കോട്ടയം അരിപ്പറമ്പിൽ പുതിയ  വായനശാലയ്ക്ക് തുടക്കമായി

Jul 21, 2026 - 19:33
 0  7
കോട്ടയം അരിപ്പറമ്പിൽ പുതിയ  വായനശാലയ്ക്ക് തുടക്കമായി

വായനശാല ഉദ്ഘാടനം കോട്ടയം കവിയരങ്ങ് ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ നിർവഹിക്കുന്നു. പ്രൊഫ. യമുന കെ നായർ, സ്മിത ദിനേഷ്, ടിറ്റു തോമസ് ഉമ്മൻ, അഭിലാഷ് തൈത്തോട്ടത്തിൽ എന്നിവർ സമീപം. 

അരീപ്പറമ്പ്: അരിപ്പറമ്പ് അമ്പലം ജംഗ്ഷന് സമീപം പുതിയ  വായനശാലയ്ക്ക് തുടക്കമായി. മഹാകവി വയലാർ രാമവർമയുടെ അനശ്വര സ്മരണയിൽ വയലാർ ഗ്രാമീണ ഗ്രന്ഥപ്പുര എന്നപേരിൽ ഉള്ള വായനശാലയുടെ ഉദ്ഘാടനം കോട്ടയം കവിയരങ്ങിന്റെ ചീഫ് കോർഡിനേറ്ററും സാംസ്കാരിക പ്രവർത്തകനുമായ  ബേബി പാറക്കടവൻ നിർവഹിച്ചു. ഏറ്റുമാനൂരപ്പൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കവയത്രിയുമായ പ്രൊഫ. യമുന കെ നായർ മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങിന്റെ പ്രവർത്തകയും എഴുത്തുകാരിയും അഭിനേത്രിയുമായ  ജയമോൾ വർഗീസ്, ആശ വർക്കർ ഉഷ രാജു, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതലം ഒന്നാം സ്ഥാനം നേടിയ മാസ്റ്റർ മാധവ് ഹരി തുടങ്ങിയവർ ഗ്രന്ഥപ്പുരയ്ക്ക്  സംഭാവനയായി പുസ്തകങ്ങൾ കൈമാറി.

ഗ്രന്ഥപ്പുര പ്രസിഡന്റ്‌  സ്മിത ദിനേഷ്, ജോയിന്റ് സെക്രട്ടറി സൗമ്യ ആൻഡ്രൂസ്, വൈസ് പ്രസിഡന്റ്‌ എസ് യു ധനീഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കഥാകൃത്ത്  പ്രിൻസ് അയ്മനം, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ എൽ പി വിഭാഗം നാലാം സ്ഥാനം നേടിയ മാസ്റ്റർ മാധവ് ഹരി എന്നിവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയും മൊമെന്റോ നൽകി അഭിനന്ദിച്ചു.

മണർകാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ ടിറ്റു തോമസ് ഉമ്മൻ,   തങ്കം മൂസത്,  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഗ്രന്ഥപ്പുര പ്രസിഡന്റ്‌  സ്മിത ദിനേഷ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി അഭിലാഷ് തൈതോട്ടത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ധനീഷ് എസ് യു നന്ദിയും പറഞ്ഞു.

ഗ്രന്ഥപ്പുര പ്രവർത്തകരായ സൗമ്യ ആൻഡ്രൂസ്, കണ്ണൻ പ്രേംജി, അരുൺകുമാർ എസ്, ജീമോൾ ജി നാഥ്, അനു കെ ആർ, വിമൽ ബിജു ജെയിംസ് എന്നിവർ നേതൃത്വം നല്കി.