പിന്റോ കണ്ണംപള്ളി
വാഷിംഗ്‌ടൺ DC: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, ഭാഷയും സംസ്കാരവും പാരമ്പര്യവും മനുഷ്യസേവനവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൗൺസിൽ (WMC) മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് രൂപം കൊണ്ടത്. ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി പ്രവാസികളുടെ വിശ്വാസവും സ്നേഹവും നേടിയ ഈ പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന ചരിത്രവും നേട്ടങ്ങളും സ്വന്തമാണ്.
എന്നാൽ ഏതൊരു വലിയ പ്രസ്ഥാനത്തിനും സംഭവിക്കാവുന്നതുപോലെ, കാലക്രമേണ അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ തർക്കങ്ങളും നേതൃത്വപരമായ ഭിന്നതകളും സംഘടനയ്ക്കുള്ളിൽ രൂപപ്പെടുകയും, അതിന്റെ ഫലമായി വിവിധ വിഭാഗങ്ങളായും ഗ്രൂപ്പുകളായും പ്രവർത്തിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ഈ വിഭജനങ്ങൾ സംഘടനയുടെ ശക്തിയെയും പൊതുസമൂഹത്തിലെ വിശ്വാസ്യതയെയും ബാധിച്ചുവെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
മിക്കവാറും എല്ലാ സംഘടനകളിലും ഭാരവാഹികളുടെ കാലാവധി ഒരു വർഷമാണ്. എന്നാൽ, വേൾഡ് മലയാളി കൗൺസിലിൽ (WMC) ഇത് രണ്ട് വർഷമാണ്. പദവികൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി, ഒരേ പദവിയിൽ തുടർച്ചയായി രണ്ട് ടേമുകളിൽ (നാല് വർഷം) കൂടുതൽ ആരും ഇരിക്കാൻ പാടില്ലെന്ന് WMC-യുടെ ഉപനിയമങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, ഈ നിയമത്തെ ചിലർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. രണ്ട് ടേം എന്നത് തങ്ങളുടെ അവകാശമാണെന്നും, അത് പൂർത്തിയാക്കണമെന്നും വാദിക്കുന്ന 'പദവി മോഹികൾ' സംഘടനയിൽ ധാരാളമുണ്ട്.
രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, അതിനാൽ കാലാവധി നീട്ടി നൽകണമെന്നുമാണ് ഇവരുടെ പതിവ് ന്യായീകരണം. ഇത്തരത്തിൽ ചിന്തിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ: നാല് വർഷത്തിന് ശേഷമുള്ള 'തുടർച്ച'യെക്കുറിച്ച് ഇവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല? വാസ്തവത്തിൽ, പദവികളിൽ കടിച്ചുതൂങ്ങാൻ ഇവർ കണ്ടെത്തുന്ന ഏറ്റവും വലിയ ന്യായീകരണം മാത്രമാണിത്. വിരോധാഭാസമെന്നു പറയട്ടെ, ഇത്തരം 'കാലാവധി നീട്ടൽ വാദികൾ' കാരണം പല സംഘടനകളും പിളർപ്പുകളിലേക്ക് നീങ്ങുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതൊരു പൊതുസമൂഹത്തിന് വേണ്ടിയുള്ള സംഘടനയാണെന്ന യാഥാർത്ഥ്യം ഇവർ തിരിച്ചറിയണം. കഴിവുള്ളവരും, അർഹരായവരുമായ ഒട്ടേറെപ്പേർ അവസരം കാത്ത് നിശബ്ദരായി നിൽക്കുന്നുണ്ട്. ഇവർക്കുവേണ്ടി വാദിക്കാനോ പോരാടാനോ തയ്യാറാകുന്നില്ല എന്നതുകൊണ്ട് അവർക്ക് താൽപ്പര്യമില്ലെന്ന് അർത്ഥമില്ല; മറിച്ച്, സംഘടനയിൽ അനാരോഗ്യകരമായ തർക്കങ്ങൾ ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നു എന്ന് മാത്രം.
അതുകൊണ്ട്, ഒരു നിർണ്ണായകമായ നിർദ്ദേശം മുന്നോട്ടുവെക്കുകയാണ്: പ്രാദേശിക കമ്മിറ്റികളിലും ആഗോള കൗൺസിലുകളിലും ആരും ഒരേ പദവിയിൽ ഒരു ടേമിൽ (രണ്ട് വർഷം) കൂടുതൽ തുടരാൻ പാടില്ല. ആ രണ്ട് വർഷം കൊണ്ട് തങ്ങളുടെ പരമാവധി കഴിവുകൾ ഉപയോഗിച്ച് പ്രവർത്തിക്കുക, തുടർന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ അടുത്ത ടീമിന് ചുമതല കൈമാറുക. ഇതായിരിക്കട്ടെ നമ്മുടെ പുതിയ നേതൃത്വ മാതൃക. സംഘടനയുടെ യഥാർത്ഥ വളർച്ച ആഗ്രഹിക്കുന്ന, ക്രിയാത്മകമായി ചിന്തിക്കുന്ന നേതൃത്വത്തിന് മാത്രമേ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ സാധിക്കൂ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മുതിർന്ന നേതാക്കളും സ്ഥാപകാംഗങ്ങളും സംഘടനയുടെ നന്മ ആഗ്രഹിക്കുന്ന പ്രവർത്തകരും WMC-യുടെ ഐക്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ചർച്ചകളും അനൗപചാരിക കൂടിക്കാഴ്ചകളും മധ്യസ്ഥശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും, വളരെ കുറച്ച് വ്യക്തികളുടെ വ്യക്തിപരമായ താൽപര്യങ്ങളും അനാവശ്യമായ അഹങ്കാരവും പക്വതയില്ലാത്ത സമീപനവും കാരണം ആ ശ്രമങ്ങൾ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നത് ദുഃഖകരമാണ്.
ഇന്ന് ലോകമെമ്പാടുമുള്ള സാധാരണ അംഗങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത് ഒരു കാര്യം മാത്രമാണ് — “ഒരു WMC”. വ്യക്തികൾ വരുകയും പോകുകയും ചെയ്യും. സ്ഥാനങ്ങളും അധികാരങ്ങളും താത്കാലികമാണ്. എന്നാൽ സംഘടനയും അതിന്റെ ദൗത്യവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും അതിനുമപ്പുറമാണ്.
അതുകൊണ്ട് എല്ലാ വിഭാഗങ്ങളോടും നേതൃത്വങ്ങളോടും അഭ്യർത്ഥിക്കുന്നത്, പഴയ മുറിവുകളും തെറ്റിദ്ധാരണകളും മറന്ന് പരസ്പരം ക്ഷമിക്കുകയും മറക്കുകയും ചെയ്ത് ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് ഭാവിയെക്കുറിച്ച് സംസാരിക്കണമെന്നാണ്. ജയപരാജയങ്ങളുടെ കണക്കെടുപ്പല്ല, സംഘടനയുടെ നിലനിൽപ്പും വളർച്ചയും ആയിരിക്കണം ചർച്ചകളുടെ കേന്ദ്രബിന്ദു.
ഇനി ഒരുമിച്ച് പ്രവർത്തിക്കാൻ താൽപര്യമില്ലെങ്കിൽ, സംഘടനയുടെ പേരും പാരമ്പര്യവും അവകാശവാദങ്ങളും ചുറ്റിപ്പറ്റിയുള്ള അനാവശ്യ തർക്കങ്ങൾ അവസാനിപ്പിച്ച് വ്യത്യസ്ത പേരുകളിൽ പ്രവർത്തിക്കാൻ ധൈര്യവും സത്യസന്ധതയും കാണിക്കണം. എന്നാൽ ആരും അതിന് തയ്യാറല്ലെങ്കിൽ, എല്ലാവരും ചേർന്ന് പരസ്പര ബഹുമാനത്തോടെ ഒരു ജനാധിപത്യപരമായ പരിഹാരത്തിലേക്ക് എത്തണം. ആവശ്യമെങ്കിൽ വിവിധ പേരുകൾ മുന്നോട്ടുവെച്ച് നിഷ്പക്ഷമായ രീതിയിൽ നറുക്കെടുപ്പ് നടത്തുകയോ, എല്ലാവർക്കും അംഗീകരിക്കാവുന്ന പുതിയ മാതൃക സ്വീകരിക്കുകയോ ചെയ്യാം.
ആവശ്യമെങ്കിൽ എല്ലാ വിഭാഗങ്ങൾക്കും അംഗീകരിക്കാവുന്ന സ്വതന്ത്ര മധ്യസ്ഥ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തുകയും, സംഘടനയുടെ പേരോ ഘടനയോ സംബന്ധിച്ച് ജനാധിപത്യപരമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാം. ഒരു പേര് പോലും തടസ്സമാകുന്നുവെങ്കിൽ, നിഷ്പക്ഷമായ രീതിയിൽ തീരുമാനമെടുക്കാനുള്ള മാർഗങ്ങൾ തേടാം. എന്നാൽ വിഭജനം ശാശ്വതമാക്കാനുള്ള ഒരു ന്യായീകരണവും ഇനി അംഗീകരിക്കാനാവില്ല.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിഭജനം ആരെയും വിജയിപ്പിച്ചിട്ടില്ല എന്നതാണ്. ഐക്യമാണ് ശക്തി. പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള പ്രസ്ഥാനത്തിന് അത് കൂടുതൽ അനിവാര്യമാണ്.
WMC-യുടെ അടുത്ത മൂന്ന് പതിറ്റാണ്ടുകൾ സംഘർഷങ്ങളുടേതല്ല, സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും സേവനത്തിന്റെയും ആകട്ടെ. അതിനായി എല്ലാ വിഭാഗങ്ങളും ഒരു പടി പിന്നോട്ടുവെച്ച് സംഘടനയുടെ ഭാവിക്കായി രണ്ട് പടി മുന്നോട്ട് വയ്ക്കേണ്ട സമയമാണിത്. പരസ്പര ആരോപണങ്ങളുടെയും കോടതിമുറികളുടെയും അധികാര തർക്കങ്ങളുടെയും ചരിത്രമാകരുത്. മറിച്ച് ലോക മലയാളികളുടെ അഭിമാനവും ഐക്യവും സേവനവുമാകണം അതിന്റെ മുഖമുദ്ര.
“നമ്മൾ ജയിക്കേണ്ടത് പരസ്പരം അല്ല; ലോക മലയാളികളുടെ വിശ്വാസമാണ്.”
WMC-യെ സ്നേഹിക്കുന്ന ഓരോ അംഗത്തിന്റെയും വികാരമാണ് ഇന്ന് ഞാൻ പങ്കുവയ്ക്കുന്നത്: ഐക്യത്തിനായുള്ള എല്ലാ ആത്മാർത്ഥ ശ്രമങ്ങൾക്കും WMC അമേരിക്കൻ റീജിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.