ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപതുവയസുകാരിക്ക് കൃത്രിമക്കൈ ; മുഴുവന്‍ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

Jan 2, 2026 - 11:38
Jan 2, 2026 - 11:41
 0  5
ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപതുവയസുകാരിക്ക് കൃത്രിമക്കൈ ; മുഴുവന്‍ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റിയ ഒന്‍പതുവയസുകാരിക്ക് ആശ്വാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ കഴിയുന്ന വിനോദിനി എന്ന കുട്ടിയുടെ വിഷമം ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് പ്രതിപക്ഷ നേതാവ് വേഗത്തില്‍ ഇടപെട്ടത്.

കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പറഞ്ഞതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 കൃത്രിമ കൈ ഘടിപ്പിക്കാനുള്ള നടപടികള്‍ ഇന്നുതന്നെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. 

വിനോദിനിയുടെ അമ്മയുമായി വിഡി സതീശന്‍ സംസാരിച്ചു. ഏഴ് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സ എങ്ങനെ വേണം എന്ന് അറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു കുടുംബം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും നിസഹായരായി ഇരിക്കുന്ന സമയത്താണ് പ്രതിപക്ഷ നേതാവിന്റെ വിളിയെത്തിയത്.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനിയുടെ കൈ ഒടിഞ്ഞത്. ഉടന്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. ഇവിടെ എത്തിച്ച് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പിഴവ് കാരണമാണ് ഒന്‍പതുകാരിയുടെ കൈ നഷ്ടമായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ മാത്രം അനുവദിച്ച് സര്‍ക്കാര്‍ തടിയൂരുകയാണ് ചെയ്തത്.