ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

Jul 23, 2026 - 15:06
 0  5
ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അച്ചടക്ക നടപടി.

ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. മുഖ്യമന്ത്രിയും ശുപാർശ അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. ഗൺമാന്മാർക്കെതിരായ മർദ്ദനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി, റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ നിർബന്ധിച്ചതായി എസ്‌.ഐ.ടി കണ്ടെത്തുകയായിരുന്നു. ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസാണിത്. ഈ കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്.