ആഹാരത്തിന് രാഷ്ട്രീയമില്ല, പൊതിച്ചോർ കൊടുക്കുന്നതിന് സർക്കാർ എതിരല്ല; വിവാദമായതോടെ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി

Jul 19, 2026 - 15:46
 0  10
ആഹാരത്തിന് രാഷ്ട്രീയമില്ല, പൊതിച്ചോർ കൊടുക്കുന്നതിന് സർക്കാർ എതിരല്ല; വിവാദമായതോടെ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആഹാരത്തിന് രാഷ്ട്രീയമില്ലെന്നും പൊതിച്ചോറ് നൽകുന്നതിന് എതിരല്ലെന്നും ആരോഗ്യമന്ത്രി നിലപാട് മാറ്റി. സമൂഹമാധ്യമങ്ങളിലടക്കം ആരോഗ്യമന്ത്രിക്കെതിരേ വിമർശനം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.

ഇത് സംബന്ധിച്ച വാർത്താ കുറിപ്പ് മന്ത്രിയുടെ ഓഫിസ് പുറത്തിറക്കുകയായിരുന്നു. മന്ത്രി പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളെജിനെക്കുറിച്ചാണ്. അവിടുത്തെ സാഹചര്യം നോക്കിയാണ് അത്തരമൊരു കാര്യം പറഞ്ഞത്. ഇതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആഹാര വിതരണത്തിന് സർക്കാർ എതിരല്ല.

ആലപ്പുഴയിൽ ഭക്ഷണ വിതരണത്തിന്‍റെ പേരിൽ ചില സംഘടകൾ സ്ഥലം കൈയേറി. അത് അനുവദിക്കാനാവില്ല. അതിനെയാണ് എതിർത്തത്. അല്ലാതെ അഹാര വിതരണത്തെയല്ല. എന്നുമാണ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്.

ആശുപത്രികളിൽ കമ്മ്യൂണിറ്റി കാന്‍റീൻ തുടങ്ങുമെന്നും പൊതുച്ചോർ വിതരണം ഇനി വേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. ആലപ്പുഴ മെഡിക്കൽ കോളെജിൽ നടന്ന പരിപാടിയിൽ ശനിയാഴ്ചയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാലെ തന്നെ രാഷ്ട്രീയ പാർട്ടികളും സാധാരണക്കാരുമടക്കം മന്ത്രിക്കെതിരേ വിമർശനവുമായി എത്തിയിരുന്നു. ആഹാരത്തിലും രാഷ്ട്രീയം കലർത്തുന്നുവെന്നായിരുന്നു പ്രധാന വിമർശനം.