റോയ് പഞ്ഞിക്കാരന്റെ എഴുത്തിന്റെ വഴികൾ
സപ്ന അനു ബി ജോർജ്
കോട്ടയംകാരൻ, കോളേജ് പഠനം ബസേലിയസ് കോളേജിൽ, ശേഷം പൂനെ യൂനിവേഴ്സിറ്റിയിൽ നിന്നുമാണ് നിയമ ബിരുദം, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിഗ്രി, മാഞ്ചെസ്റ്ററിൽ താമസം. റോയ് പഞ്ഞിക്കാരൻ എന്ന ഔദ്യോഗിക പേരിൽ നിന്ന് ‘പഞ്ഞി’ എന്നൊരു ഓമനപ്പേരിൽ എത്തിച്ചേർന്നു. പഞ്ഞിയുടെ കവിതകളോടെയാണ് സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് ദിവസത്തിനു തുടക്കം കുറിക്കുന്നത്. എല്ലാവരുടെ എഴുത്തുകൾക്കും, കഥകൾക്കും കവിതകൾക്കും നല്ല വാക്കുകളിലൂടെ അഭിപ്രായങ്ങൾ പറയാനും എഴുതാനും റോയി ഒരു ദിവസവും മറക്കാറില്ല. തന്റെ നാലു പുസ്തകങ്ങളിലും മനുഷ്യമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിതകളും, എഴുത്തുകളും നിലനിർത്തിപ്പോകുന്നു അഡ്വ.റോയി പഞ്ഞിക്കാരൻ.
അഡ്വ.റോയി പഞ്ഞിക്കാരൻ
അദ്ദേഹത്തോട് നേരിട്ട് എഴുത്തിന്റെ വഴികളെക്കുറിച്ചും പ്രചോദങ്ങളെയും പ്രേരണകളെക്കുറിച്ചും മനസ്സിലാക്കാനായി ചില പ്രസക്ത ചോദ്യങ്ങളിലേക്ക് നമുക്ക് പോകാം..........................
എന്തിനാണ് എങ്ങിനെയാണ് കുറുങ്കുകവിതകൾ ജനനം കൊണ്ടത് എന്ന ചോദ്യത്തിന് റോയി ഇങ്ങനെ ഒരു മറുപടിയിലേക്ക് നമ്മളെ എത്തിക്കുന്നു. ”എഴുതാൻ പല കാരണങ്ങളുണ്ട്, ചുരുക്കത്തിൽ ആശയം പറയാൻ – കുറച്ച് വാക്കുകളിൽ ആഴമുള്ള വികാരമോ ചിന്തയോ പ്രകടിപ്പിക്കാനാകും. വായനക്കാരിൽ ഉടൻ സ്വാധീനം ചെലുത്താൻ–ദൈർഘ്യമേറിയ കവിതകളെക്കാൾ കുറുംകവിതകൾ വേഗത്തിൽ വായിക്കാനും മനസ്സിലാക്കാനും കഴിയും. ഒരു നിമിഷാനുഭവം പകർത്താൻ – പ്രകൃതി, സ്നേഹം, സന്തോഷം, ദുഃഖം തുടങ്ങിയ ഒരു പ്രത്യേക അനുഭവമോ കാഴ്ചയോ തൽക്ഷണം രേഖപ്പെടുത്താൻ. ഭാഷയുടെ സൗന്ദര്യം പ്രകടിപ്പിക്കാൻ – കുറച്ച് വാക്കുകളിൽ ശക്തമായ ചിത്രങ്ങളും അർത്ഥങ്ങളും സൃഷ്ടിക്കാൻ കഴിയും. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമാകാൻ – ഇന്നത്തെ തിരക്കേറിയ കാലത്ത് ചെറുകവിതകൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തുന്നു.”
റോയിയുടെ ഈ വാക്കുകൾക്ക് ഉത്തമ ഉദാഹരണമാണ് ഗാന്ധി എന്ന ഈ കുറുങ്കുകവിത...............................
ഗാന്ധി
സത്യവും സ്നേഹവും
വിതയ്‌ക്കുന്ന
വഴിയിലിന്ന്
ഗാന്ധി തനിച്ച്!
വടിയും
വട്ടക്കണ്ണടയുമൊക്കെ
നമുക്കന്യം!
-പഞ്ഞി -
കവിതകൾ പലർക്കും ദീർഘനിശ്വാസങ്ങളാണ്. അതുപോലെ നെടുനീണ്ട കവിതകൾ റോയി എഴുതാറുണ്ടോ, എന്ന ചോദ്യത്തിനുത്തരം, ആരുടെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന വാക്കുകളായിരുന്നു. ”മഴ മേഘത്തോട് കാരണം പറയാതെ പെയ്യുന്നതുപോലെ, പൂവ് സുഗന്ധത്തോട് അനുവാദം ചോദിക്കാതെ വിരിയുന്നതുപോലെ, ഉള്ളിലെ നിശ്ശബ്ദത വാക്കുകളായി ഒഴുകുമ്പോൾ കവിതകൾ എന്നിലൂടെ ജനിക്കാറുണ്ട്.
ഗ്രൂപ്പുകളിലെ എല്ലാവർക്കും മറുപടി എഴുത്ത്, ബ്ലോഗ് എഴുത്തുകൾ ഇതെല്ലാം സ്വന്തം ഇഷ്ടങ്ങളാണോ എന്നുള്ളതിനുള്ള മറുപടി ഇങ്ങനെയായിരുന്നു, എഴുത്ത് എന്റെ നിശ്ശബ്ദതയുടെ ശബ്ദം, മറുപടി എന്റെ ചിന്തയുടെ പ്രതിധ്വനി, ബ്ലോഗ് എന്റെ അനുഭവങ്ങളുടെ വഴിക്കുറിപ്പ്. എന്റെ ഇഷ്ടങ്ങളിൽ നിന്നാണ് അവ”.
ധാരാളം വായിക്കുന്ന റോയിയോട് പുസ്തകങ്ങൾ ഏതൊക്കെ എങ്ങനെയൊക്കെ വായിക്കും എന്ന ചോദ്യത്തിനും ഉടനടി മറുപടി വന്നു. ”ഞാൻ വായനയുടെ ആസ്വാദകനാണ്; കാരണം പുസ്തകങ്ങൾ പറയുന്നത് കഥകൾ മാത്രമല്ല, അത് മനുഷ്യരെയും ജീവിതത്തെയും മനസ്സിലാക്കാനുള്ള വഴികളുമാണ്. ഇതോടെ റോയ് എഴുതിയ പുസ്തകങ്ങൾ “പക, പഞ്ഞിയുടെ കുഞ്ഞികൾ, ഓർമപ്പുഴയോരം, പഞ്ഞിയുടെ കുറുങ്കികവിതകൾ” എന്നിവയാണ്.
പഞ്ഞിയുടെ പുസ്തകത്തിലെ വരികൾ പുസ്തകമാകുന്നതിനു മുന്നെ എല്ലാ ദിവസവും ഞാനടങ്ങുന്ന 2 വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ സുഹൃത്ത് വലയം ദിവസത്തിന്റെ തുടക്കംകുറിക്കുന്നത് പഞ്ഞിക്കാരന്റെ കുറുങ്കുകവിതകളോടെയാണ്. പുസ്തകത്തിന്റെ പുറം ചട്ടയിൽ കവി ശ്രീ.ഹരി ഏറ്റുമാനൂര് എഴുതിയ വാക്കുകൾ കുറുങ്കുകവിതകളെ വ്യക്തവും ശക്തവുമായി നിർവ്വചിച്ചിരിക്കുന്നു.”പഞ്ഞിയുടെ കുറുങ്കുകവിതകൾ ഒറ്റനോട്ടത്തിൽ സൂക്ഷമമാണ്. എന്നാൽ അവയിൽ പലതും ഈ അപാരതയിലെ സ്ഥലത്തെ ഉൾക്കൊള്ളുന്നവയാണെന്ന കാര്യത്തിൽ സന്ദേഹമശേഷമില്ല. സമ്മിശ്രമായ വികാരങ്ങളുണർത്തുന്ന ഈ കുറുങ്കുകവിതകൾ നമ്മെ പൊട്ടിച്ചിരിപ്പിക്കയും പൊട്ടിക്കരയിക്കുകയും പൊട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. ഹരിയേറ്റുമാനൂർ“
മെയ് 30’ ന് മുട്ടംബലം മുൻസിപ്പൽ പബ്ലിക് ലൈബ്രറിയിൽ വെച്ച് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷണൻ, റോയ് പഞ്ഞിക്കാരന്റെ കുറുങ്കുകവിതകൾ പ്രകാശനം ചെയ്തു. കൂടെ കവി ശ്രീ.ഹരി ഏറ്റുമാനൂർ പുസ്തകം വിശിഷ്ടവ്യക്തികൾക്കും സദസിനുമായി പരിചയപ്പെടുത്തുകയും ചെയ്തു.