കെനിയയിലെ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എംബസി

കെനിയയിലെ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എംബസി

നെയ്റോബി:കെനിയന്‍ പാര്‍ലമെന്‍റ് നിലവിലുള്ള നികുതി വർധിപ്പിക്കാൻ നിർദ്ദേശിക്കുന്ന വിവാദ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നല്‍കി എംബസി.

വളരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ നികുതി വിരുദ്ധ പ്രതിഷേധ ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നത് ഒഴിവാക്കാനും കെനിയയിലെ ഇന്ത്യൻ എംബസി ബുധനാഴ്ച രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക കണക്കനുസരിച്ച്‌ നിലവില്‍ 20,000 ലധികം ഇന്ത്യക്കാര്‍ കെനിയയിലുണ്ട് . അവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം.

പുതിയ നികുതി നിർദേശങ്ങളില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന് പ്രതിഷേധക്കാർ ചൊവ്വാഴ്ച കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ പാർലമെൻ്റ് കെട്ടിട്ടത്തിലേക്ക് ഇരച്ചുകയറുകയും പാര്‍ലമെന്‍റ് കെട്ടിടത്തിൻ്റെ ഭാഗങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. പാര്‍ലമെന്‍ംഗങ്ങളും നിയമനിർമ്മാണ സമിതിയിലെ അംഗങ്ങളും പോലീസിന്‍റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും വന്‍ പ്രകടനങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്.

പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച അഞ്ച് പേർ വെടിയേറ്റ് മരിക്കുകയും 31 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് വെടിയുതിർത്ത പാര്‍ലമെന്‍റ് - സമുച്ചയത്തിന് പുറത്ത് മൂന്ന് മൃതദേഹങ്ങള്‍ മാധ്യമപ്രവർത്തകർ കണ്ടിരുന്നു. പിന്നീട് അഞ്ച് പേർ കൊല്ലപ്പെട്ടതായി മെഡിക്കല്‍ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. എന്നാല്‍ യഥാർത്ഥ കണക്കുകള്‍ ഇതിനേക്കാളേറെയാണെന്ന്
അവര്‍ സംശയിക്കുന്നു.