടില്‍ നിന്ന് അടുത്ത ദിവസം പുറത്തുവന്ന വാര്‍ത്ത ആധുനിക സമൂഹം നേരിടുന്ന അതിദാരുണമായ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർച്ചിത്രമായി. വയോജന മന്ദിരത്തിൽ അന്തരിച്ച 74-കാരനായ വസ്ത്ര വ്യാപാരി ശിവചരൺ ഗുപ്തയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ മൂന്ന് പെൺമക്കളിൽ ഒരാൾ പോലും എത്തിയില്ല. പകരം വീഡിയോ കോളിലൂടെ മക്കള്‍ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുകയായിരുന്നു. ഒരു ആയുസിൻ്റെ സമ്പാദ്യവും സ്നേഹവും നൽകി മക്കളെ വളർത്തിയ ഒരച്ഛന് നേരിടേണ്ടി വന്ന ദുരവസ്ഥ ചിന്തനീയമായി . വൃദ്ധ സദനത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ അന്ത്യശ്വാസം വലിച്ച എഴുപതുകാരനായ പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞിട്ടും ഓടിയെത്താനോ അന്ത്യകര്‍മങ്ങളില്‍ പങ്കുകൊള്ളാനോ ഉത്തര്‍പ്രദേശിലും മുംബൈയിലും നേപ്പാളിലുമായി ജോലി ചെയ്യുന്ന മക്കള്‍ക്ക് സമയവും താല്പര്യവുമുണ്ടായില്ല . ‘സംസ്‌കാരച്ചടങ്ങിന് നേരിട്ടെത്താന്‍ സമയമില്ല, ചടങ്ങുകള്‍ വീഡിയോയിലൂടെ കണ്ടുകൊള്ളാ’മെന്നായിരുന്നു വൃദ്ധസദന നടത്തിപ്പുകാരനോട് മക്കള്‍ അറിയിച്ചത്.
അന്ത്യയാത്രയിൽ സ്വന്തം അച്ഛന്റെ മുഖമൊന്ന് നേരിൽ കാണാൻ പോലും സാവകാശമില്ലാത്തവിധം തിരക്കുപിടിച്ച ജീവിതത്തിനുടമകളായ അവർ , സംസ്കാരച്ചെലവിനായി ഗൂഗിൾ പേ വഴി 5,100 രൂപ അയച്ചുനൽകിയിരുന്നു. വീഡിയോ കോളിൽ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ മക്കളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റവും പരക്കെ വിമർശനവിധേയമായി.
പിതാവിന്റെ അന്ത്യ ചടങ്ങുകൾ സ്ക്രീനിലൂടെ കണ്ട് കടമ തീർക്കുന്ന പുതിയകാല സംസ്കാരം ശേഷിപ്പിക്കുന്നത് മാതാപിതാക്കളുടെ നൊമ്പരങ്ങളാണ് .
ആരോഗ്യരംഗത്തും പ്രബുദ്ധതയിലും നമ്പർ വൺ എന്ന് അവകാശപ്പെടുമ്പോഴും, വാർദ്ധക്യത്തിൽ കേരളസമൂഹത്തിലും മാതാപിതാക്കൾ ഇന്ന് അവഗണിക്കപ്പെടുകയാണ് . ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടി മക്കൾ വിദേശങ്ങളിലോ മറ്റ് നഗരങ്ങളിലോ ചേക്കേറുമ്പോൾ, മാതാപിതാക്കൾ നാട്ടിലെ വൃദ്ധസദനങ്ങളിലേക്ക് ഒറ്റപ്പെടുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിന് പണം അയച്ചുനൽകിയാൽ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന ചിന്താഗതി അപകടകരമാണ്.
പണവും സൗകര്യങ്ങളും കൊണ്ട് തീരുന്നതല്ല വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ. അച്ഛനമ്മമാർക്ക് ആവശ്യം അക്കൗണ്ടിലേക്ക് വന്നെത്തുന്ന പണമല്ല, മറിച്ച് അരികിലിരുന്ന് വിശേഷങ്ങൾ ചോദിച്ചറിയാനുള്ള സ്നേഹവും പരിചരണവുമാണ്. ജീവിച്ചിരുന്നപ്പോൾ കൂടെയിരിക്കാൻ സമയമില്ലാതിരുന്നവർ, അവസാനയാത്രയിലും ഒരു സ്‌ക്രീനിലെ ദൃശ്യമായി മാത്രം ഒതുങ്ങുന്നത് മാതാപിതാക്കളോട് കാട്ടുന്ന ഏറ്റവും വലിയ അനാദരവാണ്.
മേല്പറഞ്ഞ സംഭവം നമ്മുടെ നാട്ടിൽ നിന്നല്ല റിപ്പോർട്ട് ചെയ്തത് എങ്കിൽ പോലും കേരളത്തിലും ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതിനൊപ്പം തന്നെ വൃദ്ധസദനങ്ങളുടെ എണ്ണവും കൂടുന്നു എന്നത് നമ്മുടെ കുടുംബബന്ധങ്ങളിൽ വന്ന വിള്ളലിന്റെ ആഴം വ്യക്തമാക്കുന്നു. നിയമങ്ങളും ബോധവൽക്കരണങ്ങളും നിലനിൽക്കുമ്പോഴും, മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് സ്വന്തം ധാർമ്മിക കടമയാണെന്ന ബോധം നമ്മുടെ സമൂഹവും ഇന്ന് മറന്നുപോകുന്നു .
മരിച്ചുവീഴുമ്പോൾ അരികിലിരുന്ന് ആ മുഖമൊന്ന് കണ്ട് യാത്രാമൊഴി ചൊല്ലാൻ പോലും സമയമില്ലാത്ത മക്കൾ ഇന്നത്തെ സമൂഹം നേരിടുന്ന വൈകാരിക പ്രതിസന്ധിയുടെ പ്രതിഫലനമാണ്. വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്ന മക്കൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്താൻ പ്രയാസങ്ങൾ ഉണ്ടാകാം എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മനഃപൂർവം മാതാപിതാക്കളെ അവഗണിക്കുന്നതിന് തിരക്കുകൾ ന്യായീകരണമാകുന്നില്ല .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതേപോലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.... സ്വത്ത് സ്വന്തം പേരില്‍ എഴുതി വാങ്ങിയ ശേഷം മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നവര്‍, ചികിത്സ കഴിഞ്ഞിട്ടും തിരികെ കൊണ്ടുപോകാതെ ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങള്‍, വൃദ്ധസദനങ്ങളില്‍ വര്‍ഷങ്ങളായി മക്കളുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്ന മാതാപിതാക്കള്‍ തുടങ്ങി അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തെ കുറിച്ച വാർത്തകളേറെ . ആധുനിക കേരളം നേരിടുന്ന ഏറ്റവും ദാരുണമായ വൈകാരിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഈ കാഴ്ചകൾ. സാങ്കേതികവിദ്യ ലോകത്തിന്റെ അതിരുകൾ മായ്ച്ചു കളഞ്ഞപ്പോൾ, അത് മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള ദൂരവും കൂട്ടിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥത്വത്തിന്റെ കയ്പ്പ്നീർ കുടിക്കേണ്ടി വരുന്ന ഓരോ മാതാപിതാക്കളും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ പരാജയമാണ്. സാങ്കേതികവിദ്യ ലോകത്തെ എത്ര അടുത്താക്കിയാലും, നേരിട്ടുള്ള ഒരു സ്പർശനത്തിനോ സാന്നിധ്യത്തിനോ പകരം വെക്കാൻ വീഡിയോ കോളുകൾക്കാവില്ല. നാളത്തെ വാർദ്ധക്യം നമ്മുടേത് കൂടിയാണെന്ന ഓർമ്മപ്പെടുത്തലോടെ, മാതാപിതാക്കളെ കരുതാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.