മമ്മൂട്ടിയും വെള്ളാപ്പള്ളിയും കെ ടി തോമസും പി നാരായണനും പത്മ അവാർഡുകൾ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി

Jun 23, 2026 - 20:13
 0  3
മമ്മൂട്ടിയും വെള്ളാപ്പള്ളിയും കെ ടി തോമസും പി നാരായണനും പത്മ അവാർഡുകൾ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മവിഭൂഷൺ ജേതാക്കളായ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസും ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരുന്ന പി നാരായണനും ബഹുമതി ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാഷ്ട്രപതി ബഹുമതി സമ്മാനിച്ചു.
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.