നോര്‍ക്ക കെയര്‍- പ്രവാസികൾക്കായി രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി

കൊച്ചി: പ്രവാസികൾക്കായി രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. നോർക്ക കെയർ എന്ന പേരിലാണ് പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‍ലെസ് ചികിത്സ ലഭിക്കുക. പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് നോര്‍ക്ക കെയര്‍ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡൻ്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‍ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം.
പോളിസിയുടെ ഭാഗമായശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിൻ്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍ എന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.