സംഗീതലോകത്തോടു വിടപറഞ്ഞ മലയാളത്തിന്‍റെ ഗാനകോകിലമായ ജാനകിയമ്മയുടെ വിഷാദമധുരമായ ശബ്ദത്തില്‍ രാകേന്ദുകിരണങ്ങൾ ഒഴുകി വരുമ്പോള്‍ സീമ ജീവന്‍കൊടുത്ത രാജിയെയും അവളുടെ രാവുകളെയും ഓര്‍ക്കാതിരിക്കാന്‍ മലയാളികള്‍ക്കാവില്ല. രാകേന്ദുകിരണങ്ങളിലെ ഹൈലൈറ്റ് ജാനകിയമ്മയുടെ അതിമോഹനമായ ഹമ്മിംഗ് ആയിരുന്നു.. ഈ ഹമ്മിംഗ് കൊണ്ട് ജാനകിയമ്മ രാഗേന്ദുകിരണങ്ങളെ വേറൊരു ലെവലിലെത്തിച്ചുവെന്നു പറയാം.
ജാനകിയമ്മ ഇന്ന് നമുക്കൊപ്പമില്ല, എങ്കിലും മദനോത്സവങ്ങൾക്കു നിറമാല ചാര്‍ത്താന്‍ രാഗേന്ദുകിരണങ്ങള്‍ ഒളി വീശുന്നുണ്ട്.
എഴുപതുകളിൽനിന്നും ഒരു മലയാള സിനിമ തിരഞ്ഞെടുക്കാൻ പറഞ്ഞാല്‍ പല ടൈറ്റിലുകള്‍ തെളിഞ്ഞുവരും. എന്നാൽ ഒടുവില്‍ മനസ്സ് ‘അവളുടെ രാവുകൾ തന്നെ തിരഞ്ഞെടുക്കും, കാരണം രാജിയുടെ കവിള്‍ത്തടത്തിലൂടെ ഒഴുകിയ കണ്ണീര്‍ മലയാളിയുടെ മനസ്സില്‍ കുറിച്ച ശീര്‍ഷകമാണ് അവളുടെ രാവുകള്‍ .
അവളുടെ രാവുകള്‍ പകലുകള്‍ ഷെരീഫ് എഴുതിയ നോവലായിരുന്നു. സിനിമയാക്കിയപ്പോള്‍ പകലുകള്‍ കളയുകയും അവളുടെ രാവുകള്‍ എന്നാക്കി മാറ്റുകയും ചെയ്തു.
നായക നായികാ പ്രതിച്ഛായകളെ വേരോടെ പിഴുതെറിഞ്ഞ ഒരു വിപ്ലവം തന്നെയായിരുന്നു അത്. കാലത്തിനു മുന്‍പേ പിറന്നതുകൊണ്ട് അതിനെ ‘ന്യൂ ജനറേഷൻ സിനിമ’ എന്ന് വിളിച്ചില്ല.
ഈ സിനിമയെ ക്ലാസ്സിക് ആക്കിയത് അതിന്‍റെ പ്രമേയവും ഗാനങ്ങളുമാണ്. രാഗേന്ദുകിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്.
കുട്ടിക്കാലത്തെന്നോ ആവണം ഈ ഗാനം ആദ്യമായി കേട്ടത്. പിന്നീട് യൂട്യൂബിലാണ് സിനിമയും പാട്ടും കണ്ടത്. വർഷങ്ങൾ കുറെ കടന്നുപോയെങ്കിലും ഇന്നും ഈ ഗാനം മലയാളിയുടെ മനസിലും ചുണ്ടിലുമുണ്ട്.
ഏറ്റവും ആകര്‍ഷിച്ചത് ചിത്രത്തിന്‍റെ ടൈറ്റിലാണ്. യൗവ്വനത്തിന്‍റെ സിരകളിൽ പ്രലോഭനമായിപ്പടരുന്ന ടൈറ്റില്‍.
എന്നാൽ കഥയിലെ രാജിയുടെ നിദ്രാവിഹീനങ്ങളായ രാവുകള്‍ വേദനിപ്പിക്കുന്ന ഒരു മിഴിനീർ കാഴ്ചയായിരുന്നു.കൗമാരപ്രായത്തില്‍ ജീവിതം വഴിതെറ്റിപ്പോയ രാജി (സീമ) ഒരു തേങ്ങലായി കാഴ്ചയുടെ വഴിയോരങ്ങളില്‍ ഇന്നുമുണ്ട്. പേരുകള്‍ മാറുന്നുവെന്നേയുള്ളു.
രാകേന്ദുകിരണങ്ങള്‍ ഒളി വീശിയില്ല
രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല
മദനോത്സവങ്ങൾക്കു നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ - എന്നും അവളുടെ രാവുകൾ
പല മുൻനിര നായികമാർക്കും ഒരു വേശ്യയുടെ കഥാപാത്രമാവാൻ ധൈര്യമില്ലായിരുന്നു. ഒടുവില്‍ നർത്തകിയായി ശ്രദ്ധ നേടിയ സീമയെ കാസ്റ്റ് ചെയ്തു. സീമയുടെ ആദ്യ നായിക വേഷമായിരുന്നു അവളുടെ രാവുകൾ .
ആലംബമില്ലാത്ത നാളിൽ
അവൾ പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിൻ
കരളിനുള്ളിൽ കളിയമ്പെയ്തു
രാവിൻ നെഞ്ചിൽ കോലം തുള്ളും
രോമാഞ്ചമായവൾ മാറി
അന്നത്തെ മുഖ്യധാരാ സംവിധായകർ പറയാൻ ധൈര്യപ്പെടാത്ത കഥയായിരുന്നു ‘അവളുടെ രാവുകൾ’ പറഞ്ഞത്; സാഹചര്യം വേശ്യയാക്കിയ ഒരു പെണ്ണിന്‍റെ കഥ.
ചിത്രത്തെക്കുറിച്ച് ഐ. വി. ശശി പറഞ്ഞത് - ‘’വലിയൊരു റിസ്ക് ആയിരുന്നു ‘ അവളുടെ രാവുകൾ ’. അന്നു വരെ പറയാത്ത രീതിയിലുള്ള ചിത്രം . അത്തരമൊരു ചിത്രമെടുക്കാൻ എനിക്കു ഭയമില്ലായിരുന്നു.
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ - എന്നും
അവളുടെ രാവുകൾ
സംഗീതം - എ ടി ഉമ്മർ ഗാനരചന - ബിച്ചു തിരുമല .
ആലാപനം - എസ്. ജാനകി
1977-ൽ പുറത്തിറങ്ങിയ സ്വാമി എന്ന ചിത്രത്തില്‍ ലതാജി പാടിയ "പാൽ ഭർമേയേ ക്യാഹോഗയാ" (Pal Bhar Mein Yeh Kya Hogaya- Lata Mangeshkar)
എന്ന പ്രശസ്തമായ ഗാനം. രാകേന്ദുകിരണങ്ങൾ എന്ന ഗാനത്തിന്‍റെ പ്രചോദനമാണിത്.
ശക്തമായ സന്ദേശവും നല്ല ഗാനങ്ങളും ഉള്ള ഒരു സാമൂഹികപ്രസക്തിയുള്ള ഒരു ചിത്രമാണിത്.
ഉണ്ണിയാരാരിരോ തങ്കമാരാരിരോ എന്ന പ്രശസ്തമായ താരാട്ടുപാട്ട് ഈ ചിത്രത്തിലേതാണ്
രാഗേന്ദുകിരണങ്ങള്‍ ഒളി വീശിയില്ല
രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ -
എന്നും അവളുടെ രാവുകൾ -
ഇന്നും മലയാളിയുടെ ഹൃദയത്തില്‍ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു ജാനകിയമ്മയുടെ ഗാനങ്ങള്‍. ലോകാവസാനം വരെയും ആ പ്രകാശത്തിന് മങ്ങലേൽക്കില്ല.