ശബരിമലയിൽ ഭക്തജനപ്രവാഹം; തുലാമാസ പൂജകൾക്ക് നടതുറന്നു

Oct 17, 2026 - 19:53
 0  2
ശബരിമലയിൽ ഭക്തജനപ്രവാഹം; തുലാമാസ പൂജകൾക്ക് നടതുറന്നു

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നട തുറന്ന ആദ്യ ദിവസം തന്നെ 30,000 തീർത്ഥാടകർ ഓൺലൈൻ ബുക്കിങ് വഴി ദർശനത്തിനെത്തി. പൂജ അവധി ദിനങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹമാണ് സന്നിധാനത്തേക്ക് ഉണ്ടാകുന്നത്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്കിങ് പൂർത്തിയാക്കിക്കഴിഞ്ഞു.

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് സന്നിധാനം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വരുന്ന തീർത്ഥാടന കാലയളവ് കഴിയുന്നതോടെ ഭക്തർക്കായി തിരുപ്പതി മോഡൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിപാട്, പ്രസാദം എന്നിവയുടെ വിതരണം ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. അപ്പം, അരവണ എന്നിവയ്ക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.