' തെരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെടാൻ ശ്രമിക്കും'; പ്രകോപനവുമായി വീണ്ടും കാനഡ

ഒട്ടാവ: ഇന്ത്യയും ചൈനയും കാനഡയുടെ പൊതുതെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കാനഡയുടെ സ്പൈ സർവീസ്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഓപ്പറേഷൻസ് ഡയറക്റ്റർ വനേസ ലോയ്ഡ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാൻ സാധ്യതയുണ്ട്. ഇത്തരം ടൂളുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിച്ചേക്കും. കനേഡിയൻ കമ്യൂണിറ്റിയെയും തെരഞ്ഞെടുപ്പു പ്രക്രിയയെയും സ്വാധീനീക്കാനുള്ള കഴിവ് ഇന്ത്യൻ സർക്കാരിനുമുണ്ടെന്നും അവർ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള കാനഡയുടെ ബന്ധത്തെ കൂടുതൽ വഷളാക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഏപ്രിൽ 28നാണ് ക്യാനഡയിൽ അടുത്ത തെരഞ്ഞെടുപ്പ്.
ഇന്ത്യയുമായി അകൽച്ചയിലായിരുന്ന ജസ്റ്റിൻ ട്രൂഡോ അധികാരമൊഴിയുകയും പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേൽക്കുകയും ചെയ്യുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷകളാണ് ഇതോടെ പൊലിയുന്നത്. കാനഡ ഇതിനു മുൻപും ഇത്തരത്തിൽ തെരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടുവെന്ന വിധത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ ഇതിനെ ശക്തമായി തള്ളിപ്പറഞ്ഞിരുന്നു.ഖലിസ്ഥാൻ വാദികൾക്ക് കാനഡ ഇടം നൽകുന്നതിനെ ഇന്ത്യ എക്കാലത്തും എതിർത്തിരുന്നു.