വായനയുടെ വർത്തമാനവും വരുംകാലവും: ലേഖനം, മിനി സുരേഷ്
ഒരു ജനതയുടെ സാംസ്‌കാരിക മുന്നേറ്റത്തിൻ്റെ കണ്ണാടിയാണ് വായന. സമൂഹത്തിൻ്റെ ചിന്തയെയും മൂല്യബോധത്തെയും വിജ്ഞാനാന്വേഷണത്തെയും പ്രതിഫലിപ്പിക്കുന്ന പ്രധാന ഉപാധി . വായനയാണ്. നാഗരികതയുടെ പ്രാരംഭകാലം മുതൽ മനുഷ്യൻ്റെ അറിവിനെയും അനുഭവങ്ങളെയും തലമുറകളിലേക്ക് കൈമാറുന്ന മഹാശക്തിയായ അക്ഷരങ്ങളാണ് മനുഷ്യരെ അമരരാക്കുന്നത്. ചരിത്രം സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണത്.
ഇന്ന് വായന ഒരു നിർണായകമായ വഴിത്തിരിവിലൂടെയാണ് കടന്നു പോകുന്നത്. ഒരു കാലത്ത് ധാരാളം പുസ്തകങ്ങൾ വായിക്കുന്നതും ഗ്രന്ഥശാലകളെ വിജ്ഞാനത്തിൻ്റെ കലവറകളായി കാണുന്നതും ഒരു സമൂഹത്തിൻ്റെ ബൗദ്ധിക മികവിൻ്റെ പ്രതീകമായിരുന്നു. എന്നാൽ ഇന്ന് സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം വായനയും പുതിയ ദിശകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ വിപ്ലവം വായനയുടെ സ്വഭാവങ്ങളെയും രീതികളെയുംആഴത്തിൽ മാറ്റി മറിച്ചിരിക്കുന്നു. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വായന പുതിയ മാനങ്ങളുടെയും അനന്ത സാധ്യതകളുടെയും ചക്രവാളങ്ങൾ തുറന്നു കൊടുത്തപ്പോൾ , വായനയുടെ ഗാംഭീര്യവും ഗഹനചിന്തയും ക്ഷയിക്കുന്നുവോ എന്ന ആശങ്കയുംഉയരുന്നുണ്ട്. അത് കൊണ്ട് തന്നെ വായനയുടെ വർത്തമാനവും വരുംകാലവും വിലയിരുത്തുക എന്നത് മനുഷ്യ സംസ്‌കാരത്തിൻ്റെ ഭാവി വിലയിരുത്തുന്നതിന് തുല്യമാണ്.
വായന ഒരിക്കലും മരിക്കുന്നില്ല . കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് അതിൻ്റെ ഭാവങ്ങളും , മാധ്യമങ്ങളും രീതികളുമാണ് മാറുന്നത്. ഡിജിറ്റൽ വിപ്ലവത്തിൻ്റെ കുതിപ്പിൽ വായനയുടെ വർത്തമാനവും പുതിയ മാനങ്ങൾ കൈവരിച്ചിരിക്കുകയാണ് : ഇ. ബുക്കുകളും, (കിൻഡിൽ , പി.ഡി.എഫ് ) വായനാ ആപ്പുകളും സൃഷ്‌ടിച്ച നവ വായനാലോകം പുസ്തകങ്ങളെ ഭൗതികമായ അതിരുകൾക്കപ്പുറത്തേക്ക് ഉയർത്തിക്കൊണ്ടു പോകുന്നു .
ഇന്ന് ലോകത്തിൻ്റെ ഏതു കോണിലുമുള്ള പുസ്‌തകലോകം നിഷ്‌പ്രയാസം വിരൽ തുമ്പിലെത്തും. ഗ്രന്ഥശാലകളുടെയും പുസ്‌തക ശാലകളുടെയും പരിധികൾ ഭേദിച്ച് വിജ്‌ഞാനത്തിൻ്റെ വാതായനങ്ങൾ നാനാ ദിശകളിലും തുറന്ന് കിടക്കുന്നു. സാങ്കേതിക വിദ്യയും സാഹിത്യവും കൈകോർത്ത് ആഗോളമായ ഒരു സാംസ്‌കാരികാനുഭവമായി വായന രൂപാന്തരപ്പെടുന്നു.
ഓഡിയോ ബുക്കുകളുടെ ജനപ്രീതി ഇന്ന് ഗണ്യമായി വർദ്ധിച്ചു വരികയാണ്. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ വീട്ടുജോലികൾ ചെയ്യുമ്പോഴും , വ്യായാമവേളകളിലും പുസ്‌തകങ്ങളും , കഥകളും കവിതകളും ശ്രവിക്കുന്ന ശീലം പലരും സ്വീകരിച്ചിരിക്കുന്നു. വിശ്രമവേളകളിൽ പ്രശസ്‌തരായ എഴുത്തുകാരുടെ വരികൾ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആനന്ദദായകമാണ്. യാത്രകൾക്ക് അനുഭൂതി പകരാൻ ഓഡിയോബുക്കുകളെ ആത്മമിത്രങ്ങളാക്കുന്ന പ്രവണതയും ജെൻസികളുടെ ഇടയിലുണ്ട്.
കണ്ണിന് കാഴ്ചക്കുറവുള്ളവർക്ക് അറിവിൻ്റെയും വായനയുടെയും ലോകം ഓഡിയോ ബുക്കുകൾ തുറന്നു കൊടുക്കുന്നു . സ്‌റ്റോറി ടെൽ , ആമസോൺഒഡിബിൾ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ലോകസാഹിത്യത്തിലെ അനേകം കൃതികൾ ശബ്ദരൂപത്തിൽ എത്തിക്കുന്നു. ഇതിലൂടെ സമയക്കുറവുള്ളവർക്ക് പോലും സാഹിത്യാസ്വാദനത്തിനും വിജ്ഞാന സമ്പാദനത്തിനും അവസരം ലഭിക്കുന്നു. സീരീസുകളും കഥകളും പങ്ക് വയ്ക്കുന്ന ഓഡിയോ പ്ലാറ്റ്ഫോമുകളായ കുക്കു എഫ് .എം പോക്കറ്റ് റേഡിയോ തുടങ്ങിയവയും ജനപ്രീതി നേടിയിട്ടുണ്ട്.
കേൾവിയുടെ നവസാധ്യതകളിലൂടെ സാഹിത്യാനുഭൂതി പകരുന്ന ഓഡിയോ ബുക്കുകൾ ആധുനിക വായനാ സംസ്‌കാരത്തിൻ്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ വായനയുടെ ഭൂപടത്തെയും ഗണ്യമായി മാറ്റിമറിച്ചിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിലെ വായനാ കൂട്ടായ്മയായ ബുക്ക്സ്റ്റാഗ്രാം പേജുകളും യു ട്യൂബിലെ ബുക്ക് ട്യൂബ് പോലെയുള്ള ചാനലുകളും ഇന്നത്തെ ആഗോള വായനാ സംസ്‌കാരത്തിൻ്റെ ചാലകശക്തികളായി മാറിയിരിക്കുന്നു.
പുസ്‌തക പരിചയങ്ങൾ , നിരൂപണങ്ങൾ , വായനാനുഭവങ്ങൾ സാഹിത്യ സംവാദം തുടങ്ങിയവയിലൂടെ അതിവേഗം ഭൂമിശാസ്‌ത്രപരമായ അതിരുകൾ കടന്ന് വിവിധ ഭാഷകളിലുള്ള പുസ്‌തകങ്ങളെ വായനക്കാരിലേക്ക് എത്തിക്കുന്നു . എഴുത്തുകാർക്കും പ്രസാദകർക്കും വായനക്കാർക്കും ഒരേ വേദിയിൽ സംവദിക്കാൻ അവസരമൊരുക്കുന്നു. പുതിയതായി പ്രസിദ്ധീകരിക്കുന്ന കൃതികളെ അതിവേഗം വായനാസമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മകൾ വായനയെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് കൂട്ടായ സാംസ്‌കാരിക പ്രവർത്തനമാക്കി മാറ്റി ജനാധിപത്യവൽക്കരണത്തിന് വഴി തെളിക്കുന്നു. വളരെ പെട്ടെന്ന് വിവരങ്ങൾ ഗ്രഹിക്കാവുന്ന ലഘുലേഖനങ്ങളോടും ഇൻഫോ ഗ്രാഫിക്സുകളോടുമുള്ള താത്പര്യം വർദ്ധിച്ചു വരുന്നത് കാണുന്നുണ്ട്. പ്രധാന ഗുണം സമയലാഭമാണ് . സാധാരണയായി സോഷ്യൽ മീഡിയയിൽ ലഘുലേഖനങ്ങൾ (ഷോർട്ട് ഫോം കണ്ടൻ്റ് ) ഇൻസ്റ്റാഗ്രാം ഷോർട്ട്സ് , യു. ട്യൂബ് ഷോർട്ട്സ് , ഫേസ്ബുക്ക് ഷോർട്ട്സ് തുടങ്ങിയവയിൽ ഇത് കൂടുതലായി ഉപയോഗിക്കുന്നു . കുറച്ച് വാക്കുകളും ശക്തമായ ദൃശ്യവും ചേർന്നതിനാൽ പ്രേക്ഷകർക്ക് വേഗത്തിൽ കാര്യങ്ങൾമനസ്സിലാക്കിക്കൊടുത്ത് ഓർമ്മയിൽ നില നിർത്തി ശ്രദ്ധ നേടാനും സഹായിക്കുന്നു.ഇൻഫോഗ്രാഫിക്‌സുകൾ സങ്കീർണ്ണമായ വിവരങ്ങളെ ചിത്രങ്ങൾ , ചാർട്ടുകൾ , നിറങ്ങൾ എന്നിവയുടെ സഹായത്താൽ ലളിതമായി അവതരിപ്പിക്കുന്നതിനാൽ പഠനവും ബോധവത്കരണവും എളുപ്പമാക്കുന്നു.
ദൃശ്യപരമായ ആകർഷണത്തോടെ വിദ്യാഭ്യാസം , ബിസിനസ്സ് , വാർത്താ മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാൻ സാധിക്കുന്നു. ആശയങ്ങളും സന്ദേശങ്ങളും ധ്രുതഗതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും കഴിയും.
സോഷ്യൽ മീഡിയയിലെ വായനയ്ക്ക് ചില ദോഷവശങ്ങളും ഉണ്ട്. 1. ശരിയായ ഉറവിടം ഇല്ലാത്ത വാർത്തകളും തെറ്റായ വിവരങ്ങളും വളരെ വേഗം പ്രചരിക്കാറുണ്ട്. സാമൂഹികമായ ആശയക്കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിയൊരുക്കുന്ന തെറ്റായ വിവരങ്ങൾ വായനയുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. 2. ചെറിയ ഉള്ളടക്കങ്ങളും ശബ്‌ദ ദൃശ്യ സന്ദേശങ്ങളും എളുപ്പത്തിൽ ലഭിക്കുമ്പോൾ ദീർഘമായ കഥകളും പുസ്തകങ്ങളും വായിക്കുവാനുള്ള ക്ഷമാശീലം അസ്‌തമിക്കും . ചിന്താശേഷിയും വിശകലന പാടവവും കുറയാനുള്ള സാധ്യത കൂടുകയും ചെയ്യും. 3. ചുരുക്കെഴുത്തുകളിലും ചുരുങ്ങിയ വാചകങ്ങളിലും ഇമോജികളിലും ആശയം വ്യക്തമാക്കി ശീലിക്കുന്നത് പുതിയ തലമുറയുടെ ഭാഷാപരമായ കഴിവിനെ സാരമായി ബാധിക്കാം. 4. വായനയ്ക്കും പഠനത്തിനും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കും ചെലവഴിക്കേണ്ട സമയം സോഷ്യൽ മീഡിയയിൽ അനാവശ്യമായി ചെലവഴിക്കുന്നത് വ്യക്തിഗതമായ വളർച്ചയെയും വികാസങ്ങളെയും തടസ്സപ്പെടുത്തും. 5. അച്ചടി പുസ്തകങ്ങളുടെ പ്രാധാന്യം കുറയുന്നു . പരമ്പരാഗതമായ വായനാ സംസ്‌കാരത്തെ ബാധിക്കുന്നു. 6. ദീർഘനേരം സ്ക്രീനിലേക്ക് നോക്കിയുള്ള വായന നേത്രരോഗങ്ങൾ , തലവേദന , ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക വഴിയൊരുക്കുന്നു.
വർത്തമാന കാലത്തിലെ മാറുന്ന വായനാ സംസ്‌കാരത്തിൽ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച് വിവേകപൂർവ്വം ഉപയോഗിക്കുകയും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതോടൊപ്പം പുസ്‌തകവായനയും ഇതര പാരായണങ്ങളും പ്രോത്‌സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വരുംകാല വായനകൾ സാങ്കേതിക വിദ്യയുടെ വികാസങ്ങളോട് ചേർന്നു കിടക്കുന്ന വിസ്മയ ലോകമായിരിക്കും വായനയുടെ വരും കാലം. കൃത്രിമ ബുദ്ധിയും (Al ) ആഭാസ യാഥാർത്ഥ്യവും (VR) സംവർധിത യാഥാർത്ഥ്യം (AR ) വായനയെ കൂടുതൽ സംവേദനാത്മകമാക്കും.
വായനക്കാരുടെ ഇഷ്‌ടാനുസരണം പുസ്‌തകങ്ങൾ നിർദ്ദേശിക്കുവാനും , വാക്കുകളുടെ അർത്ഥവും ആശയവും കണ്ടെത്തി ലളിതമായി വിശദീകരിക്കുവാനും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുവാനും കൃത്രിമ ബുദ്ധി സഹായിക്കും. കൃത്രിമ ബുദ്ധി നൽകുന്ന വിവരങ്ങൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. തെറ്റായ തോ കൃത്യമല്ലാത്തതോ ആയ വിവരങ്ങൾ വായനക്കാരെ തെറ്റി ദ്ധരിപ്പിക്കുന്നു. ആഭാസ യാഥാർത്ഥ്യം (VR ) വായനയെ ഒരു അനുഭവമാക്കി മാറ്റുന്നു . പഴയ കാല ചരിത്രങ്ങളെ കുറിച്ചും ശാസ്‌ത്ര പഠനങ്ങളെ കുറിച്ചുമൊക്കെയുള്ള പുസ്‌തകങ്ങൾ സമ്മാനിക്കുന്നത് അവയിലൂടെ സഞ്ചരിക്കുന്ന അനുഭവങ്ങളാണ് . പുസ്തകങ്ങളിലെകഥാപാത്രങ്ങളും പശ്ചാത്തലവും നേരിട്ട് കാണുന്നത് പോലെയുള്ള അനുഭവം വായനയെ കൂടുതൽ ആസ്വാദ്യകരമാക്കും. അച്ചടിച്ച പുസ്‌തകങ്ങൾക്കും ഡിജിറ്റൽ അനുഭവങ്ങൾ നൽകുന്നു .
ശാസ്‌ത്ര പുസ്‌തകത്തിലെ പാഠങ്ങൾ , ജന്തു ജാലങ്ങൾ തുടങ്ങിയവ ദൃശ്യാനുഭവങ്ങളായും ത്രിമാന രൂപത്തിൽ മുന്നിൽ പ്രത്യക്ഷമാകുന്നതും കുട്ടികളിൽ പഠനത്തിനും വായനയോടുള്ള താത്പര്യവും വർദ്ധിപ്പിക്കും ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാനുള്ള വില കൂടിയ ആവശ്യമായ ഉപകരണങ്ങൾ എല്ലാവർക്കും പ്രാപ്യമല്ല. സാമ്പത്തിക അസമത്വം മൂലം സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാവർക്കും ലഭ്യമാകാത്തത് വരുംകാല വായനയെ പ്രതികൂലമായി ബാധിച്ചേക്കാം ദൃശ്യങ്ങളും ശബ്‌ദങ്ങളും ചേർന്നൊരുക്കുന്ന അത്ഭുത ലോകത്തിലെ വായന വരും തലമുറയുടെ ഭാവനാശക്തിയും ഏകാഗ്രതയും സ്വതന്ത്രചിന്താശേഷിയും കുറയാനിടയാക്കും എന്നൊരു ന്യൂനതയുണ്ട്. ഉപസംഹാരം കാലം മാറുമ്പോൾ സാങ്കേതിക വിദ്യ പുതിയ സാധ്യതകൾ തുറന്നു തരാം . മാധ്യമങ്ങൾ മാറിയാലും വായനയുടെ മഹത്വത്തിന് ഒരിക്കലും മങ്ങലേൽക്കില്ല.
ആഴത്തിലുള്ള വായനാശീലവും വിമർശനാത്മകമായ ചിന്തയും മാനുഷിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. വായിച്ച് വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന പി. എൻ പണിക്കരുടെ ആഹ്വാനം ഇന്നും ഭാവിയിലേക്കുള്ള വഴി കാട്ടിയാണ്. അതു പോലെ വായന മനുഷ്യനെ സമ്പൂർണ്ണനാക്കുന്നു എന്ന ഫ്രാൻസിസ് ബേക്കൻ്റെ നിരീക്ഷണവും ഏറെ പ്രസക്തമാണ്. അനേകം ജീവിതാനുഭവങ്ങളാണ് ഒരു വായനക്കാരൻ വായനയിലൂടെ സ്വന്തമാക്കുന്നത്.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവ് ഒരു വെല്ലുവിളിയല്ല . ആഗോള തലത്തെ തൊട്ടറിയുവാനുള്ള അവസരമാണ്. വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും വർത്തമാന കാലത്തിലും വരും കാലത്തിലും കുഞ്ഞുണ്ണി മാഷിൻ്റെ വരികൾ അന്വർത്ഥമാണ്. വായന മരിക്കുമ്പോൾ ചിന്ത മരിക്കുന്നു ചിന്ത മരിക്കുമ്പോൾ മനുഷ്യരാശിയുടെ പുരോഗതിയും നിലയ്ക്കുന്നു കാരണം വായന വെറും അറിവ് സമ്പാദിക്കാനുള്ള മാർഗ്ഗമല്ല. വ്യക്തിയെയും സമൂഹത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്ന മഹത്തായ സൃഷ്‌ടി പ്രക്രിയയാണ് .