വേൾഡ് മലയാളീ വോയിസിൽ ആരംഭിക്കുന്നു,
എല്ലാ ശനിയാഴ്ചയും- കെ. ആർ. മോഹൻദാസ് അവതരിപ്പിക്കുന്ന
ചലച്ചിത്ര ഗാനാവലോകന പരിപാടി-ഹൃദയരാഗം.
ഗാനങ്ങളുടെ പിന്നാമ്പുറ കഥകൾ...
വരികളുടെ സൗന്ദര്യം...
ഈണങ്ങളുടെ മാധുര്യം...
ഓർമ്മകളെ തഴുകുന്ന സംഗീതാനുഭവവുമായി...
ഹൃദയരാഗം
ഓരോ ശനിയാഴ്ചയും
വേൾഡ് മലയാളിയിൽ
"ഈണങ്ങളിലൂടെ... ഓർമ്മകളിലേക്കൊരു സംഗീതയാത്ര."
ഹൃദയ രാഗം ഇന്ന്
സൗഗന്ധികങ്ങൾ വിടർന്നൂ
സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ....
ഈ ഗാനം ഒരു സാഗരനീലിമയാണ്....കൃഷ്ണചന്ദ്രനും വാണിജയറാമും ഒരു മധുര സ്വപ്നം പോലെ പാടി.
1983 ൽ റിലീസ് ചെയ്ത മഹാബലി എന്ന ചിത്രത്തിനു വേണ്ടി പാപ്പനംകോട് ലക്ഷ്മണൻ രചനയും എം കെ അർജുനൻ സംഗീതവും നൽകിയ ഗാനം.
ഈ അടുത്ത ദിവസങ്ങള്‍ക്കു മുമ്പു വരെ ദാസേട്ടൻ പാടിയതെന്നാണ് കരുതിരുന്നത്. അത്രയ്ക്ക് മനോഹരമായി കൃഷ്ണചന്ദ്രന്‍ പാടിയിരിയ്ക്കുന്നു.
സൗഗന്ധികങ്ങള്‍ പ്രണയകവിതയാണ്
വിരിയിക്കുന്നത്.
പ്രണയിക്കുന്ന മനസ്സുകളില്‍ പ്രണയദേവനായ മദനന്‍റെ മാരിവില്ലുണരുന്ന അനുഭൂതിയുടെ
മുകുളങ്ങൾ വിരിയുന്ന നിമിഷം…..
"സഖിയുടെ കാർക്കൂന്തലണിഞ്ഞൂ"
പ്രണയിനിയുടെ മേഘനിറമുള്ള കൂന്തലില്‍ പുഷ്പങ്ങള്‍ ചാർത്തിയിരിക്കുന്ന സുന്ദരദൃശ്യം പ്രകൃതിയും പ്രണയിനിയും ഇവിടെ ഒന്നായി ലയിക്കുന്നു.
"മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ"
മാനസ്സസരസ്സില്‍ നീന്തിത്തുടിക്കുന്ന പ്രണയസന്ദേശവാഹകരായ അരയന്നങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുന്ന പ്രണയാര്‍ദ്രമായ ചിത്രം
"ഈ സൗരഭം എവിടെ നിന്നോ"
കവിഹൃദയം അത്ഭുതത്തോടെ തിരയുകയാണ്. ഈ സൗരഭ്യം പൂക്കളിൽ നിന്നാണോ, പ്രണയത്തിൽ നിന്നാണോ?
"അമരാവതിയിലും അളകാപുരിയിലും അനുരാഗവസന്തമായ്"
ദേവലോകമായ അമരാവതിയിലും കുബേരന്‍റെ അളകാപുരിയിലും പ്രണയ വസന്തം തളിരണിയുന്നു
"ഇതളോടിതൾ ചൂടും പൂവുകൾക്കെല്ലാം ഇണയെത്തേടാൻ ദാഹമായ്"
പുഷ്പങ്ങള്‍ ഗാഢമായിപുണരുന്നതുപോലെ ഒരോ മനസ്സും പ്രിയപ്പെട്ടയാളെ മോഹിക്കുന്നു, ദാഹിക്കുന്നു.
പുഷ്പങ്ങള്‍ മധുമന്ദസ്മിതം ചൊരിഞ്ഞാലും ശലഭചുംബനം ലഭിച്ചില്ലെങ്കില്‍ പൂവിന്‍റെ ജന്മം അപൂർണമാണ്.
"യമുനാതടത്തിലെ അഭിരാമ വനികയിൽ മധുരാഗസുഗന്ധമായ്"
യമുനാനദിതടത്തില്‍ വീശുന്ന കാറ്റിൽ പോലും പ്രണയ സുഗന്ധമാണ്. മോഹിപ്പിക്കുന്ന മധുരാഗസുഗന്ധമാണ്
ഋതുഭേദമറിയാതെ ഈ തിരുനടയിൽ ഞാൻ
കൊഴിയും പൂജാ മലരായ്
ഈ പരിമളം എവിടെ നിന്നോ
പുഷ്പം നിശ്ശബ്ദമായി കൊഴിഞ്ഞുവീഴുന്നതുപോലെ, പ്രിയപ്പെട്ടവനുവേണ്ടി സമർപ്പിക്കാൻ തയ്യാറായ പ്രണയിനിയുടെ ഹൃദയപുഷ്പദലങ്ങള്‍
മന്ദഹസിക്കുന്ന സുമങ്ങളും, പുഷ്പാധരങ്ങളില്‍ മധു നുകരാനെത്തുന്ന പ്രണയശലഭങ്ങളും, യമുനാതീരവും, കൊഴിഞ്ഞുവീഴുന്ന പൂവിതളുകളും…..
ഋതുഭേദമറിയാതെ ഈ തിരുനടയിൽ ഞാൻ
കൊഴിയും പൂജാ മലരായ്
ഈ ശലഭം അരികിലില്ലേ
മോഹൻദാസ്