ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി

Sep 17, 2025 - 14:26
 0  10
ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. ഇതിന് അനുമതി നല്‍കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ശബരിമല ക്ഷേത്രപരിസരത്തും പമ്പാനദിയുടെ തീരത്തുമായി നിബന്ധനകൾക്ക് വിധേയമായി ആഗോള അയ്യപ്പ സംഗമം നടത്താനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന് (ടിഡിബി) ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. ഇതിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് ബെഞ്ച് പറഞ്ഞു. നിരവധി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പരിസ്ഥിതി ലോല പ്രദേശത്ത് നടത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഹർജിക്കാർ വാദിച്ചു.

എന്നാല്‍ ഹൈക്കോടതി ഈ വിഷയം വിശദമായി പരിഗണിക്കുകയും പരിപാടിക്കായി വിശദമായ മാർഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) കേരള സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-നാണ് പമ്പയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനായി ആഗോളതലത്തിൽ ഭക്തരെ അണിനിരത്തുക, ആശയങ്ങളും വിഭവങ്ങളും സൃഷ്‌ടിക്കുക, ഏകീകൃത ആത്മീയ ശക്തി എന്ന നിലയിൽ തീർഥാടനത്തിന്‍റെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.