ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധനേടി കേരള ടൂറിസം പവലിയൻ

Nov 4, 2026 - 20:20
 0  0
ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധനേടി കേരള ടൂറിസം പവലിയൻ

ലണ്ടനിൽ ലോകപ്രശസ്ത ടൂറിസം വ്യാപാര മേള-വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യുടിഎം) 2026ൽ ശ്രദ്ധനേടി കേരള ടൂറിസം പവലിയൻ. നവംബർ 3ന് ആരംഭിച്ച മേള നവംബർ 5 വരെ എക്സൽ ലണ്ടനിലാണ് നടക്കുന്നത്. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും ടൂറിസം ഡയറക്ടർ അഞ്ജന എം.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

‘സ്റ്റേറ്റ് ഓഫ് വണ്ടർ’ എന്ന പ്രമേയത്തിൽ 100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കേരളത്തിന്റെ പവലിയൻ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും രാജ്യസഭാംഗവും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധാ മൂർത്തിയും ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും ടൂറിസം സാധ്യതകളും പരിചയപ്പെടുത്തുന്ന പവലിയന് അന്താരാഷ്ട്ര പ്രതിനിധികളിൽനിന്നും വ്യാപാര പങ്കാളികളിൽനിന്നും മികച്ച ശ്രദ്ധ ലഭിച്ചു.

കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് പവലിയന്റെ പ്രധാന ആകർഷണം. നെറ്റിപ്പട്ടം കെട്ടിയ ആനകൾ, വർണാഭമായ കുടമാറ്റം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയിലൂടെ പൂരങ്ങളുടെ പ്രൗഢി പുനരാവിഷ്കരിച്ചിട്ടുണ്ട്. തത്സമയ കഥകളി പ്രകടനവും സന്ദർശകരുടെ ശ്രദ്ധ നേടുന്നു.

പ്രകൃതി, പ്രാദേശിക ജീവിതാനുഭവങ്ങൾ, സാംസ്കാരിക പൈതൃകം, ആയുർവേദം, വെൽനെസ് ടൂറിസം എന്നിവ ഉൾപ്പെടുത്തിയ സമഗ്ര പാക്കേജാണ് കേരളം മേളയിൽ അവതരിപ്പിക്കുന്നത്. പുതിയ ടൂറിസം സീസണിൽ ലണ്ടനിൽനിന്ന് കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ആഗോള ടൂറിസം വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഡബ്ല്യുടിഎം പോലുള്ള മേളകൾ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടർ അഞ്ജന എം.യും വ്യക്തമാക്കി.

കേരളത്തിൽനിന്നുള്ള ഏഴ് ടൂറിസം വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.