അനിൽ അംബാനി ഗ്രൂപ്പിൻ്റെ 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി 1,021 കോടി രൂപയുടെ പുതിയ ആസ്തികൾ കൂടി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇഡി പുറപ്പെടുവിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) പുറപ്പെടുവിച്ച ഈ താൽക്കാലിക ഉത്തരവിലൂടെ, റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ കൈവശമുള്ള റിലയൻസ് പവറിന്റെ ഇക്വിറ്റി ഓഹരികളും, സാസൻ പവർ, റിലയൻസ് പവർ എന്നിവയിൽ നിന്ന് ലഭിക്കാനുള്ള ചില വായ്പാ തുകകളുമാണ് ഇഡി കണ്ടുകെട്ടിയതെന്ന് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.
ആർഎച്ച്എഫ്എൽ (RHFL), ആർസിഎഫ്എൽ (RCFL) എന്നീ കമ്പനികൾ സമാഹരിച്ച 15,548 കോടി രൂപയുടെ പൊതുപണം വകമാറ്റി ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.