ഗാന്ധിജിയുടെ 688 കൈയെഴുത്ത് കുറിപ്പുകൾ വിറ്റുപോയത് 16.2 കോടി രൂപയ്ക്ക്
മഹാത്മാഗാന്ധിയുടെ ചിന്തകളും വാക്കുകളും കാലത്തെ അതിജീവിച്ച് മനുഷ്യരാശിയെ വെളിച്ചത്തിലേക്ക് നയിക്കുന്ന കാലാതീതമായ ദർശനങ്ങളാണ്. മുംബൈ ആസ്ഥാനമായ പ്രശസ്ത ലേല സ്ഥാപനമായ സാഫ്‌റോൺ ആർട്ട് സംഘടിപ്പിച്ച ഒരു ചരിത്രപ്രധാനമായ ലേലത്തിൽ ഗാന്ധിജി തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ അതീവ വ്യക്തിപരമായ 688 കൈയ്യെഴുത്ത് കുറിപ്പുകൾ 16.2 കോടി രൂപയ്ക്ക വിറ്റുപോയി. ഒരു ഇന്ത്യൻ ചരിത്ര രേഖയ്ക്ക് അല്ലെങ്കിൽ പുരാവസ്തുവിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച ഈ വിൽപ്പന ഗാന്ധിജിയുടെ ചിന്തകൾക്ക് ഇന്നും ആഗോളതലത്തിലുള്ള വലിയ മൂല്യത്തെയാണ് വ്യക്തമാക്കുന്നത്.
ഈ രേഖകൾ കേവലം ചരിത്രത്തിന്റെ ഏടുകൾ മാത്രമല്ല മറിച്ച് ഒരു വ്യക്തിയുടെ ഉള്ളിലെ ആത്മീയ അന്വേഷണങ്ങളുടെയും സഹജീവികളോടുള്ള അപാരമായ കാരുണ്യത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ്.
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനുമായിരുന്ന ആനന്ദ് ടി. ഹിംഗോറാനിക്ക് 1940-കളിൽ അയച്ച കത്തുകളും കുറിപ്പുകളുമാണ് ഈ അപൂർവ്വ ശേഖരത്തിലെ പ്രധാന ആകർഷണം. ഹിംഗോറാനിയുടെ ഭാര്യ വിദ്യയുടെ വേർപാടിന് ശേഷമുള്ള തീവ്രമായ ദുഃഖത്തിന്റെ നാളുകളിൽ അദ്ദേഹത്തിന് ആശ്വാസവും ആത്മീയബലവും പകരുന്നതിനായാണ് ഗാന്ധിജി ഈ പ്രതിഫലനങ്ങൾ ദിവസേന കുറിച്ചിരുന്നത്. പിന്നീട് ഹിംഗോറാനി കുടുംബം ഈ അപൂർവ്വ കുറിപ്പുകൾ സമാഹരിച്ച് ‘Thought for the day’ (ഇന്നത്തെ ചിന്ത) എന്ന പേരിൽ ഒരു പ്രസിദ്ധ ഗ്രന്ഥമാക്കി മാറ്റുകയുണ്ടായി.
സാധാരണക്കാരായ ജന ലക്ഷങ്ങൾക്ക് ആവേശം പകർന്ന് തെരുവുകളിൽ വിപ്ലവം സൃഷ്ടിച്ച ഒരു ലോകനേതാവ് തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരുടെ വ്യക്തിപരമായ സങ്കടങ്ങളിൽ എങ്ങനെ പങ്കാളിയാവുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് ഈ കത്തുകൾ വ്യക്തമാക്കുന്നു. രാഷ്ട്രീയ തത്വചിന്തകനായ ഗാന്ധിജിയിൽ നിന്നും മനുഷ്യസ്നേഹിയായ ഗാന്ധിജിയിലേക്കുള്ള ദൂരം ഈ താളുകളിൽ വളരെ വ്യക്തമാണ്.