ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ഉടൻ തന്നെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് വിവരം. തനിക്ക് ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന് പ്രശാന്ത് ഫേസ്ബുക്കിലൂടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു.
അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി എസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.