പ്രശാന്ത് പഴയിടം
ഇംഗ്ലണ്ട് : ശിശിരകാലം അണയുന്നതോടുകൂടി സസ്യലതാദികൾ പുതുജീവൻ വീണ്ടെടുത്ത് വീണ്ടും ഇംഗ്ലണ്ടിന്റെ ഹരിതാഭഭംഗി വീണ്ടെടുത്ത് തുടങ്ങി. നഗരവീഥികൾ പുഷ്പങ്ങളാൽ വർണ്ണശബളമാകുമ്പോൾ അതിന് മാറ്റുകൂട്ടാൻ കേരളത്തിന്റെ ഓണം അണിയിച്ചൊരുക്കുന്നതിന്റെ തിരക്കിലാണ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ.
നാടിന്റെ മനോഹരമായ ഓണനിമിഷങ്ങൾ ബ്രിസ്റ്റോൾ നിവാസികൾക്ക് ഒട്ടും പകിട്ടുകുറയാതെ അണിയിച്ചൊരുക്കുകയാണ്. സെപ്റ്റംബർ 5ന് കൊണ്ടാടുന്ന ബ്രിസ്റ്റോണം 2026ൽ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന സംഗീതവും നൃത്തവും നർമ്മവും ഇഴകലർന്ന മനോഹരമായ ഒരു ദിവസമാണ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഒരുക്കുന്നത്.
അതിൽ എടുത്തുപറയേണ്ടതാണ് കേരളത്തിന്റെ തനത് കലാരൂപമായ കുമ്മാട്ടി. പാപ്പി അപ്പച്ച എന്ന പേരിൽ അച്ഛനും മക്കളും വേദിയിലെത്തുന്ന റാമ്പ് വാക്ക് ഏറെ കൗതുകമാണ്. മലയാളിയെ ഉത്സവത്തിന്റെ നിർവൃതിയിലെത്തിക്കാൻ ചെണ്ടമേളവും ശിങ്കാരിമേളവും തുടങ്ങി അനേകം കലാരൂപങ്ങൾ അരങ്ങ് കീഴടക്കും.
കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളാൽ ബ്രിട്ടനിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ സംഘടനയാണ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ.