തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് പലയിടത്തും ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു. ഇത് നമ്മെ അസ്വസ്ഥരാക്കുന്നു. എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്.
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കും എന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കുന്ന സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കി. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ന്യായീകരിച്ചു. കരോൾ സംഘം മദ്യപ സംഘം എന്ന് വരെ പറഞ്ഞു. കേരളത്തിൽ ഇത്തരം ശക്തികൾ തല പൊക്കുന്നത് ഗൗരവകരമാണ്. ചില സ്കൂളുകൾ ആഘോഷം റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.