മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ തിരിച്ചുകൊടുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ; പകരം 150 വണ്ടികളിറക്കും

Dec 31, 2025 - 15:33
 0  1
മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ തിരിച്ചുകൊടുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ; പകരം 150 വണ്ടികളിറക്കും

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിന്റെ നിലപാടിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ.

വിഷയത്തിൽ കോർപ്പറേഷൻ കത്തു നൽകിയിട്ടില്ലെന്നും വാഹനങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന്റെ വാഹനങ്ങൾ തിരികെ നൽകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ബസുകൾ കോർപ്പറേഷൻ വാങ്ങിയതെന്ന് പറയാനാകില്ലെന്നും സംസ്ഥാനത്തിന്റെ ഷെയർ 500 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്‍റേതാണ്. 

തിരുവനന്തപുരം കോർപ്പറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ പണവും സംസ്ഥാന സർക്കാറിന്റെ ഷെയറും സംസ്ഥാന ഖജനാവിൽ നിന്നു പോകുന്നതാണെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേഷന്റെ ഇലക്ട്രീക് ബസുകൾ തിരുവനന്തപുരത്തിനു പുറത്തേക്ക് ഓടുന്നില്ല. ഇലക്ട്രീക് ബസുകൾക്ക് താരതമ്യേന മെയിന്റനൻസ് കൂടുതലാണ്. നെടുമങ്ങാടുള്ളവരെയും പോത്തൻകോടുള്ളവരെയും ആറ്റിങ്ങലുള്ളവരെയും നെയ്യാറ്റിൻകരയിൽ താമസിക്കുന്നവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നോ വണ്ടിയിൽ കയറ്റില്ലെന്നോ പറയാൻ കേരള സർക്കാരിന് കഴിയില്ലെന്നും അത് പറയില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.