മുംബൈ എക്സ്പ്രസ്സ്  രചന : പ്രശാന്ത് പഴയിടം 

Jul 19, 2026 - 10:19
 0  31
മുംബൈ എക്സ്പ്രസ്സ്  രചന : പ്രശാന്ത് പഴയിടം 
എപ്പിസോഡ് 6
ഏജന്റിന്റെ മറുപടി വന്നെങ്കിലും, തന്റെ ഉള്ളിലുള്ള അടങ്ങാത്ത നിരാശയും ദേഷ്യവും അശ്വിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു. തുഷാറിന്റെ നിർദ്ദേശപ്രകാരം, തുഷാറിന് ജോലി വേണം എന്ന രീതിയിൽ ഏജന്റിന് മെസേജ് അയച്ചു. പുതിയ ഇരയെ കിട്ടിയ സന്തോഷത്തിലും പണത്തിനോടുള്ള അത്യാർത്തിയിലും ഏജന്റ് അടുത്ത ദിവസം ശ്രീകൃഷ്ണ ഹോട്ടലിൽ എത്താമെന്ന് പറഞ്ഞു.
അശ്വിൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു.
“അവനെ എന്റെ കയ്യിൽ കിട്ടിയാൽ നാളെ ഞാൻ കാണിച്ചുകൊടുക്കാം. ഇനി ഒരാളെയും അവൻ പറ്റിക്കരുത്. നല്ല ഇടി കൊടുക്കണം.”
ഇതു കേട്ട സവാദ് പറഞ്ഞു.
“ഇവനാര് മുംബൈ ദാദയോ? നീ ഒന്ന് അടങ്ങ് അശ്വിനെ.”
അടുക്കളയിൽ ആഹാരം പാകം ചെയ്തിരുന്ന തുഷാർ ഇതുകേട്ട് ഉടനെ അവരുടെ അടുത്തെത്തി.
തുഷാർ:
“മോനേ അശ്വിനെ… സവാദേ… ചുമ്മാ എടുത്തുചാടി ഒരു മണ്ടത്തരവും കാട്ടരുത്.”
തുഷാർ സ്വരം കടുപ്പിച്ച് പറഞ്ഞു.
“ടാ അശ്വിനെ, നിനക്ക് അപ്പോൾ നിന്റെ പണം വേണ്ടേ? ഇത്രയും ദിവസവും വലിയ സ്വപ്നത്തോടെ പറഞ്ഞിരുന്ന ജോലിയും ലക്ഷ്യവും ഒറ്റ നിമിഷത്തിൽ ഇല്ലാതായോ? ഇതൊക്കെ പറയുന്നതിന് മുൻപ് നാട്ടിൽ ഒരുപാട് സ്വപ്നങ്ങളുമായി കഴിയുന്ന ഒരാളുണ്ട്… നിന്റെ അമ്മ. അതോർക്കണം.”
അശ്വിൻ നിറകണ്ണുകളോടെ പറഞ്ഞു.
“ക്ഷമിക്കണം തുഷാറേട്ടാ… വിഷമത്തിൽ പറഞ്ഞുപോയതാണ്.”
തുഷാർ:
“മോനേ, എനിക്ക് മനസ്സിലാകും. പക്ഷേ ഒരു കാര്യം ചിന്തിക്കണം. ആളുകളെ പറ്റിച്ച് ജീവിക്കുന്ന അയാൾക്ക് ഒന്നും സംഭവിക്കാനില്ല. അതുപോലെയല്ല നമ്മൾ. അപ്പോൾ നാളെ നിങ്ങൾ രണ്ടുപേരും ഒന്നും മിണ്ടരുത്, കേട്ടോ? ഞാൻ സംസാരിച്ചുകൊള്ളാം.”
സവാദ്:
“നിങ്ങളാരും ഒന്നും പറയണ്ട. ഈ സവാദ് ഭായി സംസാരിക്കും.”
തുഷാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ടാ സവാദേ… നീ വായ തുറക്കുകയേ അരുത്.”
അശ്വിൻ ചോദിച്ചു.
“ചേട്ടാ… പണം കിട്ടുമോ?”
തുഷാർ ചെറുപുഞ്ചിരിയോടെ സവാദിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“ലഡ്കേ കോ തുഷാർ ഭയ്യാ കോ ഉത്നാ ജാന്താ നഹി… ബതാവോ ഉസ്‌കോ.”
സവാദ് അശ്വിനോട് പറഞ്ഞു.
“നിനക്ക് അറിയില്ല ഈ മനുഷ്യനെ. ഈ നിൽക്കുന്ന ആള് ആരാണെന്ന് അറിയാമോ? സിംഹമാണ്… തനിസിംഹം. കുറച്ചുകഴിഞ്ഞ് കിടന്നുറങ്ങുമ്പോൾ ഗർജ്ജനവും കേൾക്കാം.”
തുഷാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ടാ… അയ്യോ! കൂർക്കം വലിക്കാത്ത ഒരാളാ.”
അടുത്ത ദിവസം നേരത്തേ തന്നെ അശ്വിനും കൂട്ടുകാരും ശ്രീകൃഷ്ണ ഹോട്ടലിൽ എത്തി.
ഒരു ടേബിളിൽ ഏജന്റ് ഇരിക്കുന്നുണ്ടായിരുന്നു.
അശ്വിൻ പറഞ്ഞു.
“തുഷാറേട്ടാ… ആ ടേബിളിൽ ഇരിക്കുന്ന ആളാണ്.”
സവാദ് പറഞ്ഞു.
“ഓഹോ… എന്തൊരു കൃത്യനിഷ്ഠ! നമ്മളെക്കാളും നേരത്തെ എത്തിയല്ലോ.”
അശ്വിൻ പറഞ്ഞു.
“കൃത്യനിഷ്ഠയൊന്നുമല്ല… പണത്തിനോടുള്ള ആർത്തിയാണ്.”
തുഷാർ പറഞ്ഞു.
“ടാ… ആനി എവിടെ? പെട്ടെന്ന് വിളിച്ചു വരാൻ പറയൂ.”
അശ്വിൻ പറഞ്ഞു.
“ചേട്ടാ… ആനി എത്താറായി. ഞാൻ മെസേജ് അയച്ചിരുന്നു.”
അശ്വിനെ കണ്ടതും ഏജന്റ് പെട്ടെന്ന് അടുത്തേക്ക് വിളിച്ചു.
അശ്വിൻ:
“ഹലോ സാർ… ഇത് എന്റെ ഫ്രണ്ട്സാണ്. സവാദ്… തുഷാർ.”
ഏജന്റ്:
“ഹലോ ഗൈസ്… ഇരിക്കൂ.”
ഏജന്റ് തുടർന്നു.
“By the way, അശ്വിൻ… Congrats! ഞാൻ അവരെ വിളിച്ചിരുന്നു. നിന്റെ ജോലിയിൽ അവർ ഭയങ്കര ഹാപ്പിയാണ്.”
അശ്വിൻ ഏജന്റിനോട് താങ്ക്യൂ പറഞ്ഞ് തുഷാറിന്റെ മുഖത്തേക്ക് നോക്കി.
ഏജന്റ്:
“Then tell me… ഇതിൽ തുഷാർ അല്ലേ ജോലി നോക്കുന്നത്?”
തുഷാർ:
“അതേ സാർ… ഞാൻ തന്നെ.”
ഏജന്റ്:
“കണ്ടോ അശ്വിനെ… കണ്ടില്ലേ? നല്ല ജോലി, ഉയർന്ന ശമ്പളം. ഇനി ഒരു ഫ്ലാറ്റും വാങ്ങി ഉടനെ സെറ്റിൽ ആവണം.”
അയാൾ വീണ്ടും ചോദിച്ചു.
“അപ്പോൾ തുഷാർ… പണം കൊണ്ടുവന്നിട്ടില്ലേ? സാർ, അത് കയ്യിൽ ഇത്രയും പണം കൊണ്ടുവരുന്നത് സേഫല്ലല്ലോ. ഞാൻ ഗൂഗിൾ പേ ചെയ്യാം.”
തുഷാർ:
“അങ്ങനെയെങ്കിൽ റൂം വരെ പോകണം. അവിടെ നിന്ന് പണം എടുത്ത് വരാം.”
ഏജന്റ്:
“ഓക്കെ… പോയി വരൂ. പക്ഷേ വൈകരുത്. എനിക്ക് ഇവിടെ നിന്ന് ട്രെയിനിൽ പോകണം.”
തുഷാർ:
“എങ്കിൽ ഒരു കാര്യം ചെയ്യാം. ഞങ്ങളുടെ ഫ്ലാറ്റ് റെയിൽവേ സ്റ്റേഷന്റെ അടുത്താണ്. അവിടേക്ക് പോകാം.”
ഏജന്റ്:
“Then okay… let’s go there.”
തുഷാർ ഉടനെ തന്നെ ആരെയോ ഫോൺ വിളിച്ച് കാറുമായി വരാൻ പറഞ്ഞു.
അപ്പോഴേക്കും ആനി അവിടെയെത്തി.
ഏജന്റ്:
“ഹലോ ആനി… ഹാപ്പിയായല്ലോ? ജോലി എളുപ്പമല്ലേ?”
ആനി:
“താങ്ക് യു സാർ… ജോലി നല്ല രീതിയിൽ പോകുന്നു.”
തുഷാർ:
“അപ്പോൾ ആനിയും അശ്വിനും ഇവിടെ കാപ്പി കുടിച്ച് ഇരിക്കൂ. ഞങ്ങൾ ഉടനെ വരാം.”
തുഷാറും സവാദും ഏജന്റിനെയും കൂട്ടി പുറത്തുവന്ന കാറിൽ കയറി.
കാർ ഡ്രൈവർ:
“തുഷാറേട്ടാ… ഇതാണോ ഇന്നലെ പറഞ്ഞ ജോലിയുടെ ആൾ?”
തുഷാർ:
“അതെ മോനേ… ഇതാണ്.”
സവാദ്:
“ഏജന്റ് സാറിന് വടാപാവാണോ, പാനിപൂരിയാണോ ഇഷ്ടം?”
ഏജന്റ്:
“എന്ത് വടാപാവ്?”
സവാദ്:
“അപ്പോൾ തുഷാറേട്ടാ… വടാപാവ് ഓർഡർ ചെയ്തോളൂ.”
തുഷാറും സവാദും കാറിന്റെ ഇരു വശങ്ങളിൽ നിന്നും നടുവിലിരുന്ന ഏജന്റിന്റെ അടുത്തേക്ക് നിരങ്ങി തിങ്ങി ചേർന്നു കൊണ്ടിരിന്നു.
ഏജന്റ്:
“ഗൈസ്… എന്താണ് ചെയ്യുന്നത്? ഒന്ന് നീങ്ങി ഇരിക്കൂ.”
ഇരുവരും ഒന്നും മിണ്ടാതെ അയാളുടെ ദേഹത്തേക്ക് അമർത്തി ചേർന്നു കൊണ്ടിരുന്നു .
ഏജന്റ് ദേഷ്യത്തോടെ:
“നിങ്ങൾ എന്താണ് ചെയ്യുന്നത്? നിർത്തൂ!”
പെട്ടെന്ന് സവാദും തുഷാറും വീണ്ടും അയാളുടെ ദേഹത്ത് തിങ്ങി അമർന്നു 
ഏജന്റ്:
“ടാ… നിർത്തടാ! വണ്ടി നിർത്തടാ !”
തുഷാർ ദേഷ്യത്തോടെ ഏജന്റിന്റെ നേരെ തിരിഞ്ഞു.
“ടാ കള്ളാ… നീ പെട്ടു. ആ രണ്ട് കുട്ടികളെ പറ്റിച്ച് സുഖമായി ജീവിക്കാമെന്ന് കരുതിയോ?”
ഏജന്റ്:
“അതിന് അവർക്ക് ജോലി കിട്ടിയില്ലേ?”
സവാദ്:
“ടാ… നീ എവിടെയാണ് ജോലി ശരിയാക്കിയത്? നിന്റെ മുഖം ഞാൻ ചപ്പാത്തിപോലെ പരത്തും.”
ഏജന്റ്:
“ടാ… നിനക്കൊന്നും എന്നെ അറിയില്ല. വെറുതെ വിടുന്നതാണ് നിങ്ങൾക്ക് നല്ലത്.”
സവാദ്:
“ടാ…നീ കള്ളൻ. ഇതിൽ കൂടുതൽ എന്താണ് അറിയാനുള്ളത്? നീ തീർന്നു.”
തുഷാർ:
“അപ്പോൾ ഇനി പാനിപൂരിയായാലോ… സവാദേ?”
സവാദ് ഡ്രൈവറോട്:
“എന്നാൽ സമയം കളയണ്ട വിശ്വംഭായി… നല്ല പാനിപൂരി കിട്ടുന്ന സ്ഥലത്തേക്ക് വിട്ടോളൂ.”
കാർ മുന്നോട്ട് നീങ്ങി. ഇരുവശവും വെള്ളം നിറഞ്ഞ റോഡിലൂടെ കാർ സഞ്ചരിച്ചു.
തുഷാർ:
“ഏജന്റേ… പുറത്തേക്ക് നോക്ക്. വെള്ളം കണ്ടില്ലേ? ഇതാണ് പാനിപൂരി.”
സവാദ് ചിരിച്ചുകൊണ്ട്:
“തുഷാറേട്ടാ… ഇവൻ ഭാഗ്യവാനാണ്. പാനിപൂരി തിന്ന് ചാവാമല്ലോ!”
ഏജന്റ്:
“എന്നെ ഒന്നും ചെയ്യരുത്… എന്നെ വെറുതെ വിടൂ.”
തുഷാർ:
“ടാ കള്ളച്ചേട്ടാ… നിന്നെ വെറുതെ വിടണമല്ലേ? ടാ… അച്ഛനില്ലാത്ത ആ പയ്യന്റെ അമ്മ കോൺക്രീറ്റ് ചുമന്നാണ് അവനെ പഠിപ്പിച്ചത്. ആ പെൺകുട്ടിയുടെ അച്ഛനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമല്ലേ നീ പറ്റിച്ചത്?”
ഏജന്റ്:
“അയ്യോ… എന്നെ ഉപദ്രവിക്കാതെ വിടു . ഞാൻ പണം തിരികെ തരാം.”
സവാദ്:
“നീ ഒന്നും കൊടുക്കണ്ട. നീ ഈ കായലിലെ വെള്ളം… അല്ല, പാനിപൂരി തിന്ന് ചാകും… ഹഹ!”
ഇരുവരും വീണ്ടും അയാളുടെ നേരെ ചേർന്നു അമർന്നു കൊണ്ടിരുന്നു. 
ഏജന്റ് കരഞ്ഞുകൊണ്ട്:
“അയ്യോ… എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ പണം തരാം.”
തുഷാർ:
“നീ ഒന്നും തരണ്ട… എല്ലാം ഞങ്ങൾ വാങ്ങിക്കോളാം.”
കാർ കായലിനോട് ചേർന്ന് നിന്നു.
സവാദ് ഡിക്കിയിൽ നിന്ന് ഒരു കയർ എടുത്തു.
അതുകണ്ടതും ഏജന്റ് പെട്ടെന്ന് ബാഗിൽ നിന്ന് ഒരു കെട്ട് പണമെടുത്ത് നീട്ടി.
“അയ്യോ… എന്നെ ഒന്നും ചെയ്യല്ലേ. ഈ പണം മുഴുവൻ നിങ്ങൾ എടുത്തോളൂ.”
കരയാൻ തുടങ്ങി.
“അയ്യോ… എന്നെ വെറുതെ വിടൂ…”
എന്ന് പറഞ്ഞ് തുഷാറിന്റെ കാലുകളിൽ പിടിച്ച് കരഞ്ഞു.
തുഷാർ:
“നീ ഈ ചെറുപ്രായമുള്ള പിള്ളേരെ പറ്റിച്ച് തിന്നുന്നത് നിർത്തണം. ഇനി ആരെയെങ്കിലും നീ പറ്റിച്ചെന്ന് അറിഞ്ഞാൽ പാനിപൂരി ഇവിടെ തന്നെ ഉണ്ടാകും… ഓർത്തോളൂ.
ഹോട്ടലിൽ അശ്വിനും ആനിയും ഏറെ നേരമായി ഇരിക്കുകയായിരുന്നു.
ആനി:
“അശ്വിൻ… അവർ അയാളെയും കൊണ്ട് എവിടെയാണ് പോയത്?”
അശ്വിൻ:
“അറിയില്ല… ഒന്നും പറഞ്ഞില്ല.”
പെട്ടെന്ന് തുഷാറും സവാദും ഹോട്ടലിലേക്ക് വന്നു.
തുഷാർ ബാഗിൽ നിന്ന് പണമെടുത്ത് ഇരുവർക്കും കൊടുത്തു.
പണം കയ്യിൽ കിട്ടിയതും ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആനി:
“ചേട്ടാ… ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ അച്ഛന്റെ വിയർപ്പാണ് ഈ പണം.”
അശ്വിൻ ആകെ വൈകാരികമായി ഇരുന്നു .
അശ്വിൻ:
“ചേട്ടാ… എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. എനിക്ക് വാക്കുകൾ കിട്ടുന്നില്ല.”
സവാദ്:
“അതെ… നിങ്ങളെ പറ്റിച്ച പൈസ മാത്രമല്ല, ബോംബെയിലേക്ക് വന്ന യാത്രാച്ചെലവും ഇതുവരെ വന്ന ചിലവും വരെ വാങ്ങിയിട്ടുണ്ട്.”
അശ്വിൻ:
“അതെങ്ങനെ?”
സവാദ്:
“അതൊന്നുമില്ല… തുഷാറേട്ടൻ ഒരു വടാപാവ് കൊടുത്തു. പാനിപൂരി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ പണം തന്നു.”
അശ്വിൻ:
“നീ എന്താണ് പറയുന്നത്? എനിക്ക് ഒന്നും മനസ്സിലായില്ല.”
തുഷാർ:
“പണം കിട്ടിയില്ലേ? അപ്പോൾ രണ്ടുപേരും ഇനി അവരവരുടെ ഫ്ലാറ്റിലേക്ക് പോകാൻ നോക്ക്.”
ആനി:
“ചേട്ടാ… അപ്പോൾ അയാൾ എവിടെയാ…?”
പെട്ടന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തുഷാറിനെ വിളിച്ചു. 
തുടരും…