ആകാശമാകേ ... കണിമലർ കതിരുമായ്  പുലരി പോൽ വരൂ 

Jul 11, 2026 - 10:11
Jul 11, 2026 - 10:34
 0  13
ആകാശമാകേ ... കണിമലർ കതിരുമായ്  പുലരി പോൽ വരൂ 
കെ.ആര്‍ മോഹന്‍ദാസ്
 
കെ. കെ.സുധാകരന്‍റെ നമുക്ക് ഗ്രാമങ്ങളിൽ രാപ്പാർക്കാം എന്ന അതി മനോഹരമായ നോവലറ്റിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ .

ബൈബിളിലെ ഉത്തമഗീതം വായിച്ചപ്പോൾ സുധാകരന്‍റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ചില വചനങ്ങളുണ്ടായിരുന്നു:
"പ്രിയേ, വരിക; നാം വെളിമ്പ്രദേശത്തേക്കു പോകാം. നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം; മുന്തിരിവള്ളി തളിർത്തു പൂവിട്ടുവോ, മാതളനാരകം പൂത്തുവോ എന്നു നോക്കാം. അവിടെവെച്ച് ഞാൻ നിനക്കു എന്റെ പ്രേമം തരും."
പ്രണയത്തിന്‍റെ നിഷ്കളങ്കതയും കാത്തിരിപ്പിന്‍റെ മൗനസൗന്ദര്യവും പ്രകൃതിയോട് ഇഴചേർന്ന ആത്മബന്ധവും നിറഞ്ഞ ഈ വചനങ്ങൾ അദ്ദേഹത്തിന്‍റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. ആ വചനങ്ങളുടെ ഹൃദയനാദത്തിൽ നിന്നാണ് നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം'ജന്മമെടുത്തത്.
ഈ ചിത്രത്തിലെ ലാലേട്ടൻ അവതരിപ്പിച്ച സോളമനെയും ശാരിയുടെ സോഫിയയെയും  ആർക്കാണ് മറക്കാനാവുക? സോഫിയയുടെ വേദനയും പ്രതീക്ഷയും, ശാരി അതിശയകരമായി അവതരിപ്പിച്ചു. 
പ്രണയത്തിന്‍റെ മുന്തിരിപ്പഴങ്ങൾ വാറ്റിയെടുത്ത തുടുത്ത വീഞ്ഞു പോലെ അതിമനോഹരമായ ഇതിലെ ഗാനവും ഏറെ മധുരിക്കുന്ന ഒരോർമ്മയാണ്.
മൈസൂറിന്‍റെ വീഥികളിലൂടെ ഒരു കുളിര്‍തെന്നല്‍പോലെ ഒഴുകുന്ന സോളമന്‍റെ ടാങ്കര്‍ലോറി.  
ഹൃദയം  തുളുമ്പി  ഒഴുകുന്ന  സ്നേഹം....  അതിന്‍റെ  ഊർജം  മുഴുവനും  വരികളിലും,  സംഗീതത്തിലും  ആലാപനത്തിലും  നിറച്ചിരിക്കുന്നു... 
വേണുവിന്‍റെ ക്യാമറാമാജിക് 
മൈസൂരിലെ മുന്തിരിത്തോട്ടങ്ങളുടെ ഭംഗിയും, പ്രകൃതിയുമായി സംവദിക്കുന്ന ദൃശ്യങ്ങളുമൊത്ത്, വേണു സിനിമയ്ക്ക് വിശിഷ്ടമായ ദൃശ്യഭംഗി നൽകുന്നു.
ആകാശമാകേ ... കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ ...
 വയലിനു പുതു മഴയായ് വാ കതിരാടകളായ് 
 വയണകൾ കദളികൾ ചാർത്തും കുളിരായ് വാ 
ഈ രണ്ടുവരികള്‍ അതിമനോഹരമാണ്:
 ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും 
 ഒരു വെൺപട്ടു നൂലിഴയിൽ ... മുത്തായ് വരൂ …
 ഒരു വെണ്‍പട്ടുനൂലിഴയില്‍ മുത്തായി വരൂ …
ഈ വരികള്‍ ദാസേട്ടന്‍ പാടുമ്പോള്‍ ശരിക്കും മേഘജാലങ്ങളിലേക്ക് പറന്നുയരുന്ന ഫീലാണ്. അതിലെ ആ വെണ്‍പട്ടുനൂലിഴയില്‍ എന്ന ഭാഗം അപാരമാണ്.
ശരിക്കും കോരിത്തരിച്ചു പോകും.  ജോൺസൺ മാഷിന്‍റെ സംഗീതത്തിന്‍റെ ഒരു പ്രത്യേക ഫീൽ ആണത്. ഒ.എൻ.വി യുടെ ചേതോഹരമായ വരികൾ.
പ്രണയിനിയെ കാമുകൻ വിളിക്കുന്നത് പ്രകൃതിയിലെ പ്രണയവർണ്ണങ്ങളുടെ പേരിലാണ്.
പുലരി പോലെ ... പുതു മഴയായ് .... കുളിരായി പുതു മണ്ണിന് പൂവിടാൻ നീ വരൂ .....
ഗാനം പുഴപോലെ ഒഴുകിയൊഴുകിപ്പോവുന്നു…
ഈ പാട്ടിലെ പിയാനോയിലൂടെ ഒഴുകി വരുന്ന ആ സൂപ്പർ BGM ഇന്ന് ആരാധകരുടെ മൊബൈൽ റിംഗ്ടോണാണ്.
പുലരിയിലിളവെയിലാടും* പുഴ പാടുകയായ് 
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ 
 മലർവാക തൻ ‍ നിറതാലവും അതിലായിരം കുളുർ ജ്വാലയും 
 വരവേൽക്കയാണിതിലേ ... ആരോമലേ ...
സോളമന്‍റയും സോഫിയയുടെയും ടാങ്കര്‍ലോറി കുതിക്കുകയാണ്. പ്രണയത്തിന്‍റെ തന്‍റേടമുള്ള തടുക്കാന്‍ പറ്റാത്ത പ്രവാഹം പോലെ….. പെയ്തിട്ടും മതിവരാത്ത മഴപോലെ….നറുമുന്തിരിയുടെ ലഹരിപോലെ…. Song of songs ലെ സോളമന്റെ മുന്തിരി ലഹരി പോലെ ഒരു  പ്രണയം :
... അവിടെ വച്ച് ഞാൻ നിനക്കെന്‍റെ പ്രേമം തരും .
സ്ഫടിക ചഷകത്തിൽ നിന്നൊഴുകി വരുന്ന തുടുത്ത പ്രണയം.....
ഒരു വെൺപട്ടു നൂലിഴയിൽ ... മുത്തായ് വരൂ … എന്ന് മനസ്സറിയാതെ ആരും പറഞ്ഞുപോകും ….
 ആകാശമാകേ ... കണിമലർ കതിരുമായ് പുലരി പോൽ വരൂ ..