മൂവാറ്റുപുഴ ജില്ല പരിഗണനയിൽ; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

Aug 23, 2026 - 09:40
 0  8
മൂവാറ്റുപുഴ ജില്ല പരിഗണനയിൽ; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

എറണാകുളം; മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇക്കാര്യം കൂടി ഗൗരവപൂര്‍വം പരിഗണിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രതികരണം. പരിപാടിയിൽ മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ എം എൽ എ ഉയർത്തിയിരുന്നു. ഇതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം സംസ്ഥാനത്ത്  ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ  പ്രതികരണം വന്നിരിക്കുന്നത്.

'മൂവാറ്റുപുഴയുടെ എം എൽ എ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടങ്ങളെ കുറിച്ച് പറഞ്ഞു, ഒരുപാട് നാളുകൾ പാർശ്വവൽക്കരിക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞു, പ്രതികാര ബുദ്ധിയോടുകൂടി ഇവിടുത്തെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി നിർത്തിയതിനെ കുറിച്ച് ഒക്കെ പറഞ്ഞു, ഒറ്റ വാചകം മാത്രമേ ഞാൻ പറയുന്നുള്ളൂ എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. പിന്നെ നമുക്കൊരു നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നതിന്റെ പലിശ സഹിതം കിട്ടണമെന്നാണ് .അതിന്റെ പലിശ സഹിതം മൂവാറ്റുപുഴക്ക് തരും .

എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ് , മൂവാറ്റുപുഴ ജില്ല എന്ന് പറയുമ്പോൾ എനിക്കൊരു ചെറിയ വിഷമം വന്നു. കാരണം എന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ടു പോവു എന്നുള്ളത് .എന്നാലും ആ കാര്യം കൂടി ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഒരു ഡിലിമിറ്റേഷൻ കമ്മീഷൻ ഡി ഈ ഗവൺമെന്റ് കൊണ്ടുവരും. ആ കാര്യത്തിൽ ഇതുകൂടി ഉറപ്പായിട്ട് പരിഗണിക്കും', വി ഡി സതീശൻ വ്യക്തമാക്കി.

മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞത് ഇങ്ങനെ- 'ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം അങ്ങ് നൽകിയിട്ടേ പോകാവുള്ളൂ. കാരണം ഏറെ കാലമായി ഞങ്ങൾ വറുതിയിലും പട്ടിണിയിലുമാണ്. മൂവാറ്റുപുഴക്ക് കഴിഞ്ഞ് ഒരുപാട് കാലമായിട്ട് വിഷുവിനോ ഓണത്തിനോ ക്രിസ്മസിനോ ന്യൂ ഇയറിനോ ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അങ്ങ് പ്രത്യേകമായ ഒരു കരുതലും പരിഗണനയും മൂവാറ്റുപുഴക്ക് വേണ്ടി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവരും അങ്ങയിൽ നിന്ന് ആഗ്രഹിക്കുന്ന ഓണസമ്മാനം എന്ന് പറയുന്നത് അങ്ങയുടെ നേതൃത്വത്തിൽ ഈ സംസ്ഥാനത്ത് ഒരു പുതിയ ജില്ല രൂപീകരണം ആകുമെങ്കിൽ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം എന്നാണ്', എം എൽ എ പറഞ്ഞു.