മലങ്കര കത്തോലിക്കാ സഭയുടെ ശബ്ദമായി 'ടീ വിത്ത് തോമസ്' പോഡ്കാസ്റ്റ്! ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു

Aug 3, 2026 - 18:15
 0  4
മലങ്കര കത്തോലിക്കാ സഭയുടെ ശബ്ദമായി 'ടീ വിത്ത് തോമസ്' പോഡ്കാസ്റ്റ്! ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു


ഡോ. ജോർജ് എം. കാക്കനാട്


ഓസ്റ്റിൻ (ടെക്സസ്): സീറോ മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യവും പ്രേഷിത ചൈതന്യവും ആഗോളതലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ടീ വിത്ത് തോമസ്' എന്ന പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു.



2024 ഓഗസ്റ്റിൽ ടെക്സസിലെ ഓസ്റ്റിനിൽ വച്ച് നടന്ന മലങ്കര കത്തോലിക്കാ യൂത്ത് മൂവ്‌മെന്റ് (MCYM) നോർത്ത് അമേരിക്കൻ യൂത്ത് കോണ്‍ഫറൻസിൽ വച്ചാണ് ഈ പോഡ്കാസ്റ്റിന് തുടക്കമായത്. സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി പോഡ്കാസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അന്ത്യോക്യൻ പാരമ്പര്യത്തിൽ അധിഷ്ഠിതമായ മലങ്കര കത്തോലിക്കാ സഭയുടെ തനിമയാർന്ന ആരാധനാക്രമം, ദൈവശാസ്ത്ര പാരമ്പര്യം, ആത്മീയത എന്നിവയെ ലളിതവും ആകർഷകവുമായ രീതിയിൽ വിശ്വാസികളിലേക്ക് എത്തിക്കുക എന്നതാണ് ഈ മിനിസ്ട്രിയുടെ പ്രധാന ലക്ഷ്യം. അർത്ഥവത്തായ സംഭാഷണങ്ങളും സൗഹൃദ കൂട്ടായ്മകളും ജീവിതസാക്ഷ്യങ്ങളും കോർത്തിണക്കിയാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്.



ആരംഭം മുതൽ സഭയിലെ പ്രമുഖ മേലധ്യക്ഷന്മാരുടെയും വ്യക്തിത്വങ്ങളുടെയും സാന്നിധ്യം കൊണ്ട് ഈ പോഡ്കാസ്റ്റ് ശ്രദ്ധേയമായിട്ടുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ തലവനും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അഭിവന്ദ്യ മാത്യൂസ് മാർ പച്ചോമിയോസ്, അഭിവന്ദ്യ കുര്യാക്കോസ് മോർ ഓസ്താത്തിയോസ്, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് എന്നിവർ ഇതിനോടകം പോഡ്കാസ്റ്റിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ സഭയിലെ വൈദികർ, സന്ന്യസ്തർ, അല്മായർ എന്നിവരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും സംപ്രേക്ഷണം ചെയ്തുവരുന്നു.



അമേരിക്കയിലെയും കാനഡയിലെയും സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ സംരംഭം. കെയ്സൺ നെടുവക്കാട്ട്, ആരോൺ ജോർജ്ജ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഈ പോഡ്കാസ്റ്റിന്റെ പ്രൊഡ്യൂസർ ജെറിക് അബ്രഹാമാണ്.

തെരേസ സൈമൺ, ബ്ലെസ് ബി. കുര്യൻ എന്നിവർ മീഡിയ ഡയറക്ടർമാരായി പ്രവർത്തിക്കുന്നു.

 ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദർശനങ്ങൾ ഉൾക്കൊണ്ട്, മലങ്കര കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹാരിത ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവജനസംഘം പ്രവർത്തിക്കുന്നത്.