കളിമുറ്റത്തെ മഹാമേളയ്ക്ക് തുടക്കം

Jun 11, 2026 - 20:14
Jun 12, 2026 - 07:10
 0  42
കളിമുറ്റത്തെ മഹാമേളയ്ക്ക് തുടക്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനു ഫുട്ബോൾ ആരാധകർ കാത്തിരുന്ന  ലോകകപ്പ്  ആവേശപ്പോരാട്ടത്തിന് വിസിലൂതി വടക്കേ അമേരിക്കൻ മണ്ണിൽ വീണ്ടും പന്തുരുണ്ടിരിക്കുകയാണ്. മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ഫുട്ബാൾ ലഹരി ലോകമെങ്ങും പടരുകയായി.

 2026 ഫിഫ ലോകകപ്പ്, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായികമാമാങ്കമാണ് . അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, അതിന്റെ ഘടനയിലും വ്യാപ്തിയിലും മുൻപുള്ള എല്ലാ പതിപ്പുകളെയും നിഷ്പ്രഭമാക്കുന്നു.

ഒരു കായിക മത്സരം മാത്രമല്ല, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജനതയെ ഒരൊറ്റ പന്തിലേക്ക് ആവാഹിക്കുന്ന, അതിരുകളില്ലാത്ത സ്‌നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന മാമാങ്കമാണ് ഫിഫ ലോകകപ്പ്. രാഷ്ട്രം, മതം, വര്‍ഗം, വര്‍ണം, ഭാഷ, ദേശീയത തുടങ്ങിയ വേര്‍തിരിവുകളെ അതിജീവിച്ച് ലോകജനതയെ ഒരുമിപ്പിക്കുന്ന കാൽപന്ത് മഹോത്സവം.


ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരടിക്കുന്നത്. 32 ടീമുകളിൽ നിന്ന് 48 ലേക്കുള്ള ഈ മാറ്റം കൂടുതൽ രാജ്യങ്ങൾക്ക് ലോകവേദിയിലേക്ക് വാതിൽ തുറന്നു നൽകിയിരിക്കുന്നു. ആകെയുള്ള  104 മത്സരങ്ങളിൽ എഴുപത്തെട്ടും അമേരിക്കയിലാണ്. മെക്സിക്കോയിലും ക്യാനഡയിലും 13 മത്സരങ്ങൾ വീതം. 16 നഗരങ്ങളാണു മത്സരങ്ങൾക്കു വേദിയൊരുക്കുന്നത്. 

ജൂലൈ 19നു ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണു ഫൈനൽ അരങ്ങേറുക.

12 ഗ്രൂപ്പുകളിലായി നടക്കുന്ന ആദ്യഘട്ട പോരാട്ടങ്ങൾക്കൊടുവിൽ മികച്ച 32 ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്ന പുതിയ ഫോർമാറ്റ്, ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തെയും പ്രവചനാതീതവും ആവേശഭരിതവുമാക്കുന്നു.

ഫുട്ബോൾ ലോകത്തെ  നക്ഷത്രങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിലെ ആറാമത്തെ ലോകകപ്പിനാണ് ഇവിടെ ബൂട്ടു കെട്ടുന്നത്. പ്രായത്തെ വെല്ലുന്ന ഈ ഇതിഹാസങ്ങളുടെ അവസാന വിശ്വപോരാട്ടം കാണുക  ഏതൊരു ഫുട്ബോൾ പ്രേമിയുടെയും സ്വപ്നമാണ്. എന്നാൽ ഇവർക്കൊപ്പം തന്നെ സ്പെയിനിന്റെ യുവവിസ്മയം ലാമിൻ യമാൽ, ഫ്രാൻസിന്റെ കരുത്തൻ കിലിയൻ എംബാപ്പെ, നോർവെയുടെ ഗോൾവേട്ടക്കാരൻ എർലിങ് ഹാലണ്ട് തുടങ്ങിയ യുവനിരയും ലോകം കീഴടക്കാൻ സജ്ജമായിക്കഴിഞ്ഞു.

മെസ്സി-റൊണാൾഡോ ദ്വയത്തിന്റെ വിടവാങ്ങൽ വേദിയായും, അടുത്ത തലമുറയിലെ സൂപ്പർതാരങ്ങളുടെ സിംഹാസനാരോഹണത്തിനുള്ള വേദിയായും ഈ ലോകകപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ അർജന്‍റീന ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഒരിക്കൽക്കൂടി ജേതാക്കളാവാൻ കളത്തിലിറങ്ങുന്നു.  ഖത്തറിൽ ആദ്യമായി ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞ മെസിക്ക് അത് ആവർത്തിക്കാൻ കഴിയട്ടെ എന്നാവും അർജന്‍റൈൻ ആരാധകർ ഒന്നടങ്കം പ്രാർഥിക്കുന്നത്.മെസിയെപോലെ തന്നെ പോർച്ചുഗലിന്‍റെ സൂപ്പർ ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് ആറാം ലോകകപ്പ് തന്നെ. ഇത്തവണ കപ്പ് റൊണാൾഡോ സ്വന്തമാക്കും എന്ന പ്രതീക്ഷയാണു പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പ്രകടിപ്പിക്കുന്നത്. 

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായ രാജ്യമാണു ബ്രസീൽ. അഞ്ചു തവണയാണ് അവർ ലോകത്തിന്‍റെ നെറുകയിൽ കപ്പേന്തി നിന്നത്. നാലു തവണ ജേതാക്കളായിട്ടുള്ള ജർമനിയാണു രണ്ടാം സ്ഥാനത്ത്.  

ഫുട്ബോൾ  ഒരു കളിമാത്രമല്ല, അതിരുകളില്ലാത്ത വികാരമാണെന്ന് ഈ ലോകകപ്പ് ഒരിക്കൽ കൂടി അടിവരയിടുന്നു.  കളിമുറ്റങ്ങളിൽ പിറക്കാനിരിക്കുന്ന മാന്ത്രിക നിമിഷങ്ങൾക്കായി നമുക്ക് ആവേശത്തോടെ കാത്തിരിക്കാം.