റൈറ്റ് .റവ. ഡോ.പ്രിൻസ്റ്റൺ ബെൻ സി.എസ്. ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ്പായി സ്ഥാനമേറ്റു 

Mar 25, 2026 - 19:36
 0  6
റൈറ്റ് .റവ. ഡോ.പ്രിൻസ്റ്റൺ ബെൻ സി.എസ്. ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ്പായി സ്ഥാനമേറ്റു 

    ഡോ. ജേക്കബ് സാംസൺ

 സി. എസ്. ഐ. ദക്ഷിണ കേരള മഹായിടവകയുടെ  ബിഷപ്പായി റവ.ഡോ.പ്രിൻസ്റ്റൺ ബെൻ സ്ഥാനാരോഹണം ചെയ്തു . 24.3.2026 ന് ഞായറാഴ്ച്ച രാവിലെയുള്ള ആരാധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് സി. എസ് ഐ. എം. എം.കത്തീഡ്രൽ ചർച്ചിൽ ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങ്നടന്നു.സി എസ്.ഐ. മോഡറേറ്റർ മോസ്റ്റ്.റവ.രൂബൻ മാർക്ക് തിരുമേനി ബിഷപ്പിൻ്റെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സിനഡ് ഭാരവാഹികളും മറ്റു മഹായിടവക കളിലെ ബിഷപ്പുമാരും മറ്റ് സഭാവിഭാഗങ്ങളുടെ മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും, പൗരപ്രമുഖന്മാരും ഉൾപെടെ മൂവായിരത്തിൽപ്പരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ  ചെന്നൈയിൽ നിന്നെത്തിയ നിയുക്തബിഷപ്പിന് മഹായിടവക സെക്രട്ടറി ശ്രീ.റ്റിറ്റി പ്രവീണിൻ്റെ നേത്യത്വത്തിൽ  വിമാനത്താവളത്തിൽ വരവേല്പ് നല്കി ഘോഷയാത്രയായാണ്  എൽ എം എസ്സിലെ മഹായിടവക ആസ്ഥാനത്ത് സ്വീകരിച്ചത്.

 21.3.2026 ചെന്നൈയിൽ മോഡറേറ്റർ മോസ്റ്റ്. റവ.ഡോ. കെ. റൂബൻ മാർക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സി.എസ് .ഐ. സിനഡാണ് ദക്ഷിണകേരള    മഹായിടവകയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അച്ചന്മാരുടെ നാലുപേരുൾപ്പെട്ട പാനലിൽ നിന്ന്ബിഷപ്പിനെ തെരഞ്ഞെടുത്തത്.   ജനസമ്മതിയും അറിവും അനുഭവ ജ്ഞാനവും, വിവിധ മേഖലയിലെ പ്രവർത്തന പരിചയവും എളിയവരോടുള്ള സമീപനത്തിലെ ആർദ്രതയും ദൈവവഴികളിലൂടെ യുള്ള തളരാത്തയാത്രയും റവ.ഡോ. പ്രിൻസ്റ്റൺ ബെൻ അച്ചനെ  ഏറ്റവും മുന്നിൽ എത്തിച്ചു. നിലവിൽ മഹായിടവകയുടെ വൈസ് ചെയർമാനായിരുന്നു  അദ്ദേഹം.    

ദക്ഷിണ കേരള മഹായിട വകയുടെ ഏഴാമത് ബിഷപ്പായാണ് റവ. ഡോ.പ്രിൻസ്റ്റൺ ബെൻ തെരഞ്ഞെടുക്കപ്പെട്ടത്.   ബ്രിട്ടീഷ്കാരനായ ബിഷപ്പ് ലെഗ്ഗ് തിരുമേനിക്ക് ശേഷം, റൈറ്റ് റവ.ഡോ. വില്ല്യം വാചാലൻ, മോസ്റ്റ്. റവ.ഡോ. ഐ. യേശുദാസൻ, റൈറ്റ്. റവ. സാമുവൽ അമൃതം, മോസ്റ്റ് റവ. ഡോ. J W ഗ്ളാഡ്സ്റ്റൺ , മോസ്റ്റ്. റവ. ഡോ. എ. ധർമ്മരാജ് റസാലം തുടങ്ങിയവരായിരുന്നു മുൻ ബിഷപ്പുമാർ.  

 ദൈവകൃപയുടെ ആഴങ്ങൾ കണ്ടെത്തിയ ഇടയജീവിതം

1964 മെയ് 30 ന് തിരുവനന്തപുരം കോട്ടുകാലിൽ ജെ. ബെന്നിന്റെയും ഗ്ലോറി ബെന്നിന്റെയും ഏഴാമത്തെ മകനായി റൈറ്റ് റവ പ്രസ്റ്റിൻ ബെൻ ജനിച്ചു. പൗരോഹിത്യ ശുശ്രൂഷ ഏറ്റവും മഹത്തരമായി കരുതുന്ന ഒരു കുടുംബമായിരുന്നു അത്. ഏറെ ആദരണീയനായ റവ. ബെൻ ഗ്ലാഡ്സ്റ്റൺ അദ്ദേഹത്തിൻ്റെ ജ്യേഷ്ഠ സഹോദരനാണ്. ആത്മീയമായി ഊർജ്ജസ്വലമായ ഒരു അന്തരീക്ഷത്തിൽ വളർന്ന റവ. പ്രിൻസ്റ്റൺ ബെൻ ചെറുപ്പം മുതലേ വിശ്വാസത്തിലും സേവനത്തിലും വളർന്നുവന്നു.തിരുവനന്തപുരം കട്ടച്ചെൽക്കുഴിയിലെ എസ്.എൻ. അപ്പർ പ്രൈമറി സ്കൂളിലും തുടർന്ന് വെങ്ങാനൂരിലെ ബോയ്സ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിന്കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ചേർന്നു.   പ്രീ-ഡിഗ്രി പഠനംഅവിടെ നിന്ന് പൂർത്തിയാക്കി.തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന് ബി എ ബിരുദം നേടി.    1985-ൽ പ്രൊബേഷണറായി മഹായിടവകയിൽ നിയമിക്കപ്പെട്ടു. 1989-ൽ തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ (കെ.യു.ടി.എസ്) നിന്ന് ബാച്ചിലർ ഓഫ് ഡിവിനിറ്റി (ബി.ഡി.) ബിരുദം നേടി. പാലപ്പൂരിലെ സി.എസ്.ഐ പള്ളിയിൽ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. 1990-ൽ റവ. ഡോ. സാമുവൽ അമൃതത്തിൽ നിന്ന് പ്രസ്ബിറ്ററായി നിയമിതനായി. 1996 മുതൽ 1999 വരെ, ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഭിൽ ഗോത്ര സമൂഹങ്ങൾക്കിടയിൽ അദ്ദേഹം ഒരു മിഷനറിയായി സേവനമനുഷ്ഠിച്ചു. പീഡനങ്ങളും പ്രതിരോധങ്ങളും നേരിട്ടെങ്കിലും, അദ്ദേഹത്തിന്റെ ശുശ്രൂഷ പത്തിലധികം ഗ്രാമങ്ങളിൽ ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു, പഞ്ചകേലയിൽ ഒരു അനാഥാലയം സ്ഥാപിക്കുന്നതിനും കാരണമായി. ഈ സുപ്രധാന മിഷനറി അനുഭവത്തെത്തുടർന്ന്, അദ്ദേഹം ഉന്നത ദൈവശാസ്ത്ര പഠനത്തിനായി ബാംഗ്ലൂരിലെ യുടിസിയിൽ (1999-2001 ചേരുകയും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് തിയോളജി (എം----.ടി.എച്ച്) പൂർത്തിയാക്കുകയും ചെയ്തു.

 2001-ൽ, സി.എസ്.ഐ തൊഴുക്കലിൽ പ്രസ്ബിറ്ററായി നിയമിതനായ അദ്ദേഹം നെയ്യാറ്റിൻകര ഡിസ്ട്രിക്ട് ചെയർമാനായും ദക്ഷിണ കേരള മഹായിടവക മിഷൻ ബോർഡിന്റെ കോർഡിനേറ്ററായും (2001-2006) സേവനമനുഷ്ഠിച്ചു. 2006-ൽ അദ്ദേഹം ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് മാറി. ഷിക്കാഗോയിലെ മക്കോർമിക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിക്കൽ സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്സ് (MATS) പൂർത്തിയാക്കി, തുടർന്ന് ഷിക്കാഗോയിലെ ലൂഥറൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് Th.M. ഉം Ph.D. ഉം നേടി. "ദി കൌണ്ടർ കൾച്ചറൽ മിഷൻ ആൻഡ് ദി അപ്പർ ക്ലോത്ത് റിവോൾട്ട്: എ വുമണിസ്റ്റ് തിയോളജിക്കൽ ഇന്റർപ്രെട്ടേഷൻ" എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ ഡോക്ടറൽ ഗവേഷണം വേൾഡ് ക്രിസ്ത്യാനിറ്റി, ഗ്ലോബൽ മിഷൻ എന്നീ മേഖലകളിൽ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. വില്യംസ് ജെ. ആൻഡ് എലിസബത്ത് എം. ഡാങ്കർ ഫെലോഷിപ്പ് (2010) അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ഗവേഷണം പിന്നീട് 2025-ൽ "എ വുമണിസ്റ്റ് റീഡിംഗ് ഓഫ് ഹെർ റിവോൾട്ട്" എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സിലായിരുന്ന സമയത്ത്, ഫ്ലോറിഡയിലെയും ചിക്കാഗോയിലെയും മലയാള സഭകളിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചു, പ്രവാസി ശുശ്രൂഷയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടി.  2012-ൽ ഇന്ത്യയിലേക്ക് മടങ്ങിയ റവ. ഡോ. പ്രിൻസ്റ്റൺ ബെൻ ദക്ഷിണ കേരള മഹായിടവക മിഷൻ ബോർഡിന്റെ ഡയറക്ടറായി (2012-2018) നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 24 സംസ്ഥാനങ്ങളിലായി 650-ലധികം മിഷനറിമാരുമായി മിഷൻ പ്രവർത്തനം വ്യാപിപ്പിച്ചു, നാഗ്പൂരിൽ പള്ളികൾ, സ്കൂളുകൾ, ഒരു മിഷനറി പരിശീലന സ്ഥാപനം എന്നിവ സ്ഥാപിച്ചു. കോട്ടയത്തെ കെ.യു.ടി സെമിനാരിയിലും എഫ്.എഫ്.ആർ.ആർ.സിയിലും പാർട്ട് ടൈം ഫാക്കൽറ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.  2018-ൽ അദ്ദേഹം പൂനെയിലെ യൂണിയൻ ബൈബിൾ സെമിനാരിയിൽ (യുബിഎസ്) ഫാക്കൽറ്റി അംഗമായി ചേർന്നു, പിന്നീട് മിസിയോളജി വിഭാഗം മേധാവിയായും ഡോക്ടറൽ സ്റ്റഡീസിന്റെ ഡീനായും സേവനമനുഷ്ഠിച്ചു. 

റവ. ഡോ. പ്രിൻസ്റ്റൺ ബെൻ ആദരണീയനായ ഒരു അക്കാദമിക്, എഴുത്തുകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിൽ "ഗോഡ് ഇൻ ടൈംസ് ഓഫ് പാൻഡെമിക്" (2022), "എ വുമണിസ്റ്റ് റീഡിംഗ് ഓഫ് ഹെർ റിവോൾട്ട്" (2025) എന്നിവ ഉൾപ്പെടുന്നു.  

സി എസ് ഐ. ദക്ഷിണ കേരള മഹായിടവക ട്രഷററായും മഹായിടവക വൈസ് ചെയർമാൻ എന്ന നിലയിലും  മഹായിടവക യുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ മിഷനറി പ്രവർത്തനങ്ങൾക്ക് വലീയ പ്രാധാന്യം നല്കി.  അഭിവന്ദ്യ ബിഷപ്പ് തിരുമേനിയുടെ ഭാര്യ ബീന പ്രിൻസ്റ്റൺ, അധ്യാപികയും  സഭയുടെ സജീവ പ്രവർത്തകയുമാണ്. അവർക്ക് രണ്ട് മക്കളുണ്ട്, റെജോ പ്രിൻസ്റ്റണും. റീബ ബെനും, ഇരുവരുംഎഞ്ചിനീയർമാരുംവിവാഹിതരുമാണ്.   സർവസമ്മതനായ ബിഷപ്പ് റൈറ്റ്.റവ. ഡോ.പ്രിൻസ്റ്റൻ ബെന്നിൻ്റെ സ്ഥാനാ രോഹണച്ചടങ്ങിൽ പങ്കെടുക്കാൻ  ഗ്രാമങ്ങളിൽ നിന്ന് 3000 ത്തോളം   പേർ എത്തിച്ചേർന്നിരുന്നു.