ഏറെ നാളത്തെ ആശങ്കകൾക്ക് ആശ്വാസമായി പ്രതീക്ഷയുടെ പുതുവെളിച്ചവുമായി സവാദ് ജോലിചെയ്യുന്ന കമ്പനിയിൽ മാനേജറെ കണ്ട് തിരികെ പോകുകയാണ് അശ്വിനും ആനിയും. നാട്ടിലേക്ക് തിരികെ പോകാനിരുന്ന ആനിയോട്, സവാദ് ജോലിചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറാമെന്ന് പറഞ്ഞത് അശ്വിനാണ്.
പെട്ടെന്ന് അന്തരീക്ഷം മാറി, മഹാനഗരത്തിന്റെ ആകാശം മഴമേഘങ്ങളാൽ മൂടി, അപ്രതീക്ഷിതമായി പുതുമഴയിൽ മുംബൈ നഗരത്തെ ഈറനണിയിച്ചു . ഇരുവരും ബസ് സ്റ്റോപ്പിലാണെങ്കിലും മുഖത്തേക്ക് മഴ വീശിയടിക്കുന്നുണ്ട്.
നിരവധി ആളുകൾ ഒരു കുടപോലുമില്ലാതെ മഴയിൽ നടന്നു നീങ്ങുന്നു.
അശ്വിൻ : അവർ ഇന്ന് ഡോക്യുമെന്റ്സ് ഒന്നും കൊണ്ടുവരണ്ട എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ എല്ലാം നനഞ്ഞുപോയേനെ.
ആനി : അവരെല്ലാം മഴയിൽ നനഞ്ഞു പോകുന്നു. നമുക്കും അങ്ങനെ നടന്നാലോ?
അശ്വിൻ : അത്രയ്ക്ക് വേണോ? ബസിൽ പോയാൽ പോരേ?
ആനി ചാടി മഴയിലേക്കിറങ്ങി.
അശ്വിൻ : ഇതിന് വട്ടായോ?
ആനി അശ്വിന്റെ കൈയിൽ പിടിച്ച് വലിച്ചു.
ആനി : നീ ഇറങ്ങ്… ഇവിടെ ഇത് പുതുമയൊന്നുമല്ല.
അശ്വിൻ : ഫോൺ നനയും.
ആനി : ഇങ്ങ് താ… എന്റെ ബാഗിൽ വച്ചോളാം.
അശ്വിൻ ഫോൺ ആനിയുടെ ബാഗിൽ വച്ചു.
അങ്ങനെ ഇരുവരും കോരിച്ചൊരിയുന്ന മഴയിൽ നടന്നു നീങ്ങി. അശ്വിന്റെ മനസ്സിന് എന്തോ കുളിർമ വന്നതുപോലെ തോന്നി തന്റെ വിഷമങ്ങൾ പുതുമഴയിൽ അലിഞ്ഞതുപോലെ ഒരു പുത്തൻ ഉണർവ്വ് കിട്ടിയപോലെ തോന്നി
ആനി : ഇപ്പോൾ പോയ കമ്പനിയിൽ ഉടനെ തന്നെ പോകാമല്ലോ?
അശ്വിൻ : അതെ.
ആനി : നിന്റെ സുഹൃത്തുക്കൾ എല്ലാവരും നല്ല ആളുകളാണ്. ആ കമ്പനിയിൽ എല്ലാവർക്കും അവരെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്.
അശ്വിൻ : അതെ, ആനി. അവർ എല്ലാവരും നല്ല ആളുകളാണ്.
മഴ ശക്തി പ്രാപിച്ചു. കുറഞ്ഞ സമയംകൊണ്ട് തന്നെ കാൽപ്പാദം മുങ്ങുന്നത്ര വെള്ളമായി.
അശ്വിൻ ഒരു കട ചൂണ്ടിക്കാട്ടി പറഞ്ഞു.
അശ്വിൻ : എന്നാൽ പിന്നെ ഒരു ചൂട് ചായ ആയാലോ?
ആനി : പിന്നെന്താ… ആവാമല്ലോ?
അശ്വിൻ ചൂട് ചായ ഊതിക്കുടിച്ചു.
അശ്വിൻ : എന്താ ഒരു സുഖം! മഴയിൽ ചായ കുടിക്കാൻ ഒരു പ്രത്യേക ഫീലാണ്… അതും മുംബൈയിൽ.
ആനി : പിന്നെ… നാട്ടിൽ ആരും അറിയണ്ട. വട്ടാണെന്ന് പറയും.
അശ്വിൻ : ആനിക്ക് അല്ലായിരുന്നോ മഴ നനയാൻ ആഗ്രഹം? നനഞ്ഞോ… ഹ ഹ…
ആനി : അതേ… ഞാൻ ഇവിടെ നിന്ന് ഓട്ടോയ്ക്ക് പോകുകയാണ്.
അശ്വിൻ ഒരു ഓട്ടോ കൈകാണിച്ച് നിർത്തി. ആനി ഓട്ടോയിൽ കയറി.
ആനി : അതേ… മഴ നനഞ്ഞത് അവരോട് പറയണ്ട.
അശ്വിൻ : പറയണ്ട ആവശ്യമില്ല. സവാദ് ഫ്ലാറ്റിൽ തന്നെയുണ്ട്. ഇന്ന് ലീവാണല്ലോ?
ഓട്ടോ മുന്നോട്ടെടുക്കാൻ തുടങ്ങി.
ആനി : അതേ, അശ്വിനെ…
അശ്വിൻ : എന്താണ്? പറയടോ…
ആനി ഒന്നും പറയാതെ ഓട്ടോയിൽ യാത്രയായി.
തിരികെ ഫ്ലാറ്റിൽ എത്തിയ അശ്വിൻ ഏറെ ആശ്വാസത്തിലായിരുന്നു. ജോലി ഉറപ്പാകുമെന്ന പ്രതീക്ഷ അവന്റെ മനസ്സിൽ ശക്തമായിരുന്നു.
സവാദ് : എടോ… നീ എന്തിനാണ് മഴ നനഞ്ഞത്?
അശ്വിൻ : അല്ല… ആനി പറഞ്ഞു?
സവാദ് : എന്ത്? ആനി പറഞ്ഞെന്നോ? ഓഹോ… അപ്പോൾ ഒറ്റയ്ക്കല്ല, രണ്ടുപേരും കൂടെ നനഞ്ഞല്ലേ!
സവാദ് : തുഷാറേ… നീ കേൾക്കുന്നില്ലേ? “ആനി പറഞ്ഞു” എന്നും പറഞ്ഞ് ഒരാൾ മഴ നനഞ്ഞ് വന്നിരിക്കുന്നു!
തുഷാർ : അവൻ നനയട്ടെടോ… വേണമെങ്കിൽ നീയും പോയി നനഞ്ഞോ.
പെട്ടെന്ന് അശ്വിന്റെ ഫോണിൽ അമ്മ വിളിച്ചു.
അമ്മ : മോനേ… സുഖമല്ലേ?
സവാദ് : ഡാ… ഫോൺ ലൗഡ് സ്പീക്കറിൽ വയ്ക്കൂ. അമ്മയോട് സംസാരിച്ചിട്ട് ഒരുപാട് നാളായി.
അശ്വിൻ : അതേ അമ്മേ… സുഖമാണ്. മറുപടി പറയുമ്പോൾ അശ്വിന്റെ ശബ്ദമിടറി, അമ്മയുടെ വത്സല്യത്തോടെയുള്ള വിളിയിൽ അശ്വിന്റെ മനസ്സ് അറിയാതെ പിടഞ്ഞു.
അമ്മ : ടാ മോനേ… നിന്റെ ശബ്ദമൊന്ന് മാറിയാൽ എനിക്കറിയാം. നിന്റെ അമ്മയല്ലേ ഞാൻ. മോൻ വിഷമിക്കണ്ട… ജോലി ഉടനെ കിട്ടും, കേട്ടോ. പിന്നെ ഞാൻ കുറച്ച് പണം അയക്കാം. സവാദിന് കൊടുക്കണം.
സവാദ് : അമ്മേ… അവന് ഇവിടെ സുഖമാണ്. ജോലി ഉടനെയാകും. അമ്മ പണം അയക്കണ്ട.
തുഷാർ : അമ്മേ… ഞാൻ അവരുടെ സുഹൃത്താണ്, തുഷാർ. പണമൊന്നും അയക്കണ്ടാട്ടോ. അവന് ഇവിടെ ഒരു കുഴപ്പവുമില്ല.
അമ്മ : മക്കളേ… നിങ്ങളെല്ലാവരും നല്ല കുട്ടികളാണ്. നിങ്ങൾക്കും പണം നാട്ടിലേക്ക് അയക്കണ്ടേ? അമ്മ കുറച്ച് പണം അയക്കാം.
സവാദ് : അതൊന്നും വേണ്ട. പിന്നെ… ചെക്കന് ഇവിടെ പുതിയ കൂട്ടുകാരൊക്കെയായി. ആനിയെന്നോ മറ്റോ ആണ് പേര്!
അശ്വിൻ : ടാ…
സവാദ് : അമ്മയ്ക്ക് ഇനി മരുമകളെ തേടി അലയേണ്ടി വരില്ല.
തുഷാർ : ടാ… നീ എന്തൊക്കെയാടാ വിളിച്ചു കൂവുന്നത്?
അശ്വിൻ : അമ്മേ… ഇവൻ വെറുതെ കളിയാക്കുന്നതാണ്. ആനി എന്റെ കൂടെ ഇന്റർവ്യൂവിന് വന്ന കുട്ടിയാണ്. സുഹൃത്താണ്… അത്രയേ ഉള്ളൂ.
തുഷാർ : അതേ അമ്മേ… സവാദ് വെറുതെ പറയുന്നതാണ്.
അമ്മ : സവാദിന്റെ വീട് ഇവിടെ അടുത്തല്ലേ. ഈ വീട്ടുമുറ്റത്ത് കളിച്ചു വളർന്ന കുട്ടിയാണ് അവൻ. കുറുമ്പ് ഇപ്പോഴും മാറിയിട്ടില്ലല്ലോ… ഹ ഹ…
തുഷാർ : കുറുമ്പേ ഉള്ളൂ.
അമ്മ : മക്കളേ… എല്ലാവരും സുഖമായിരിക്കൂ. അമ്മ ഫോൺ വയ്ക്കുകയാണ്.
അമ്മ ഫോൺ വച്ചതും സവാദ് അശ്വിനെ നോക്കി.
സവാദ് : നമ്മൾ ഇപ്പോൾ കുറുമ്പനായി… മഴ നനഞ്ഞവന് ഒരു കുഴപ്പവുമില്ല!
തുഷാർ : അല്ല, അശ്വിനെ… അവൾ പറഞ്ഞെന്നു പറഞ്ഞ് നീ എന്തിനാണ് മഴ നനഞ്ഞത്?
അശ്വിൻ : അല്ല ചേട്ടാ… അവൾ നനഞ്ഞപ്പോൾ ഞാനും നനഞ്ഞു.
സവാദ് : കൊള്ളാലോ… എന്നിട്ട്?
അശ്വിൻ : എന്നിട്ടെന്ത്… അവൾ ഓട്ടോയിൽ കയറി വീട്ടിൽ പോയി.
സവാദ് : ഇതെന്ത് ലവ് സ്റ്റോറി!
അശ്വിൻ : തേങ്ങ! അവൾ എന്റെ സുഹൃത്താടോ!
പെട്ടെന്ന് അശ്വിന്റെ ഫോണിൽ ഒരു മെസേജ് വന്നു.
അശ്വിൻ : തുഷാറേട്ടാ… ഏജന്റിന്റെ റിപ്ലൈ വന്നു…
തുടരും…