1988-ൽ ശ്രീനിവാസന്‍റെ തിരക്കഥയിൽ, പ്രിയദർശന്‍റെ സംവിധാന മികവിൽ പിറന്ന ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ മലയാള സിനിമയിലെ വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ ആ മനോഹര സിനിമയുടെ ആശയം മലയാളത്തിൽ മാത്രം പിറന്നതല്ലെന്നതാണ് കൗതുകകരമായ വസ്തുത.
പ്രചോദനം സാസാ ആനി കസവ് ( (Hare and Tortoise) എന്ന മറാത്തി നാടകത്തെ അടിസ്ഥാനമാക്കി 1983 ല്‍ നിര്‍മ്മിച്ച ഹിന്ദി ചിത്രമായ 'കഥ'യിൽ നിന്നാണ്.
ഒരു കഥ മറ്റൊരു ഭാഷയിലേക്കും കാലത്തിലേക്കും സഞ്ചരിക്കുമ്പോൾ അതിന്റെ ആത്മാവ് പുതിയ രൂപവും പുതിയ ഭാവവും കൈവരിക്കുന്നു. അങ്ങനെ, മറാത്തി നാടകത്തിൽ നിന്ന് ഹിന്ദി സിനിമയിലേക്കും അവിടെ നിന്ന് മലയാളത്തിന്റെ സ്വന്തം ചലച്ചിത്രഭാവുകത്വത്തിലേക്കും സഞ്ചരിച്ച ഒരു ആശയം, ശ്രീനിവാസന്‍റെ രചനയിലൂടെയും പ്രിയദര്‍ശന്‍റെ സംവിധാനത്തിലൂടെയും മലയാളികളുടെ മനസ്സിൽ അനശ്വരമായൊരു സിനിമാനുഭവമായി മാറുകയായിരുന്നു.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ എന്ന ഗാനം ഓര്‍മ്മകളുടെ രാഗസരോവരത്തിലെ നീലാംബരിയാണ്
ചില പാട്ടുകളുമായി ഓർമ്മകളിൽ നിന്നൊരിക്കലും മാഞ്ഞു പോകാത്ത ബന്ധം എല്ലാവർക്കുമുണ്ടാകും. ജീവിതത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളുമായി പാട്ടിന് ബന്ധമുണ്ടാവും.
എനിക്കും അങ്ങനെ ബന്ധമുള്ള ഒരു പാട്ടാണ് ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ….
താലി കാണുമ്പോൾ ഈ പാട്ട് ഓർമ്മ വരും. വളരെ രസകരമായ ഒരു സംഭവം ഇതിനു പിന്നിലുണ്ട്. ഈ പാട്ടിലെ ഹൈലൈറ്റ് വരികള്‍ കേള്‍ക്കണം…ഒരു രക്ഷയില്ല..അത്ര അടിപൊളി വരികള്‍….
.
നിന്നെയണിയിക്കാൻ* *താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
ഈ ഗാനവുമായി വളരെ അടുത്ത രസകരമായ ഒരു ബന്ധം എനിക്കുണ്ടെന്നു പറഞ്ഞല്ലോ ?
ഒരു പ്രണയ സമ്മാനത്തിൽ കോറിയിട്ട ഈ പാട്ടിലെ വരികളുടെ ആ ഫീൽ .....
എന്‍റെ ഒരു സഹപ്രവർത്തകനും സുഹൃത്തുമാണ് കഥയിലെ നായകൻ. ഗ്രാഫിക് ഡിസൈനറാണ്. പുള്ളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ടു പേരും കടുത്ത പ്രേമത്തിനൊടുവില്‍ വിവാഹിതരാവുകയാണ്
ഒരു ദിവസം സുഹൃത്ത് എന്നോടു ചോദിച്ചു:
എടാ നാളെ അവള്‍ ടൗണിൽ വരുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ കാണുന്നുണ്ട്
അവൾക്കൊരു സര്‍പ്രൈസ് മെമ്മറബിൾ ഗിഫ്ട് കൊടുക്കണം. എന്താണ് പറ്റിയത്.?
ഞങ്ങൾ കോട്ടയം കറന്‍റ് ബുക്സിൽ പോയി.
എന്‍റെ പ്രിയപ്പെട്ട നോവലുകളിൽ ഒന്നായ
എം ടി യുടെ മഞ്ഞ് തിരഞ്ഞെടുത്തു.
മഞ്ഞിന്‍റെ ആദ്യ പേജിൽ കലാഭംഗിയോടെ എഴുതി:
നിന്നെയണിയിക്കാൻ* താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വച്ചു
എന്‍റെ ഹൃത്തിലെടുത്തു വച്ചു എന്‍റെ ഹൃത്തിലെടുത്തു വച്ചു
ചങ്ങാതിയുടെ പ്രണയിനിക്ക് ഈ വ്യത്യസ്തമായ പ്രണയ സമ്മാനം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നു പറയേണ്ടതില്ലല്ലോ?
മനോഹരവും നിഷ്ക്കളങ്കവുമായ ഒരു ഗാനമാണിത്.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചന്‍റെ ഈണവും എം.ജി യുടെ ആലാപനവും. അതിമനോഹരം. ഷിബു ചക്രവർത്തിയുടെ വരികളുടെ ലാളിത്യം അപാരമാണ്.
പ്രണയത്തിന്‍റെ മധുരപുഷ്പങ്ങളാൽ നെയ്തെടുത്ത ലളിതവും സുന്ദരവുമായ ഈ ഗാനത്തിൽ അലിഞ്ഞുചേരുമ്പോൾ
മനസിൽ ഒരു മഴ പെയ്യുകയാണ്. ഈ ഗാനം കേൾക്കുമ്പോൾ
ഒരു വിവാഹത്തിൽ പങ്കെടുക്കുന്ന ഒരു ഫീൽ ആണ് അനുഭവപ്പെടുന്നത്.
മാധവം മാഞ്ഞു പോയി മാമ്പൂ
കൊഴിഞ്ഞു പോയി പാവം പൂങ്കുയിൽ മാത്രമായി .
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്‍റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി
ഇപ്പോഴും ആ കൂട്ടുകാരന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യം മനസ്സില്‍ നിന്നും മാഞ്ഞുപോയിട്ടില്ല…
എടാ…അവൾക്കൊരു സര്‍പ്രൈസ് മെമ്മറബിൾ ഗിഫ്ട് കൊടുക്കണം. …..
നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വച്ചു.