ഹൃദയത്തിൻ്റെ താഴ്വരയിൽ പ്രണയത്തിൻ്റെ ദേവദാരുപുഷ്‌പങ്ങൾ വിടരുമ്പോൾ; ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ …
കെ. ആര്‍ മോഹന്‍ദാസ്
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ …
ഗാനങ്ങൾകൊണ്ട് ശ്രദ്ധേയമായ “എങ്ങിനെ നീ മറക്കും” എന്ന ചിത്രത്തിനു വേണ്ടി ഗന്ധര്‍വ്വഗായകനായ ദാസേട്ടന്‍ പാടിയ സൂപ്പർ ഹിറ്റ് ഗാനം. പ്രിയദർശന്‍ കഥയും തിരക്കഥയുമെഴുതി സുനിതാ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എം. മണി സംവിധാനം ചെയ്‌ത ചിത്രം. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ശങ്കർ (പ്രേംകുമാർ), മോഹൻലാൽ (ശംഭു), മേനക (ശോഭ) എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ....
ഒരാളോട് നമുക്ക് കടുത്ത പ്രണയമുണ്ടാവുക.
ആ വ്യക്തിക്ക് തിരിച്ച് പ്രണയമുണ്ടാവണം എന്നില്ല. ആള്‍ മറ്റൊരാളെയാവും പ്രണയിക്കുക. പ്രണയനൊമ്പരം അപാരമായ ഒരു സുഖമാണ്. അത് അനുഭവിച്ചറിയേണ്ടതാണ്. ഇഷ്ടം എന്നത് ഒരു വല്ലാത്ത വികാരമാണ്.
കലാലയകാലത്താണ് ഈ പ്രണയം ഭീകരമാവുന്നത്…. എന്തിഷ്ടമാണെനിക്കെന്നോ …,,
എന്നെഴുതിയ വരികള്‍ ശരിക്കും ഹൃദയരക്തം കൊണ്ടാണ് അക്കാലത്ത് എഴുതുന്നത്….
എങ്ങനെ ഞാന്‍ മറക്കും നിന്നെ…..?
നഷ്ടപ്രണയത്തിന്‍റെ മിഴിനീര്‍ദലമാണ് ദേവദാരു പൂത്തു എന്ന ഗാനം.
ഒരു മിഴിനീർക്കണം തുടയ്ക്കുന്ന നിമിഷം പോലെ അതിമൃദുലമായ ഒരനുഭൂതിയാവുന്ന ഗാനം. ഹൃദയകാശങ്ങളിൽ ദേവദാരു പുഷ്പങ്ങൾ അടരുന്നതു പോലെ ...
കണ്ണിൽ നനവും ഉള്ളിൽ നൊമ്പരവുമായി മാത്രമേ എന്നും ഈ വരികൾ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ .
ദേവദാരു പൂത്തൂ എന്‍.മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍ ...
ലാലേട്ടനും ശങ്കറും ആത്മമിത്രങ്ങളാണ്.
ശങ്കറും നായികയായ മേനകയും തമ്മില്‍ കടുത്ത പ്രണയം. ലാലേട്ടനും മേനകയോട് അഗാധമായ പ്രണയം. പക്ഷേ ലാലേട്ടന്‍റെ പ്രണയം വണ്‍വേയാണ്. ഒടുവില്‍ നറുക്കുവീഴുന്നത് ലാലേട്ടനാണ്. വിവാഹനാളില്‍ സുഹൃത്തിന്‍റെ പ്രണയം മനസ്സിലാക്കിയ ലാലേട്ടന്‍ കൂട്ടുകാരന്‍റെ പ്രണയപാതയില്‍ നിന്നും ആത്മഹത്യയിലൂടെ വഴിമാറിക്കൊടുക്കുന്നു.
സിനിമയുടെ ഈ ക്ലൈമാക്സ് സീനിലെ പാട്ടാണ് ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍, മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനായ ചുനക്കര രാമൻകുട്ടിയുടെ നിത്യയൗവ്വനമുള്ള വരികള്‍ക്ക് ശ്യാമിന്‍റെ സംഗീതം ജീവന്‍ പകര്‍ന്നു.
ദാസേട്ടന്‍റെ മധുരാലാപനം എങ്ങനെ മറക്കാനാവും?
കൂട്ടിനാരുമില്ലാതെ തനിച്ചു കണ്ണടച്ചിരുന്ന് ഈ ഗാനം കേട്ടു നോക്കൂ , മനസ്സില്‍ ദേവദാരുക്കള്‍ വിരിയുന്ന അനുഭൂതി നിറയും അപ്പോൾ.
മഴവില്ലിന്‍ അഴകായി ...
ഒരുനാളില്‍ വരവായീ ...
ഏഴ് അഴകുള്ളൊരു തേരില്‍ എന്‍റെ ഗായകന്‍ ...
ദേവദാരു പൂത്തൂ എന്‍മനസ്സിന്‍ താഴ്‌വരയില്‍
ഗാനം ഒരു നിലാവുപോലെ ആത്മാവിനെത്തഴുകുന്ന
നിമിഷങ്ങള്‍ എങ്ങനെ ഞാന്‍ മറക്കും?
ആര്‍ദ്രമായ ഒരു ശോകഗാനം. കണ്ണിലൊരു നനവായി മനസ്സില്‍ പടരുന്നു.
പുളകത്തിന്‍ സഖി ആയി ....
വിരിമാറില്‍ കുളിരായി ...
ഏഴുസ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍ ....
ഇഷ്ടപ്പെടുന്നയാളുടെ കൊച്ചുകൊച്ചിഷ്ടങ്ങള്‍പ്പോലും എത്ര വലുതാണ്……
ബാല്യത്തിന്‍റെ പ്രിയപ്പെട്ട ഒരിഷ്ടമായ ഓറഞ്ചിന്‍റെ നിറമുള്ള നാരങ്ങാമിഠായികള്‍ പോലെ….. മധുരിക്കുന്ന ഓര്‍മ്മകള്‍…..അമ്പലക്കുളത്തിലെ ആമ്പല്‍പ്പൂക്കളോടൊത്ത് മുങ്ങിക്കുളിച്ചപ്പോള്‍….
എങ്ങനെ ഞാന്‍ മറക്കും…
അപ്പോള്‍….. അറിയാതെ മനസിൽ നിന്നും .....
ഏഴു സ്വരങ്ങൾ പാടാൻ വന്നൂ ഗായകൻ ....
ഓർത്തുപാടാന്‍ ഒത്തിരി ഇഷ്ടഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച ചുനക്കര-ശ്യാം ടീമിന്‍റെ..ജനപ്രിയ ഗാനം. "ദേവദാരു പൂത്തു എന്‍ മനസ്സിൻ താഴ്‌വരയിൽ എന്ന ഒറ്റ വരി മതി നല്ല പാട്ടിന്‍റെ ഹൃദയവീണ മീട്ടിയ ആ പാട്ടുകാലത്തെ ഓർക്കാൻ, ഓമനിക്കാൻ....