സ്‌പെയിനില്‍ ടൂര്‍ണമെന്റിനെത്തിയ ആറ് ഇന്ത്യന്‍ ചെസ്സ് താരങ്ങളുടെ പാസ്പോര്‍ട്ടടക്കം മോഷണം പോയി

സ്‌പെയിനില്‍ ടൂര്‍ണമെന്റിനെത്തിയ ആറ് ഇന്ത്യന്‍ ചെസ്സ് താരങ്ങളുടെ പാസ്പോര്‍ട്ടടക്കം മോഷണം പോയി
സ്‌പെയിനിലെ ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ആറ് ഇന്ത്യന്‍ താരങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി പരാതി.
മൂന്ന് വ്യത്യസ്ത ഇടങ്ങളിലായിട്ടാണ്‌ആറ് താരങ്ങളുടെ വസ്തുക്കള്‍ മോഷണം പോയത്. താരങ്ങളുടെ താമസസ്ഥലത്ത് നിന്നാണ് ഇവ നഷ്ടപ്പെട്ടത്. പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്പ്, പണം എന്നിവയുള്‍പ്പെടെയാണ് നഷ്ടമായത്. സണ്‍വേ സിറ്റ്ജ്‌സ് ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ സ്‌പെയിനിലെത്തിയത്.

70 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ ആറ് പേരുടെ വസ്തുക്കളാണ് മോഷണം പോയത്. സംഘാടകര്‍ താമസിക്കാന്‍ നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നതെന്ന് താരങ്ങള്‍ പറഞ്ഞു. അതേസമയം വിവരം സംഘാടകരെയും പോലീസിനെയും അറിയിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെന്ന് താരങ്ങളിലൊരാള്‍ പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് ഇവര്‍ എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു.

'' എന്റെ പാസ്പോര്‍ട്ട്, ലാപ്‌ടോപ്പ്, പണം, മറ്റ് ചില വസ്തുക്കള്‍ എന്നിവയെല്ലാം മോഷണം പോയി. എന്റെ കൂടെ താമസിച്ചിരുന്നയാളുടെ ലാപ്‌ടോപ്പ്, എയര്‍പോഡ് എന്നിവയും മോഷണം പോയിട്ടുണ്ട്. പിന്നീടാണ് മറ്റ് ചില താരങ്ങളുടെ സാധനങ്ങളും മോഷണം പോയ കാര്യം ഞങ്ങളറിഞ്ഞത്,'' ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ദുഷ്യന്ത് ശര്‍മ്മ എക്‌സിലിട്ട പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ എംബസി, കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ടാക്കൂര്‍, വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു ഇദ്ദേഹം പോസ്റ്റിട്ടത്.

അതേസമയം നഷ്ടപ്പെട്ട തന്റെ എയര്‍പോഡ് ട്രാക്ക് ചെയ്തപ്പോള്‍ ബാഴ്‌സലോണയ്ക്ക് അടുത്തുള്ള പ്രദേശത്ത് ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്നും ദുഷ്യന്ത് ശര്‍മ്മ പറഞ്ഞു