ഡെങ്കിപ്പനി സ്ഥിരീകരിച്ചു; നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ

Jul 17, 2025 - 18:07
 0  12
ഡെങ്കിപ്പനി സ്ഥിരീകരിച്ചു; നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടൻ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കിംഗ്ഡ’ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്.

ഇന്ത്യ- പാക് സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് ആദ്യഘട്ടത്തില്‍ വൈകിയത്. ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ റിലീസ് തീയതി പുനഃപരിശോധിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദേവരകൊണ്ട ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്