ജോലിഭാരം കുറയ്ക്കണം, നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം; ന്യൂയോർക്കിൽ നഴ്‌സുമാർ സമരത്തിൽ

Jan 13, 2026 - 19:52
 0  4
ജോലിഭാരം കുറയ്ക്കണം, നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം; ന്യൂയോർക്കിൽ നഴ്‌സുമാർ സമരത്തിൽ

നഴ്സുമാരുടെ കടുത്ത ക്ഷാമവും അമിത ജോലിഭാരവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ പതിനയ്യായിരത്തോളം നഴ്സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. മലയാളികളടക്കമുള്ള ഇന്ത്യൻ നഴ്സുമാരും ഭാഗമായ സമരം മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ തുടങ്ങിയ പ്രധാന ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പടർന്നുപിടിക്കുന്ന ഫ്‌ലൂ സീസണിനിടയിൽ നടക്കുന്ന പണിമുടക്ക് പ്രതിസന്ധിയിലാകാതിരിക്കാൻ ആശുപത്രികളിൽ താൽക്കാലിക നഴ്സുമാരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, സമരം തുടരുമ്പോഴും ചികിത്സ തേടുന്നതിൽ നിന്ന് രോഗികൾ വിട്ടുനിൽക്കരുതെന്ന് ആശുപത്രി അധികൃതരും നഴ്സിംഗ് യൂണിയനും സംയുക്തമായി അഭ്യർത്ഥിച്ചു. 

സുരക്ഷിതമായ തൊഴിൽ സാഹചര്യവും അമിത ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നതുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാൽ, യൂണിയന്റെ ആവശ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മുൻപത്തെ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ പുരോഗതിയുണ്ടായെന്നുമാണ് മാനേജ്മെന്റുകളുടെ വാദം.