'അമേരിക്ക പാർട്ടി' രൂപീകരിച്ച് എലോൺ മസ്ക്

ശതകോടീശ്വരനായ സംരംഭകനും ടെക് മുതലാളിയുമായ എലോൺ മസ്‌ക് ശനിയാഴ്ച തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ 'അമേരിക്ക പാർട്ടി' എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചു.
റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും നയിക്കുന്ന ദ്വികക്ഷി സംവിധാനത്തെ വെല്ലുവിളിക്കുന്നതിനാണ് താൻ അമേരിക്ക പാർട്ടി സ്ഥാപിച്ചതെന്ന് മസ്‌ക് തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു. “2-1 എന്ന അനുപാതത്തിൽ, നിങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി വേണം, നിങ്ങൾക്ക് അത് ലഭിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് നമ്മൾ ജീവിക്കുന്നത്. ജനാധിപത്യത്തിലല്ല,” എക്സിലെ പോസ്റ്റിൽ പറയുന്നു.
നേരത്തെ, എക്‌സിലെ ഒരു പോസ്റ്റിന് പോസിറ്റീവായി മറുപടി നൽകിയതിന് ശേഷം, യുഎസിൽ ഒരു മൂന്നാം രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് മസ്‌ക് സൂചന നൽകിയിരുന്നു
ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവച്ച് DOGE-ൽ നിന്ന് പുറത്തുപോയതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം വരുന്നത്,
കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കി ജൂലൈ 4 ന് നിയമത്തിൽ ഒപ്പുവച്ച "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ" എന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ പുതിയ നിയമനിർമ്മാണമാണ് മസ്‌കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സംഘർഷങ്ങൾ സമീപ ആഴ്ചകളിൽ രൂക്ഷമായത്.